ഇന്ത്യ- ന്യൂസിലാന്‍ഡ്: ഇനി ജഡേജ സൂപ്പര്‍ 7, ധോണിയെ പിന്തള്ളി!! കിവികളുടെ കാത്തിരിപ്പ് തീര്‍ന്നു
ഓക്ക്‌ലാന്‍ഡ്: ടി20യിലെ മിന്നും പ്രകടനം ആവര്‍ത്തിക്കാനാവാതെയാണ് ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ കീഴടങ്ങിയത്. ജയിക്കാമായിരുന്ന ആദ്യ മല്‍സരം കൈവിട്ട ഇന്ത്യ രണ്ടാം ഏകദിനത്തില്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. 22 റണ്‍സിന്റെ വിജയമാണ് കിവികള്‍ നേടിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി.
ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ഫിഫ്റ്റികള്‍ക്കും നവദീപ് സെയ്‌നിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. ഈ മല്‍സരത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്കു ഒന്നു കണ്ണോടിക്കാം.

ആദ്യ പരമ്പര
2014നു ശേഷം ഇന്ത്യക്കെതിരേ ആദ്യത്തെ ഏകദിന പരമ്പര കൂടിയാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തെ അവരുടെ കാത്തിരിപ്പാണ് ഇത്തവണ അവസാനിച്ചത്. 2014നു ശേഷം നടന്ന മൂന്നു ഏകദിന പരമ്പരകളിലും ഇന്ത്യയായിരുന്നു ജേതാക്കള്‍. 2016, 17, 19 വര്‍ഷങ്ങളില്‍ നടന്ന ഏകദിന പരമ്പരകളിലാണ് കിവീസിനെതിരേ ഇന്ത്യ വെന്നിക്കൊടി പാറിച്ചത്.

ജഡേജയ്ക്കു കൈയടിക്കാം
കളിയില്‍ 55 റണ്‍സുമായി ഇന്ത്യയുടെ ടോപ്‌സ്‌കോററായ ജഡേജ പുതിയൊരു നാഴികക്കല്ലും പിന്നിട്ടു. ഏകദിനത്തില്‍ ഏഴാമനായി ഇറങ്ങി ഇന്ത്യക്കു വേണ്ടി കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ താരമെന്ന റെക്കോര്‍ഡിന് അദ്ദേഹം അവകാശിയായി. ഏകദിന കരിയറില്‍ താരത്തിന്റെ ഏഴാം ഫിഫ്റ്റിയായിരുന്നു ഈ കളിയിലേത്.
ഈ മല്‍സരത്തിലെ ഇന്നിങ്‌സിനു മുമ്പ് ആറു ഫിഫ്റ്റികളുമായി മുന്‍ ഇതിഹാസ നായകന്‍മാരായ എംഎസ് ധോണി, കപില്‍ ദേവ് എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു അദ്ദേഹം.

ജാമിസണിനു നേട്ടം
അരങ്ങേറ്റ മല്‍സരം കളിച്ച ന്യൂസിലാന്‍ഡ് പേസര്‍ കൈല്‍ ജാമിസണ്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവുമായാണ് കളം വിട്ടത്. ബാറ്റിങില്‍ പുറത്താവാതെ 25 റണ്‍സെടുത്ത താരം ബൗളിങില്‍ രണ്ടു വിക്കറ്റുകളുമായും കസറിയിരുന്നു.
ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ചായി മാറിയ രണ്ടാമത്തെ താരമായി ജാമിസണ്‍ മാറി. 2001ല്‍ സിംബാബ്‌വെയ്‌ക്കെതിരേ റോബ് നിക്കോളാണ് ഇതിനു മുമ്പ് ഈ നേട്ടത്തിന് അവകാശിയായിട്ടുള്ളത്

ഇന്ത്യയുടെ 423ാം തോല്‍വി
ഏകദിനത്തില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ തോറ്റ ടീമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് നിലവില്‍ ഇന്ത്യയുടെ പേരിലാണ്. രണ്ടാം ഏകദിനത്തിലേറ്റ പരാജയത്തോടെ ഒന്നാംസ്ഥാനം ഇന്ത്യ ഒന്നു കൂടി ഉറപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ 423ാമത്തെ തോല്‍വിയായിരുന്നു ന്യൂസിലാന്‍ഡിനെതിരേയുള്ളത്. 421 ഏകദിനങ്ങളില്‍ തോറ്റ ശ്രീലങ്കയാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications