
ഓവല്‍: ഓവലില്‍ ഒടുവില്‍ ചരിത്രം വഴിമാറി. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ഗംഭീര വിജയം. 157 റണ്‍സിനാണ് ആതിഥേയരെ വിരാട് കോലിയും സംഘവും കെട്ടുകെട്ടിച്ചത്. 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓവലില്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ വിജയിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തുകയും ചെയ്തു. പരമ്പര നഷ്ടമാവില്ലെന്ന് ഇന്ത്യ ഉറപ്പാക്കിയിരിക്കുകയാണ്. ഇനി 10 മുതല്‍ മാഞ്ചസ്റ്ററില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ സമനില വഴങ്ങിയാലും ഇന്ത്യക്കു പരമ്പര പോക്കറ്റിലാക്കാം. ഓവല്‍ ടെസ്റ്റ്: ഇന്ത്യ 191, 466. ഇംഗ്ലണ്ട് 290, 210.
368 റണ്‍സെന്ന കടുപ്പമേറിയ വിജയലക്ഷ്യമായിരുന്നു ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. നന്നായി തുടങ്ങാന്‍ ഇംഗ്ലണ്ടിനായെങ്കിലും ഇന്ത്യ ശക്തമായ തിരിച്ചുവരവ് തുടരെ വിക്കറ്റുകളെടുത്ത് ആധികാരിക വിജയം കൊയ്യുകയായിരുന്നു. 210 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ടായി. ഓപ്പണര്‍മാരായ ഹസീബ് ഹമീദ് (63), റോറി ബേണ്‍സ് (53) എന്നിവരുടെ ഫിഫ്റ്റികളും നായകന്‍ ജോ റൂട്ടിന്റെ (36) ഇന്നിങ്‌സുകളും മാറ്റിനിര്‍ത്തിയാല്‍ മറ്റാരും തന്നെ ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ പിടിച്ചുനിന്നില്ല. ക്രിസ് വോക്‌സാണ് (18) രണ്ടക്കം കടന്ന മറ്റൊരാള്‍. ഡേവിഡ് മലാന്‍ (5), ഓലി പോപ്പ് (2), ജോണി ബെയര്‍സ്‌റ്റോ (0), മോയിന്‍ അലി (0) എന്നിവരെല്ലാം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി തീര്‍ന്നു. മൂന്നു വിക്കറ്റുകളെടുത്ത ഉമേഷ് യാദവും രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കിയയത്.
ഇന്നു വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. തകര്‍പ്പന്‍ തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. ഓപ്പണിങ് വിക്കറ്റില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ബേണ്‍സ്- ഹസീബ് ജോടിക്കു സാധിച്ചു. സ്‌കോര്‍ 100ല്‍ നില്‍ക്കെ ബേണ്‍സിനെ പുറത്താക്കി ശര്‍ദ്ദുലാണ് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 20 റണ്‍സ് കൂടി നേടുന്നതിനെ മലാനെ റണ്ണൗട്ടാക്കി ഇന്ത്യ അടുത്ത പ്രഹരമേല്‍പ്പിച്ചു. പിന്നീട് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 27 റണ്‍സ് കൂടി നേടുന്നതിനിടെ നാലു വിക്കറ്റുകളാണ് ഇന്ത്യ കൊയ്തത്. ഇതോടെ ഇംഗ്ലണ്ട് ആറിന് 147 റണ്‍സിലേക്കു കൂപ്പുകുത്തി. വിജയമുറപ്പാക്കിയ ഇന്ത്യക്കു പിന്നീട് ഇംഗ്ലണ്ട് എത്ര വരെ പോവുമെന്നു മാത്രമായിരുന്നു അറിനായുണ്ടായിരുന്നത്.

99 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ 466 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ഓപ്പണര്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 127 റണ്‍സുമായി അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. 256 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറും ഹിറ്റ്മാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ചേതേശ്വര്‍ പുജാര (61), ശര്‍ദ്ദുല്‍ ടാക്കൂര്‍ (60), റിഷഭ് പന്ത് (50), കെഎല്‍ രാഹുല്‍ (46) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വാലറ്റത്ത് ഉമേഷ് യാദവ് (25), ജസ്പ്രീത് ബുംറ (24) എന്നിവരകും വിലപ്പെട്ട സംഭാവന നല്‍കി. രവീന്ദ്ര ജഡേജ 17 റണ്ണിനു പുറത്തായപ്പോള്‍ അജിങ്ക്യ രഹാനെയ്ക്കു റണ്ണൊന്നുമെടുക്കാനായില്ല.
