
ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. 99 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റിനു 270 റണ്‍സെന്ന ശക്തമായ നിലയിലാണ്. വെളിച്ചക്കുറവിനെ തുടര്‍ന്ന് മൂന്നാം ദിനത്തിലെ കളി നേരത്തേ അവസാനിപ്പിക്കുകയായിരുന്നു. ഏഴു വിക്കറ്റുകളും രണ്ടു ദിവസവും ബാക്കിനില്‍ക്കെ ഇന്ത്യക്കു ഇപ്പോള്‍ 171 റണ്‍സിന്റെ മികച്ച ലീഡുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലിയും (22) രവീന്ദ്ര ജഡേജയുമാണ് (9) ക്രീസിലുള്ളത്.
ഓപ്പണര്‍ രോഹിത് ശര്‍മയുടെ വിദേശ മണ്ണിലെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തു പകര്‍ന്നത്. അദ്ദേഹം 127 റണ്‍സ് നേടി. 256 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സ്പിന്നര്‍ മോയിന്‍ അലിക്കെതിരേ ലോങ്ഓണിലൂടെ സിക്‌സര്‍ പായിച്ചാണ് വിദേശത്ത് ടെസ്റ്റിലെ ആദ്യ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് രോഹിത് അവസാനിപ്പിച്ചത്.

കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് അദ്ദേഹം കുറിച്ചത്. നേരത്തേ രോഹിത്തിന്റെ ഏഴു സെഞ്ച്വറികളും നാട്ടിലായിരുന്നു. ഇതോടെ ചില നാഴികക്കല്ലുകളും രോഹിത് പിന്നിട്ടിരുന്നു. ഇംഗ്ലണ്ടില്‍ മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറിയടിച്ച ആദ്യ വിദേശ ഓപ്പണറായി രോഹിത് മാറിയിരിക്കുകയാണ്. ഏകദിനം, ടി20 എന്നിവയില്‍ അദ്ദേഹം നേരത്തേ ഇവിടെ മൂന്നക്കം തികച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ ക്രിക്കറ്ററെന്ന മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ നേട്ടത്തിനൊപ്പവും ഹിറ്റ്മാന്‍ എത്തി.
രോഹിത്തിനെക്കൂടാതെ ചേതേശ്വര്‍ പുജാരയാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ മിന്നുന്ന പ്രകടനം നടത്തിയ മറ്റൊരാള്‍. 127 ബോളില്‍ ഒമ്പതു ബൗണ്ടറികളടക്കം അദ്ദേഹം 61 റണ്‍സെടുത്തു മടങ്ങി. കെഎല്‍ രാഹുലാണ് (46) പുറത്തായ മറ്റൊരു താരം. വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ഇന്നു ബാറ്റിങ് പുനരാരംഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത്- രാഹുല്‍ സഖ്യം 83 റണ്‍സെടുതത്തിരുന്നു. എന്നാല്‍ കളിയില്‍ വഴിത്തിരിവായത് രോഹിത്- പുജാര സഖ്യമായിരുന്നു. 153 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഓലി റോബിന്‍സണിന്റെ ഒരേ ഓവറില്‍ രോഹിത്തും പുജാരയും പുറത്തായെങ്കിലും കോലി- ജഡേജ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു.

ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലേക്കു വരികയാണെങ്കില്‍ മൂന്നു വിക്കറ്റിനു 53 റണ്‍സെന്ന നിലയിലായിരുന്നു രണ്ടാംദിനം അവര്‍ ബാറ്റിങ് പുനരാരംഭിച്ചത്. 290 റണ്‍സ് അവര്‍ നേടുകയും ചെയ്തു. മുന്‍നിരയെ തകര്‍ക്കാന്‍ ഇന്ത്യക്കായെങ്കിലും ലോവര്‍ ഓര്‍ഡര്‍ ഇംഗ്ലണ്ടിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. പരമ്പരയിലെ ആദ്യ മല്‍സരം കൡച്ച ഓലി പോപ്പാണ് ഇന്ത്യയെ ഏറ്റവുമധികം വലച്ചത്. 81 റണ്‍സോടെ താരം ആതിഥേയരുടെ ടോപ്‌സ്‌കോററായി മാറി. 159 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ബൗളിങില്‍ നാലു വിക്കറ്റുകളോടെ ഇന്ത്യയെ എറിഞ്ഞൊതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ക്രിസ് വോക്‌സ് ബാറ്റിങിലും ഇന്ത്യയെ അസ്വസ്ഥരാക്കി. 50 റണ്‍സാണ് വോക്‌സ് നേടിയത്. 60 ബോളുകള്‍ നേരിട്ട അദ്ദേഹം 11 ബൗണ്ടറികളും പായിച്ചു.
ജോണി ബെയര്‍സ്‌റ്റോ (37), മോയിന്‍ അലി (35), ഡേവിഡ് മലാന്‍ (31), ക്യാപ്റ്റന്‍ ജോ റൂട്ട് (21) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (5), ഹസീബ് ഹമീദ് (0), നൈറ്റ് വാച്ച്മാന്‍ ക്രെയ്ഗ് ഒവേര്‍ട്ടന്‍ (1), ഓലി റോബിന്‍സണ്‍ (5), ജെയിംസ് ആന്‍ഡേഴ്‌സന്‍ (1*) എന്നിവര്‍ ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കിയില്ല. ഇംഗ്ലീഷ് പര്യടനത്തില്‍ ആദ്യമായി പ്ലെയിങ് ഇലവനിലേക്കു വന്ന പേസര്‍ ഉമേഷ് യാദവായിരുന്നു ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ശര്‍ദ്ദുല്‍ ടാക്കൂറിനും മുഹമ്മദ് സിറാജിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിനു 62 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു. ഇന്ത്യ ലീഡ് നേടിയേക്കുമെന്ന് ഇതോടെ എല്ലാവരും ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുന്ന കൂട്ടുകെട്ടാണ് കണ്ടത്. പോപ്പും ബെയര്‍സ്റ്റോയും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ സമര്‍ഥമായി നേരിട്ടു. ക്യാപ്റ്റന്‍ വിരാട് കോലി ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഈ സഖ്യത്തെ വേര്‍പിരിക്കാനായില്ല. അഗ്രസീവായ ബാറ്റിങ് ശൈലിയായിരുന്നു രണ്ടു പേരും സ്വീകരിച്ചത്. അതിനാല്‍ തന്നെ മിക്ക ഓവറുകളിലും അവര്‍ ബൗണ്ടറിയും കണ്ടെത്തി. 89 റണ്‍സ് പോപ്പും ബെയര്‍സ്റ്റോയും ചേര്‍ന്നു നേടിയതോടെ കളിയില്‍ ലീഡ് നേടുകയെന്ന ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു. 89 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ടീം സ്‌കോര്‍ 151ല്‍ വച്ചായിരുന്നു ആറാമനായി ബെയര്‍സ്‌റ്റോ പുറത്തായത്.

പോപ്പ് പക്ഷെ പതറിയില്ല. മോയിന്‍ അലിയെ കൂട്ടുപിടിച്ച് അദ്ദേഹം ടീമിനെ 200 കടത്തി. 71 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. ഈ സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കെയാണ് ജഡേജ ഇന്ത്യയുടെ രക്ഷകനായത്. അലിയെ അദ്ദേഹം രോഹിത് ശര്‍മയ്ക്കു സമ്മാനിച്ചു. ഇംഗ്ലണ്ട് ഏഴിന് 222. വാലറ്റത്തെ എളുപ്പം തീര്‍ത്ത് ലീഡ് കുറയ്ക്കാമെന്ന് ഇന്ത്യ കണക്കുകൂട്ടിയെങ്കിലും വോക്‌സിന്റെ ഇന്നിങ്‌സ് ഇതും തെറ്റിച്ചു. എട്ടാമനായി പോപ്പ് പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് 250ലെത്തിയിരുന്നു. സെഞ്ച്വറിയിലേക്കു കുതിച്ച പോപ്പിനെ വീഴ്ത്തിത് ശര്‍ദ്ദുലായിരുന്നു. ഇന്‍സൈഡ് എഡ്ജായി പോപ്പ് ബൗള്‍ഡാവുകയായിരുന്നു. അഞ്ച് റണ്‍സ് കൂടി നേടവെ റോബിന്‍സണും പുറത്തായതോടെ ഇംഗ്ലണ്ട് ഒമ്പതിന് 255. എന്നാല്‍ അവസാന വിക്കറ്റില്‍ ആന്‍ഡേഴ്‌സനെ കാഴ്ചക്കാരനാക്കി നിര്‍ത്തി വോക്‌സ് ഇന്ത്യയെ ഭയപ്പെടുത്തി. 35 റണ്‍സ് അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടി. ഇതിനിടെ വോക്‌സ് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ-രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍.