
വീരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍)
സ്ഥിരം ക്യാപ്റ്റന്‍മാരുടെ അഭാവത്തിലാണ് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ വീരേന്ദര്‍ സെവാഗിനു അവസരം ലഭിക്കാറുള്ളത്. കന്നി 20യില്‍ നയിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു. കളിയില്‍ 29 ബോളില്‍ 34 റണ്‍സെടുത്ത വീരു വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.
2007ലെ പ്രഥമ ടി20 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന സെവാഗ് 2012ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് അവസാന ടി20 കളിച്ചത്. 2015ല്‍ അദ്ദേഹം വിരമിക്കുകയും ചെയ്തു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഇന്ത്യയുടെ കന്നി ടി20യില്‍ ബാറ്റിങ് ഇിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്‌ളോപ്പായിരുന്നു. 10 റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ചാള്‍ ലാങ്വെല്‍റ്റ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അതിനു ശേഷം സച്ചിന്‍ വീണ്ടുമൊരു ടി20 കളിച്ചിട്ടില്ല. യുവ തലമുറയ്ക്കായി താരം വഴിമാറിക്കൊടുക്കുകയായിരുന്നു.
2013 നവംബറിലായിരുന്നു സച്ചിന്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ച ശേഷം മുബൈ ഇന്ത്യന്‍സിന്റെ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

ദിനേശ് മോംഗിയ
ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ ദിനേശ് മോംഗിയയായിരുന്നു കന്നി ടി20യില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 45 ബോളില്‍ 38 റണ്‍സ് അദ്ദേഹം നേടിയിരുന്നു. പക്ഷെ സച്ചിനെപ്പോലെ മോംഗിയയും ദേശീയ ടീമിനു വേണ്ടി പിന്നീടൊരു ടി20യില്‍ കളിച്ചില്ല. എങ്കിലും 57 ഏകദിനങ്ങളില്‍ മോംഗിയ ദേശീയ ടീമിനായി ഇറങ്ങി. ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.

എംഎസ് ധോണി
മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി പ്രഥമ ടി20 കളിച്ച ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ബാറ്റിങില്‍ അദ്ദേഹം ഫ്‌ളോപ്പായി. രണ്ടാമത്തെ ബോളില്‍ തന്നെ ധോണിയെ ചാള്‍ ലാങ്വെല്‍റ്റ് ബൗള്‍ഡാക്കി. തൊട്ടടുത്ത വര്‍ഷം പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ധോണിക്കു നറുക്കുവീണു. കിരീടവിജയത്തോടെയാണ് അദ്ദേഹം ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചത്. പിന്നീട് 2011ല്‍ ഏകദിന ലോകകപ്പും 13ല്‍ ചാംപ്യന്‍സ് ട്രോഫിയും ധോണി രാജ്യത്തിനു നേടിത്തന്നു. 2020ല്‍ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കുകയും ചെയ്തു.

ദിനേശ് കാര്‍ത്തിക്
പ്രഥമ ടി20യില്‍ കളിക്കുകയും ഇപ്പോഴും മല്‍സരരംഗത്ത് തുടരുകയും ചെയ്യുന്ന ഒരേയൊരു താരം വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ്. ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയിലും ഡിക്കെ ടീമിലുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം.
അരങ്ങേറ്റ ടി20യില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായത് കാര്‍ത്തികായിരുന്നു. പുറത്താവാതെ 28 ബോളില്‍ 31 റണ്‍സാണ് അദ്ദേഹം അന്നു നേടിയത്. മൂന്നു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.

സുരേഷ് റെയ്‌ന
മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ആദ്യ ടി20 മല്‍സരം കളിച്ച ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്നു. പുറത്താവാതെ നാലു ബോളില്‍ മൂന്നു റണ്‍സാണ് താരം നേടിയത്. ഫീല്‍ഡിങില്‍ രണ്ടു ക്യാച്ചുകളെടുത്ത റെയ്‌ന ഒരു റണ്ണൗട്ടിലും വഴിയൊരുക്കിയിരുന്നു.
ഇന്ത്യക്കു വേണ്ടി 78 ടി20കളും 226 ഏകദിനങ്ങളും കളിച്ച റെയ്‌ന ടി20യില്‍ സെഞ്ച്വറിയടിച്ച ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. 2010ലെ ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയായിരുന്നു അദ്ദേഹം സെഞ്ച്വറി കുറിച്ചത്.