വിദേശ മണ്ണിലെ കന്നി ടെസ്റ്റ് സെഞ്ച്വറി കൂടിയാണ് ഓവലില്‍ രോഹിത് നേടിയത്. ടെസ്റ്റിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറിയായിരുന്നു അദ്ദേഹത്തിന്റേതെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മൂല്യമേറിയ ഇന്നിങ്‌സ് തന്നെയാണിത്. വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സ്പിന്നര്‍ മോയിന്‍ അലിക്കെതിരേ സിക്‌സറടിച്ചായിരുന്നു ഹിറ്റ്മാന്‍ കന്നി ടെസ്റ്റ് സെഞ്ച്വറി ആഘോഷിച്ചത്. രണ്ടാം വിക്കറ്റില്‍ രോഹിത്- പുജാര സഖ്യത്തിന്റെ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായത്. 153 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ടീം സ്‌കോര്‍ 83ല്‍ ഒരുമിച്ച ഇവര്‍ വേര്‍പിരിഞ്ഞത് 236ല്‍ വച്ചായിരുന്നു. ഒരേ ഓവറിലായിരുന്നു രോഹിത്തും പുജാരയും മടങ്ങിയത്.
ജഡേജ, രഹാനെ, കോലി എന്നിവരെ അടുത്തടുത്ത ഇടവേളകളില്‍ ഇന്ത്യക്കു നഷ്ടമായി. ഇതോടെ ഇന്ത്യ ആറു വിക്കറ്റിനു 312 റണ്‍സെന്ന നിലയിലേക്കു വീണു. പിന്നീടായിരുന്നു മറ്റൊരു ഗംഭീര കൂട്ടുകെട്ട് കണ്ടത്. റിഷഭും ശര്‍ദ്ദുലും ചേര്‍ന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. 100 റണ്‍സ് ഏഴാം വിക്കറ്റില്‍ ഈ സഖ്യം ചേര്‍ന്നെടുത്തു. ഇതിനിടെ തുടര്‍ച്ചയായ രണ്ടാമിന്നിങ്‌സിലും ശര്‍ദ്ദുല്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. 72 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടീം സ്‌കോര്‍ 412ല്‍ വച്ചാണ് റിഷഭ് പുറത്തായത്. രണ്ടു റണ്‍സ് കൂടി നേടുന്നതിനിടെ റിഷഭും ക്രീസ് വിട്ടു. 106 ബോളില്‍ നാലു ബൗണ്ടറികളോടെയാണ് അദ്ദേഹം 50 റണ്‍സെടുത്തത്. പരമ്പരയില്‍ റിഷഭിന്റെ കന്നി ഫിഫ്റ്റി കൂടിയായിരുന്നു ഇത് (ഇന്ത്യ എട്ടു വിക്കറ്റിന് 414). എന്നാല്‍ ഉമേഷ്, ബുംറ എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയെ 450 കടത്തി.
അവസാന നാലു വിക്കറ്റില്‍ 154 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്കു സാധിച്ചു. ഇംഗ്ലീഷ് ബൗളിങ് നിരയില്‍ ഏറ്റവും മികച്ചുനിന്നത് പേസര്‍ ക്രിസ് വോക്‌സായിരുന്നു. അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഓലി റോബിന്‍സണും മോയിന്‍ അലിയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 191 റണ്‍സ് മാത്രമെടുത്ത് ആദ്യദിനം തന്നെ പുറത്താവുകയായിരുന്നു. ശര്‍ദ്ദുല്‍ ടാക്കൂര്‍ (57), നായകന്‍ വിരാട് കോലി (50) എന്നിവരുടെ ഇന്നിങ്‌സുകളായിരുന്നു ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ഏഴിനു 127 റണ്‍സിലേക്കു വീണ ഇന്ത്യയെ 191ലെത്തിച്ചത് ശര്‍ദ്ദുലായിരുന്നു. 31 ബോളില്‍ ഫിഫ്റ്റി തികച്ച അദ്ദേഹം ചില റെക്കോര്‍ഡുകളും കുറിച്ചിരുന്നു. 36 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ശര്‍ദ്ദുല്‍ 57 റണ്‍സെടുത്തത്.
മറുപടിയില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ 290 റണ്‍സെടുത്തു. അഞ്ചിനു 62 റണ്‍സിലേക്കു ഒരു ഘട്ടത്തില്‍ ആതിഥേയര്‍ കൂപ്പുകുത്തിയിരുന്നു. എന്നാല്‍ ലോവര്‍ ഓര്‍ഡറിന്റെ
മികച്ച പ്രകടനം അവരെ 300ന് അടുത്ത് നേടാന്‍ സഹായിച്ചു. 81 റണ്‍സെടുത്ത ഓലി പോപ്പായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍. 159 ബോളില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു പോപ്പിന്റെ ഇന്നിങ്‌സ്. ക്രിസ് വോക്‌സും (50) ഫിഫ്റ്റി നേടി. ജണി ബെയര്‍സ്റ്റോ (37), മോയിന്‍ അലി (35), ഡേവിഡ് മലാന്‍ (31) എന്നിവരാണ് 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ-രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ഓലി പോപ്പ്, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഓലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍.