Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mykhel Exclusive: ഇത് ജീവിത ലക്ഷ്യം, ഇന്ത്യക്കൊപ്പം ലോകകപ്പ് നേടും; പ്രതീക്ഷ പങ്കുവെച്ച് സജന

വയനാട്: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കേരളക്കരയ്ക്ക് അഭിമാനിക്കാന്‍ രണ്ട് പേരുണ്ടായിരുന്നു. ആശ ശോഭനയും സജന സജീവനുമാണ് ഈ രണ്ട് പേര്‍. വയനാട്ടുകാരിയായ സജന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ദേശീയ തലത്തിലേക്ക് ഒരു വനിതാ ക്രിക്കറ്റ് താരമെത്തുകയെന്നത് തന്നെ പ്രയാസമുള്ള കാര്യമാണ്. അപ്പോഴാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഒരു വയനാട്ടുകാരി ഇടം നേടിയെടുത്തിരിക്കുന്നത്.

കഠിനാധ്വാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും മുകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് നടത്തിയ പോരാട്ടമാണ് ഇന്ന് സ്വപ്‌ന തുല്യ നേട്ടത്തിലേക്ക് സജനയെ എത്തിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയെടുത്തതിന്റെ സന്തോഷവും ലോകകപ്പിലെ പ്രതീക്ഷകളെക്കുറിച്ചും മൈഖേല്‍ മലയാളത്തോട് തുറന്ന് സംസാരിച്ചിരിക്കുകയാണ് സജന സജീവന്‍.

സ്വപ്‌ന സാക്ഷാത്കാരം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയെന്നത് എന്നെ സംബന്ധിച്ച് സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. ഇന്ത്യക്കായി കളിക്കുകയെന്നതും ലോകകപ്പ് കളിക്കുകയെന്നതുമായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം. ദൈവാനുഗ്രഹത്താല്‍ ഇത് രണ്ടും സാധ്യമായിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനായുള്ള മുന്നൊരുക്കം ഇനിയുള്ള നാളുകളില്‍ നടത്തും.

കരിയര്‍ മാറിയത് മുംബൈയില്‍

വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതാണ് കരിയറിലെ വഴിത്തിരിവായത്. അവസാന പന്തില്‍ സിക്‌സര്‍ നേടി വിജയത്തിലേക്കെത്തിക്കാനായതും മികച്ച ഫീല്‍ഡിങ്ങടക്കം ഓള്‍റൗണ്ട് പ്രകടനം നടത്താനായതും ശ്രദ്ധിക്കപ്പെട്ടു. ഈ പ്രകടനമാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിത്തന്നത്. മുംബൈ ടീമില്‍ എന്റെ റോള്‍ മോഡലായ ഹര്‍മന്‍പ്രീത് കൗറുണ്ടായിരുന്നു. വലിയ പിന്തുണയാണ് ഹര്‍മന്‍ നല്‍കിയത്. ഇത് വലിയ ആത്മവിശ്വാസം നല്‍കി.

sajana sajeevan t20 world cup

ഡ്രസിങ് റൂമില്‍ ഏറെ നേരം ഹര്‍മനൊപ്പം സമയം ചിലവിടാനും സംസാരിക്കാനും സാധിച്ചു. ഇതൊക്കെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചു. മുംബൈ ഇന്ത്യന്‍സിലെ പ്രകടനം കരിയര്‍ മാറ്റിമറിച്ചുവെന്നാണ് വിശ്വസിക്കുന്നത്. അല്ലായിരുന്നെങ്കില്‍ ഇത്രത്തോളം ശ്രദ്ധേ നേടിയെടുക്കാനോ ഇന്ത്യക്കായി കളിക്കാനെ ചിലപ്പോള്‍ സാധിക്കുമായിരുന്നില്ല.

മുന്നൊരുക്കം കൃഷ്ണഗിരിയില്‍

ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ ഘട്ട പരിശീലനം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് നടത്തുക. വയനാട് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസിര്‍ മച്ചാല്‍ വലിയ പിന്തുണയാണ് നല്‍കുന്നത്. അദ്ദേഹം കരിയറിന്റെ വളര്‍ച്ചയില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. ഒന്നര വര്‍ഷത്തോളമായി തിരുവനന്തപുരത്ത് എം രാജഗോപാല്‍ സാറിന് കീഴിലാണ് പരിശീലനം നടത്തുന്നത്. രഞ്ജി ട്രോഫി സഹ പരിശീലകനെന്ന നിലയിലടക്കം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കീഴില്‍ പരിശീലനം ആരംഭിച്ചതിന് പിന്നാലെയാണ് മുംബൈ ടീമിലടക്കം കളിക്കാന്‍ സാധിച്ചത്.

ചെറുപ്പം മുതല്‍ സ്‌പോര്‍ട്‌സിനോടിഷ്ടം

ചെറുപ്പം മുതല്‍ കായിക രംഗത്ത് സജീവമായിരുന്നു. ലോങ് ജംപ്, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, ഹൈജംപ്
തുടങ്ങിയ ഇനങ്ങളിലെല്ലാം സ്‌കൂള്‍ തലം മുതല്‍ക്കെ മത്സരിക്കുകയും ജൂനിയര്‍ സീനിയര്‍ തലങ്ങളിലെല്ലാം മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഹൈജംപിലും ജാവലിന്‍ ത്രോയിലും ഷോട്ട് പുട്ടിലുമെല്ലാം ജില്ലാ തലത്തില്‍ വ്യക്തിഗത ചാമ്പ്യയായിരുന്നു.

sajana sajeevan

പിന്നീട് ക്രിക്കറ്റിലേക്ക് ശ്രദ്ധ നല്‍കുകയായിരുന്നു. പരിശീലനം നടത്താന്‍ കൃഷ്ണഗിരി സ്റ്റേഡിയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 30ലധികം കിലോമീറ്റര്‍ ഒരുവശത്തേക്ക് മാത്രം സഞ്ചരിച്ചാണ് പരിശീലനത്തിന് പോയിരുന്നത്. അന്ന് ഇന്ത്യക്കായി കളിക്കുകയെന്ന വലിയ സ്വപ്‌നം നേടിയെടുത്തിരിക്കുകയാണ്. കഠിനാധ്വാനം ചെയ്തതിന്റെ ഫലമാണ് ഇന്ന് ലഭിച്ചിരിക്കുന്നത്.

സച്ചിനായിരുന്നു റോള്‍ മോഡല്‍

ക്രിക്കറ്റ് കളിച്ച് തുടങ്ങിയ കാലത്ത് സച്ചിനായിരുന്നു റോള്‍ മോഡല്‍. അന്ന് വനിതാ ക്രിക്കറ്റ് ഇത്രയും വളര്‍ന്നിരുന്നില്ല. ഇപ്പോള്‍ മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെല്ലാം റോള്‍ മോഡലുകളാണ്. ഇവരോടൊപ്പം ഡ്രസിങ് റൂം പങ്കിടാനും നേരിട്ട് സംസാരിക്കാനുമെല്ലാം അവസരം ലഭിച്ചത് തന്നെ വലിയ കാര്യമായി കാണുന്നു. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യയ്‌ക്കൊപ്പം കിരീടം നേടാമെന്നാണ് കരുതുന്നത്.

Story first published: Tuesday, August 27, 2024, 16:56 [IST]
Other articles published on Aug 27, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+