
എംഎസ് ധോണി
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ബൗളിങിലും ചില പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യമായിരിക്കും. വലം കൈ മീഡിയോ പേസറായിരുന്നു അദ്ദേഹം. ടെസ്റ്റിലായിരുന്നു ധോണി ആദ്യമായി പന്തറിഞ്ഞത്. രണ്ടിന്നിങ്‌സുകളിലും ഓരോ ഓവര്‍ വീതം ബൗള്‍ ചെയ്ത അദ്ദേഹത്തിനു വിക്കറ്റൊന്നും കിട്ടിയില്ല.
2009 സപ്തംബര്‍ 30നു നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പുഘട്ട മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് ധോണി ഏകദിനത്തില്‍ ആദ്യമായി ബൗള്‍ ചെയ്തത്. ഈ മല്‍സരത്തില്‍ അദ്ദേഹത്തിന് വിക്കറ്റ് ലഭിക്കുകയും ചെയ്തു. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ട്രാവിസ് ഡൗലിനെതിരേയാണ് ധോണി പന്തെറിഞ്ഞത്. ആദ്യത്തെ രണ്ടു പന്തിലും ഡൗലിന്‍ ബൗണ്ടറി പായിച്ചെങ്കിലും നാലാമത്തെ പന്തില്‍ താരത്തെ ബൗള്‍ഡാക്കി ധോണി കന്നി വിക്കറ്റ് സ്വന്തമാക്കി. അദ്ദേഹത്തിന്റെ അക്കൗണ്ടിലെ ഏക വിക്കറ്റും ഇതു തന്നെയാണ്.

വിരാട് കോലി
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയും ചുരുക്കം ചില സന്ദര്‍ങ്ങളില്‍ ബൗളറായി എത്തിയിട്ടുണ്ട്. 2011 സപ്തംബര്‍ 16ന് കാര്‍ഡിഫില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിനത്തിലാണ് വലം കൈ മീഡിയം പേസറായ കോലി ആദ്യ വിക്കറ്റ് നേടിയത്.
ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ അലെസ്റ്റര്‍ കുക്കായിരുന്നു കോലിയുടെ ഇര. 54 പന്തില്‍ നിന്നും 50 റണ്‍സെടുത്ത കുക്കിനെ കോലി ബൗള്‍ഡാക്കുകയായിരുന്നു. കരിയറില്‍ ഇതുവരെ ഏകദിനത്തിലും ടി20യിലും നാലു വീതം വിക്കറ്റുകള്‍ കോലി സ്വന്തമാക്കിയിട്ടുണ്ട്.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ വീരേന്ദര്‍ സെവാഗ് ബൗളറുടെ റോളിയും തിളങ്ങിയ താരമാണ്. വലംകൈയന്‍ ഓഫ് സ്പിന്നറായിരുന്ന സെവാഗ് ഇന്ത്യക്കു പല നിര്‍ണായക ബ്രേക്ക്ത്രൂകളും നല്‍കിയിട്ടുണ്ട്.
കരിയറിലെ മൂന്നാം ഏകദിനത്തിലാണ് അദ്ദേഹം കന്നി വിക്കറ്റ് നേടിയത്. 2000 ഡിസംബര്‍ 14ന് രാജ്‌കോട്ടില്‍ സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു ഇത്. സിംബാബ്‌വെയുടെ സൂപ്പര്‍ താരമായിരുന്ന ഗ്രാന്റ് ഫ്‌ളവറിനെ 20 റണ്‍സെടുത്തു നില്‍ക്കെ സെവാഗ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇതേ കളിയില്‍ തന്നെ ഗയ് വിറ്റാരിലനെ പുറത്താക്കി മറ്റൊരു വിക്കറ്റ് കൂടി അദ്ദേഹം നേടി. ഏകദിനത്തില്‍ 96ഉം ടെസ്റ്റില്‍ 40ഉം വിക്കറ്റുകള്‍ സെവാഗ് സ്വന്തമാക്കിയിട്ടുണ്ട്.

സൗരവ് ഗാംഗുലി
ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി മികച്ച ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ മാത്രമായിരുന്നില്ല നല്ലൊരു വലം കൈ മീഡിയം പേസറുമായിരുന്നു. ഏകദിനത്തില്‍ ചില മികച്ച ബൗളിങ് പ്രകടനങ്ങള്‍ ദാദ കാഴ്ചവച്ചിട്ടുണ്ട്.
1997 ജൂലൈ 26ന് നടന്ന ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഗാംഗുലിയുടെ കന്നി വിക്കറ്റ് നേട്ടം. ലങ്കയുടെ റണ്‍ചേസില്‍ അവരുടെ അപടകാരിയായ ബാറ്റ്‌സ്മാന്‍ അരവിന്ദ ഡിസില്‍വയെ ആറു റണ്‍സില്‍ നില്‍ക്കെ ഗാംഗുലി സ്വന്തം ബൗളിങില്‍ പിടികൂടി. കളിയുടെ നിര്‍ണായക ഘട്ടത്തിലായിരുന്നു ഇത്. എന്നാല്‍ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടു. ഏകദിനത്തില്‍ 100ഉം ടെസ്റ്റില്‍ 32ഉം വിക്കറ്റുകള്‍ ദാദയുടെ പേരിലുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഇന്ത്യയുടെ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകോത്തര ബാറ്റ്‌സ്മാന്‍ മാത്രമായിരുന്നില്ല നല്ലൊരു ബൗളര്‍ കൂടിയായിരുന്നു. ചില മല്‍സരങ്ങില്‍ ബൗളിങില്‍ അദ്ദേഹം ഇന്ത്യയുടെ മാച്ച് വിന്നറാവുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര കരിയറില്‍ 201 വിക്കറ്റുകളാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം (ഏകദിനം 154 വിക്കറ്റ്, ടെസ്റ്റ് 46, ടി20 ഒന്ന്).
1990 ഡിസംബര്‍ അഞ്ചിന് പൂനെയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏകദിനത്തിലാണ് സച്ചിന്‍ കന്നി വിക്കറ്റ് കൊയ്തത്. ലങ്കന്‍ ഓപ്പണര്‍ റോഷന്‍ മഹാനാമയെ (24 റണ്‍സ്) അന്നു സച്ചിന്‍ മടക്കുകയായിരുന്നു. സച്ചിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ അന്നു മഹാനാമയെ പിടികൂടുകയായിരുന്നു. ഈ കളിയില്‍ ലങ്കയുടെ മറ്റൊരു ഓപ്പണറായ ദമ്മിക രണതുംഗയെ പുറത്താക്കിയതും സച്ചിനായിരുന്നു.


Click it and Unblock the Notifications