ഇര്‍ഫാന്‍ പഠാന്‍
മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന് പ്രഥമ ടി20യില്‍ വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ബാറ്റ് ചെയ്യാനുള്ള അവസരവും ലഭിച്ചില്ല. ഇന്ത്യക്കു വേണ്ടി 24 ടി20കളില്‍ കളിച്ച ഇര്‍ഫാന്‍ 2012ല്‍ വിരമിക്കുകയും ചെയ്തു.

ഹര്‍ഭജന്‍ സിങ്
മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പ്രഥമ ടി20 മല്‍സരത്തില്‍ ഇന്ത്യക്കായി കളിച്ചിരുന്നു. മൂന്നോവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം ഒരു വിക്കറ്റും വീഴ്ത്തി. 21 റണ്‍സെടുത്ത ജൊഹാന്‍ വാന്‍ഡര്‍വാത്തിനെ പുറത്താക്കിയാണ് ഭാജി കന്നി ടി20 വിക്കറ്റ് സ്വന്തമാക്കിയത്. 2007ലെ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 28 കളിലും കളിച്ചിട്ടുണ്ട്്. അവസാന മല്‍സരം 2016ലായിരുന്നു.
2021 വരെ ഐപിഎല്ലിലുണ്ടായിരുന്ന ഹര്‍ഭജന്‍ കഴിഞ്ഞ ഡിസംബറില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കലും പ്രഖ്യാപിച്ചു.

സഹീര്‍ ഖാന്‍
ഇടംകൈയന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍ കന്നി ടി20യില്‍ രണ്ടോവറില്‍ 15 റണ്‍സിനു രണ്ടു വിക്കറ്റുകളുമായി തിളങ്ങിയിരുന്നു. ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത്, ലൂട്‌സ് ബോസ്മാന്‍ എന്നിവരുടെ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇന്ത്യക്കു വേണ്ടി 17 ടി20കള്‍ മാത്രമേ സഹീര്‍ കളിച്ചിട്ടുള്ളൂ. 2012ലെ ടി20 ലോകകപ്പിലായിരുന്നു അവസാന മല്‍സരം. 2015ല്‍ വിരമിച്ച അദ്ദേഹം ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഡയറക്ടറാണ്.

അജിത് അഗാര്‍ക്കര്‍
ഫാസ്റ്റ് ബൗര്‍ അജിത് അഗാര്‍ക്കറാണ് പ്ലെയിങ് ഇലവനിലുണ്ടായിരുന്ന മറ്റൊരു താരം. മല്‍സരത്തില്‍ 2.3 ഓവറില്‍ 10 റണ്‍സിന് രണ്ടു വിക്കറ്റുകളും അദ്ദേഹം നേടി. അപകടകാരികളായ ഹെര്‍ഷല്‍ ഗിബ്‌സ്, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ വിക്കറ്റുകള്‍ അഗാര്‍ക്കര്‍ക്കായിരുന്നു. 2007ലെ ടി20 ലോകകപ്പ് സംഘത്തിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. പക്ഷെ നാലു ടി20കളില്‍ മാത്രമേ കളിക്കാനായുള്ളൂ. 2013ല്‍ അഗാക്കര്‍ വിരമിച്ചു.

ശ്രീശാന്ത്
മലയാളി താരവും മുന്‍ ഫാസ്റ്റ് ബൗളറുമായ എസ് ശ്രീശാന്തും കന്നി ട20 മല്‍സരത്തില്‍ പന്തെറിഞ്ഞിട്ടുണ്ട്. നാലോവരില്‍ 33 റണ്‍സിനു ഒരു വിക്കറ്റും ലഭിച്ചു. 27 റണ്‍സെടുത്ത ആല്‍ബി മോര്‍ക്കലിനെയാണ് പുറത്താക്കിയത്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ശ്രീ ടീമിലുണ്ടായിരുന്നു. 2013ല്‍ ഒത്തുകളി വിവാദത്തിലകപ്പെട്ട് വിലക്ക് നേരിട്ട അദ്ദേഹത്തിനു ഏഴു വര്‍ഷമാണ് നഷ്ടമായത്. ഈ വര്‍ഷം ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിക്കുകയും ചെയ്തു.


Click it and Unblock the Notifications











