
അയല്‍ക്കാരായ ന്യൂസിലാന്‍ഡിനെ ടെസ്റ്റ് പരമ്പരയില്‍ തകര്‍ത്തുതരിപ്പണമാക്കിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. കോലിയെയും സംഘത്തെയും ഇന്ത്യന്‍ മണ്ണില്‍ നേരിടേണ്ട അങ്കലാപ്പൊന്നും ഓസ്‌ട്രേലിയക്കില്ല. കാരണം കഴിഞ്ഞതവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര (3-2) കംഗാരുക്കള്‍ സ്വന്തമാക്കിയിരുന്നു. അന്നത്തെ പരമ്പര ജയം സമര്‍പ്പിക്കുന്ന ധൈര്യം ചെറുതല്ല.

ഒപ്പം ഐപിഎല്‍ കളിച്ച പരിചയസമ്പത്തും നടക്കാനിരിക്കുന്ന ഇന്ത്യന്‍ പര്യടനത്തില്‍ മുതല്‍ക്കൂട്ടാവുമെന്ന് ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഉറച്ചു വിശ്വസിക്കുന്നു.മറുഭാഗത്ത് ഇന്ത്യയുടെ കാര്യമെടുത്താല്‍ ലോകകപ്പിന് ശേഷം തോല്‍വിയറിയാതെയാണ് കോലിയും കൂട്ടരും പരമ്പര കളിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ നാട്ടില്‍ ചെന്ന് കീഴടക്കി. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനും ഒന്നു പൊരുതാന്‍ പോലും അവസരം കൊടുത്തില്ല.

പഴയ കണക്കു തീര്‍ക്കാന്‍ തിരിച്ചുവന്ന വെസ്റ്റ് ഇന്‍ഡീസും പരമ്പര തോറ്റു മടങ്ങി. ശ്രീലങ്കയുമായാണ് ഇപ്പോള്‍ ഇന്ത്യ പൊരുതുന്നത്. ഗുവാഹത്തിയിലെ ആദ്യ മത്സരം മഴ കൊണ്ടുപോയപ്പോള്‍ ഇന്‍ഡോറില്‍ രണ്ടാം ട്വന്റി-20 മത്സരം 15 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ഏഴു വിക്കറ്റിന് കൈപ്പിടിയിലാക്കി. വെള്ളിയാഴ്ച്ച മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് നിര്‍ണായകമായ മൂന്നാം മത്സരം.

എന്തായാലും ആതിഥേയരുടെ ഇപ്പോഴത്തെ ഫോമിനെകുറിച്ചൊന്നും ഓസ്‌ട്രേലിയ ചിന്തിക്കുന്നില്ല.ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി ഓസ്‌ട്രേലിയ ഒരു ഗെയിം പ്ലാന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കളത്തില്‍ അത് നടപ്പാക്കും. ഇതില്‍ കൂടുതലൊന്നും തങ്ങള്‍ ചിന്തിക്കുന്നില്ലെന്ന് ഇന്ത്യയിലേക്ക് പറക്കും മുന്‍പ് ആരോണ്‍ ഫിഞ്ച് വ്യക്തമാക്കി.
Most Read: ധോണി വിരമിക്കുന്നു!! അധികം വൈകില്ല... നിര്‍ത്തുക ഈ ഫോര്‍മാറ്റില്‍, സൂചന നല്‍കി ശാസ്ത്രി

ഏഷ്യന്‍ ഉപഭൂഖണ്ഡങ്ങളില്‍ കളിക്കുമ്പോള്‍ ഏറെയൊന്നും ആലോചിച്ചു കൂട്ടരുത്. ടീമിനൊരു പദ്ധതിയുണ്ട്. അണുവിട മാറാതെ അതില്‍ ഉറച്ചുനില്‍ക്കുക. പൊതുവേ മത്സരത്തില്‍ ഏഷ്യന്‍ ടീമുകള്‍ ആധിപത്യം നേടിക്കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ സ്വന്തം ഗെയിം പ്ലാനിനെ കുറിച്ച് സംശയിച്ചു നില്‍ക്കാറ് പതിവാണ്. എതിരാളികള്‍ അനിശ്ചിതത്വത്തിലാണെന്ന് തിരിച്ചറിയുന്ന പക്ഷം ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ ഏഷ്യന്‍ ടീമുകള്‍ ആധിപത്യം സ്ഥാപിച്ചെടുക്കും. പിന്നീട് കളിയിലേക്കൊരു തിരിച്ചുവരവ് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ആവിഷ്‌കരിച്ച ഗെയിം പ്ലാനില്‍ അടിയുറച്ചു നില്‍ക്കുന്നതിലുപരി മറ്റൊരു കണക്കുകൂട്ടലും ടീമിനില്ല, ഫിഞ്ച് പറഞ്ഞു.

ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന മാര്‍നസ് ലബ്യുഷെയ്ന്‍ ഇന്ത്യയ്ക്ക് എതിരെ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന പ്രതീക്ഷ ഓസീസ് നായകനുണ്ട്. നിലവില്‍ ടെസ്്റ്റില്‍ ഓസ്‌ട്രേലിയയുടെ പ്രധാന ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി ലബ്യുഷെയ്ന്‍ മാറിക്കഴിഞ്ഞു. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ അസിസ്റ്റന്റ് കോച്ച് ആന്‍ഡ്രൂ മക്‌ഡൊണള്‍ഡാണ് ടീമിനെ പരിശീലിപ്പിക്കുക. തുടര്‍ച്ചയായ പരമ്പരകള്‍ മുന്‍നിര്‍ത്തി മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാങ്കറിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശ്രമം അനുവദിച്ച സാഹചര്യത്തിലാണിത്.

ഓസ്‌ട്രേലിയയുമായുള്ള പരമ്പരയ്ക്ക് രോഹിത് ശര്‍മ്മ തിരിച്ചെത്തുമെന്നതാണ് ഇന്ത്യയെ സംബന്ധിച്ച പ്രധാന വിശേഷം. മുഹമ്മദ് ഷമിയും ജസ്പ്രീത് ബൂംറയും ഏകദിന സ്‌ക്വാഡിലുണ്ട്. പറഞ്ഞുവരുമ്പോള്‍ ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയില്‍ മൂന്നു ഓപ്പണര്‍മാരുണ്ട് ഇന്ത്യയുടെ ക്യാംപില്‍. രാഹുലിനെ മറികടന്ന് ധവാന്‍ ഏകദിനത്തില്‍ ഓപ്പണര്‍ സ്ഥാനം തിരിച്ചുപിടിക്കുമോയെന്ന് കണ്ടറിയണം.

ഇന്ത്യയുടെ സ്‌ക്വാഡ്
വിരാട് കോലി (നായകന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, ശിവം ദൂബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, നവ്ദീപ് സെയ്‌നി, ശാര്‍ദ്ധുല്‍ താക്കൂര്‍, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി.

ഓസ്‌ട്രേലിയയുടെ സ്‌ക്വാഡ്
ആരോണ്‍ ഫിഞ്ച് (നായകന്‍), ആഷ്ടണ്‍ ടേര്‍ണര്‍, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ഡാര്‍സി ഷോര്‍ട്ട്, അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍സ്‌കോമ്പ്, ആദം സാംബ, ആഷ്ടണ്‍ അഗര്‍, ജോഷ് ഹേസല്‍വുഡ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്.


Click it and Unblock the Notifications