
ലോക ക്രിക്കറ്റില്‍ നിലവിലെ ഫാബ് ഫോറിനെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് ഫാബ് ഫോറിലെ അംഗങ്ങള്‍. ബാറ്റിങില്‍ ഒന്നിനൊന്നു കേമന്‍മാരായ നാലു പേരും ഒന്നാമനാവാനും മല്‍സരിക്കുകയാണ്. എന്നാല്‍ ആധുനിക ക്രിക്കറ്റില്‍ ബൗളര്‍മാരിലെ ഫാബുലസ് ഫോര്‍ ആരെന്നു ചോദിച്ചാല്‍ പലര്‍ക്കും വ്യത്യസ്ത ഉത്തരങ്ങളായിരിക്കും.
ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും നിലവില്‍ ബാറ്റിങിലെ ഫാബ് ഫോറിലെ അംഗവുമായ സ്മിത്ത് തന്റെ ഫേവറിറ്റായ നിലവിലെ നാലു മികച്ച ബൗളര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ്. ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനിലായിരുന്നു മികച്ച നാലു ബൗളര്‍മാരുടെ പേര് അദ്ദേഹം പറഞ്ഞത്.
നാലു പേസും പേസര്‍മാരണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍, സൗത്താഫ്രിക്കയുടെ കാഗിസോ റബാഡ, നാട്ടുകാരനായ പാറ്റ് കമ്മിന്‍സ് എന്നിവരെയാണ് നിലവിലെ ഏറ്റവും മികച്ച ബൗളര്‍മായി സ്മിത്ത് ചൂണ്ടിക്കാട്ടിയത്. ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് അദ്ദേഹത്തിന്റെ ലിസ്റ്റില്‍ ഇടം പിടിക്കാതിരുന്ന പ്രമുഖ താരങ്ങളിലൊരാള്‍.

ഈ നാലു പേരില്‍ ആന്‍ഡേഴ്‌സന്‍ നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ മാത്രമേ കളിക്കുന്നുള്ളൂ. എങ്കിലും പഴകുന്തോറും വീര്യമേറുന്ന വീഞ്ഞ് പോലെ അദ്ദേഹം മികച്ച പ്രകടനം തുടരുകയാണ്. ടെസ്റ്റില്‍ 600ന് മുകളില്‍ വിക്കറ്റുകള്‍ കൊയ്ത ലോകത്തിലെ ഏക ഫാസ്റ്റ് ബൗളര്‍ കൂടിയാണ് അദ്ദേഹം. ഓസ്‌ട്രേലിയന്‍ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍, ശ്രീലങ്കയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍ എന്നിവര്‍ മാത്രമേ ഇനി വിക്കറ്റ് കൊയ്ത്തില്‍ ആന്‍ഡേഴ്‌സനു മുന്നിലുള്ളൂ.
619 ടെസ്റ്റ് വിക്കറ്റുകളെന്ന ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡ് ഇപ്പോള്‍ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റില്‍ ആന്‍ഡേഴ്ന്‍ മറികടന്നിരുന്നു. ഒന്നാമിന്നിങ്‌സില്‍ നാലു വിക്കറ്റുകളെടുത്തതോടെയായിരുന്നു ആന്‍ഡേഴ്‌സന്‍ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരില്‍ ടോപ്പ് ത്രീയിലെത്തിയത്.
അതേസമയം, ഈ സീസണിലെ ഐപിഎല്ലിന്റെ ആദ്യ ഘട്ടത്തിലായിരുന്നു സ്മിത്തിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി 31കാരന്‍ ആറു മല്‍സരങ്ങളില്‍ കളിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിനിടെ കൈമുട്ടിലെ പരിക്ക് അലട്ടാന്‍ തുടങ്ങിയതിനെ തുടര്‍ന്നു സ്മിത്ത് ശസ്ത്രക്രിയക്കു വിധേയനായിരുന്നു.