ഒരു ടീമിനെതിരേ 100 സിക്‌സര്‍!! ആ റെക്കോര്‍ഡ് ഹിറ്റ്മാന്‍ എടുക്കുമോ? നാഴികക്കല്ലുകള്‍ ഇനിയും
മുംബൈ: ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുന്ന ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ വമ്പന്‍ തിരിച്ചുവരവിന് കച്ചമുറുക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് ഹിറ്റ്മാനെ ഈ വര്‍ഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ആദ്യമായാ കാണുക. ശ്രീലങ്കയ്‌ക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ രോഹിത്തിന് ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യക്കു വേണ്ടി താരം കാഴ്ചവച്ചത്. ഇതേ ഫോം ഈ വര്‍ഷവും തുടരാമെന്ന ആത്മവിശ്വാസത്തിലാണ് ഹിറ്റ്മാന്‍. ഓസ്‌ട്രേലിയക്കെതിരേയുള്ള പരമ്പരയില്‍ ചില നാഴികക്കല്ലുകള്‍ അദ്ദേഹത്തെ കാത്തിരിപ്പുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

അതിവേഗം 9000 റണ്‍സ് തികച്ച രണ്ടാമന്‍
ഏകദിന ക്രിക്കറ്റില്‍ അതിവേഗം 9000 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമെന്ന നേട്ടം രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ 214 ഇന്നിങ്‌സുകളില്‍ നിന്നും 8944 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇനി 56 റണ്‍സ് കൂടി നേടിയാല്‍ രോഹിത് 9000 റണ്‍സ് ക്ലബ്ബില്‍ അംഗമാവും. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെ ഓസീസിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ തന്നെ താരം ഇത് കൈവരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 9000 റണ്‍സെന്ന റെക്കോര്‍ഡ് നായകന്‍ വിരാട് കോലിയുടെ പേരിലാണ്. 194 ഇന്നിങ്‌സുകളിലായിരുന്നു കോലിയുടെ നേട്ടം. നിലവില്‍ രണ്ടാംസ്ഥാനത്ത് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. 236 ഇന്നിങ്‌സുകളാണ് ദാദ 9000 റണ്‍സ് തികച്ചത്.

അതിവേഗം 30 സെഞ്ച്വറികള്‍ നേടിയ രണ്ടാമന്‍
ഏകദിനത്തില്‍ അതിവേഗം 30 സെഞ്ച്വറികള്‍ തികച്ച രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ ഏകദിനത്തില്‍ 30ല്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ മൂന്നു താരങ്ങള്‍ മാത്രമേയുള്ളൂ. 49 സെഞ്ച്വറികളുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ വിരാട് കോലി (43), റിക്കി പോണ്ടിങ് (30) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 28 സെഞ്ച്വറികളാണ് രോഹിത്തിന്റെ സമ്പാദ്യം.
195 ഏകദിനങ്ങളില്‍ നിന്നാണ് കോലി 30 സെഞ്ച്വറികള്‍ തികച്ചത്. പോണ്ടിങിനാവട്ടെ 375 ഏകദിനങ്ങള്‍ വേണ്ടിവന്നു. സച്ചിന്‍ 274 ഏകദിനങ്ങളിലാണ് 30 സെഞ്ച്വറികള്‍ തികച്ചത്. വരാനിരിക്കുന്ന ഓസീസിനെതിരേയുള്ള പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ നേടിയാല്‍ കോലിക്കു പിന്നില്‍ രോഹിത് രണ്ടാമതെത്തും.

ഒരു എതിരാളിക്കെതിരേ 100 സിക്‌സറുകള്‍
ഒരു എതിരാളിക്കെതിരേ 100 സിക്‌സറുകള്‍ പായിച്ച ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും രോഹിത്തിന് പരമ്പരയില്‍ തന്റെ പേരിലാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു ഇന്ത്യന്‍ താരവും ഒരു ടീമിനെതിരേ സിക്‌സറുകളില്‍ സെഞ്ച്വറി തികച്ചിട്ടില്ല.
ഓസ്‌ട്രേലിയക്കെതിരേ 93 സിക്‌സറുകള്‍ ഇതിനകം രോഹിത് നേടിയിട്ടുണ്ട്. വരാനിരിക്കുന്ന പരമ്പരയിലെ മൂന്നു മല്‍സരങ്ങളില്‍ ഏഴു സിക്‌സറുകള്‍ കൂടി പായിച്ചാല്‍ രോഹിത് റെക്കോര്‍ഡിന് അവകാശിയാവും.
ലോക ക്രിക്കറ്റില്‍ ഒരു ടീമിനെ 100 സിക്‌സറുകള്‍ നേടിയ ഒരോയൊരു താരം മാത്രമേയുള്ളു. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. ഇംഗ്ലണ്ടിനെതിരേയാണ് ഗെയ്ല്‍ 130 സിക്‌സറുകള്‍ പറത്തി റെക്കോര്‍ഡിട്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications