Ind vs Aus: അന്ന് ഫാബ് 4, ഇപ്പോള്‍ ഇന്ത്യക്ക് ഫാബ് 5! ഓസീസിനെ അവര്‍ വേട്ടയാടുമെന്നു ശാസ്ത്രി

ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ വെന്നിക്കൊടി പാറിക്കുമെന്നു ആത്മവിശ്വാസം പ്രകടിപ്പിച്ച് കോച്ച് രവി ശാസ്ത്രി. ഡിസംബറിലാണ് നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുന്നത്. നിലവിലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുടെ അവകാശികള്‍ കൂടിയാണ് ഇന്ത്യ. 2018-19ലെ കഴിഞ്ഞ പര്യടനത്തില്‍ ഓസീസിനെ 2-1ന് വീഴ്ത്തിയായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കന്നി ടെസ്റ്റ് പരമ്പര വിജയം കൊയ്തത്. ഇതോടെ ഓസീസിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ആദ്യത്തെ ഏഷ്യന്‍ ടെസ്റ്റ് ക്യാപ്റ്റനായി വിരാട് കോലി മാറിയിരുന്നു.
ഇത്തവണ പക്ഷെ ഇന്ത്യക്കു പരമ്പര കൂടുതല്‍ കടുപ്പമാവും. ക്യാപ്റ്റന്‍ കോലി ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങും. മറുഭാഗത്ത് കഴിഞ്ഞ പരമ്പരയില്‍ ഓസീസ് നിരയില്‍ ഇല്ലാതിരുന്ന സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇത്തവണ തിരിച്ചെത്തിയതോടെ ഇന്ത്യ ഭയക്കണം.

ടീമിനു സമ്മര്‍ദ്ദമില്ല
ഒട്ടും തന്നെ സമ്മര്‍ദ്ദമില്ലാതെയാണ് ഓസീസിനെ ഇന്ത്യ നേരിടാന്‍ തയ്യാറെടുക്കുന്നതെന്നു ശാസ്ത്രി വ്യക്തമാക്കി. ഞങ്ങള്‍ ഇവിടെത്തിയത് ആത്മവിശ്വാസത്തോടെയാണ്, സ്വാഭാവിക ക്രിക്കറ്റ് തന്നെ കാഴ്ചവയ്ക്കും. ഭൂപ്രദേശത്തെയും എതിരാളികളെയും ബഹുമാനിക്കണമെന്നു താരങ്ങളോടു പറഞ്ഞിട്ടുണ്ട്. എങ്കിലും ഭയരഹിതമായി ക്രിക്കറ്റ് കളിക്കണമെന്നും അവരെ ഉപദേശിച്ചതായി ശാസ്ത്രി വിശദമാക്കി.

ഇന്ത്യയുടെ പേസ് ബൗളിങ് നിര
ഇന്ത്യയുടെ പേസ് ബൗളിങ് യൂനിറ്റില്‍ തികഞ്ഞ പ്രതീക്ഷയാണുള്ളതെന്നു ശാസ്ത്രി പറയുന്നു. പരിക്കു കാരണം ഇഷാന്ത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന കാര്യം സംശയത്തിലാണെങ്കിലും അത് ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ച കുറയ്ക്കില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ഞങ്ങള്‍ക്കു ഫാബുലസ് ഫൈവുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, നവദീപ് സെയ്‌നി എന്നിവരാണ് ഇതില്‍പ്പെടുന്നത്. യാദവിന് അനുഭവസമ്പത്തുണ്ട്, സെയ്‌നി ചെറുപ്പവും ഫാസ്റ്റുമാണ്, ബുംറ ലോകത്തിലെ തന്നെ കേമന്‍മാരില്‍ ഒരാളാണ്, ഷമി കുതിക്കാന്‍ തയ്യാറെടുക്കുകയാണ്, സിറാജ് ഭാവി വാഗ്ദാനമാണ്. സ്‌കോര്‍ ബോര്‍ഡില്‍ വേണ്ടത്ര റണ്‍സ് പടുത്തുയര്‍ത്തിയാല്‍ എതിരാളികളെ ഈ ഫാസ്റ്റ് ബൗളര്‍മാര്‍ ചേര്‍ന്ന് വേട്ടയാടുന്നത് നിങ്ങള്‍ക്കു കാണാം. ഓസ്‌ട്രേലിയയെ അവരുടെ ഗ്രൗണ്ടില്‍ കീഴടക്കാന്‍ ഇന്ത്യക്കാവുമെന്നും ശാസ്ത്രി വ്യക്തമാക്കി.

ആസ്വദിച്ചു കളിക്കൂ
ഡിസംബര്‍ 17ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മല്‍സരം പകലും രാത്രിയുമാണെങ്കിലും ആസ്വദിച്ചു കളിക്കാനാണ് ടീമിനോടു താന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നു ശാസ്ത്രി പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ നമ്മുടെ താരങ്ങള്‍ പിങ്ക് ബോള്‍ മല്‍സരങ്ങളില്‍ അധികം കളിച്ചിട്ടില്ല. എങ്കിലും ഗ്രൗണ്ടിലിറങ്ങി ആസ്വദിക്ക് കളിക്കൂയെന്നാണ് അവരോടു പറയാനുള്ളത്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കളിക്കുന്നതിനാല്‍ ഇതു താരങ്ങള്‍ക്കു മാച്ച് ഫിറ്റ്‌നസ് നല്‍കും. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കൂടി തങ്ങള്‍ക്കാവുമെന്നു ഇനി അവര്‍ കാണിക്കണം. ഇവിടെ നിന്നും കുറച്ചു അനുഭവസമ്പത്ത് നേടിയെടുക്കൂ. കാരണം മഹാമാരിയും ക്വാറന്റീനും പോലമുമുള്ള വെല്ലുവിളികള്‍ ദൈവം കനിഞ്ഞാല്‍ ഇനിയുണ്ടാവില്ലെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications