Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ- ന്യൂസിലാന്‍ഡ്: മുന്‍നിര ചതിച്ചു, വാലില്‍ പൊരുതി ഇന്ത്യ കീഴടങ്ങി... കിവീസിന് പരമ്പര

1
46209
New Zealand Beat India By 22 Runs In The 2nd ODI | Oneindia Malayalam

ഓക്ക്‌ലാന്‍ഡ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലേറ്റ ദയനീയ പരാജയത്തിനു ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് കണക്കുതീര്‍ത്തു. തുടര്‍ച്ചയായ രണ്ടാം ഏകദിനവും ജയിച്ച് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ കിവീസ് 2-0ന്റെ അപരാജിത ലീഡ് നേടി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിന് 273 റണ്‍സെടുത്തു. മറുപടിയില്‍ മുന്‍ ബാറ്റിങ് നിരയുടെ ദയനീയ പ്രകടനം ഇന്ത്യയെ ചതിച്ചു. 48.3 ഓവറില്‍ 251 റണ്‍സിന് ഇന്ത്യ കൂടാരത്തില്‍ തിരിച്ചെത്തി.

രവീന്ദ്ര ജഡേജ (55), ശ്രേയസ് അയ്യര്‍ (52), നവദീപ് സെയ്‌നി (45) എന്നിവര്‍ മാത്രമേ ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയുള്ളൂ. 73 പന്തില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. ശ്രേയസ് 57 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 52 റണ്‍സെടുത്തത്. സെയ്‌നി 49 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. എട്ടാം വിക്കറ്റില്‍ ജഡേജ- സെയ്‌നി സഖ്യം 76 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും സെയ്‌നി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ന്യൂസിലാന്‍ഡിനായി ഹാമിഷ് ബെന്നറ്റ്, ടിം സോത്തി, അരങ്ങേറ്റക്കാരന്‍ കൈല്‍ ജാമിസണ്‍, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കിവീസ് എട്ടു വിക്കറ്റിന് 273 റണ്‍സെടുത്തു. മാര്‍ട്ടിന്‍ ഗുപ്റ്റിലും (79) റോസ് ടെയ്‌ലറുമാണ് (73*) കിവീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഒരു ഘട്ടത്തില്‍ എട്ടിന് 197 റണ്‍സെന്ന നിലയില്‍ പതറിയ കിവീസിനെ അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ ടെയ്‌ലറും അരങ്ങേറ്റക്കാരന്‍ കൈല്‍ ജാമിസണും ചേര്‍ന്നു കരകയറ്റുകയായിരുന്നു. 51 പന്തില്‍ 76 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. 25 റണ്‍സുമായി ജാമിസണ്‍ ടെയ്‌ലര്‍ക്കൊപ്പം പുറത്താവാതെ നിന്നു.

ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയ കിവീസിനെ ഇന്ത്യ പിടിച്ചുനിര്‍ത്തുകയായിരുന്നു. 56 റണ്‍സിനിടെ ഏഴു വിക്കറ്റുകളാണ് ഇന്ത്യ കൊയ്തത്. 79 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ഗുപ്റ്റില്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ടെയ്‌ലര്‍ 74 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. ഹെന്റി നിക്കോള്‍സ് (41), ടോം ബ്രെന്‍ഡല്‍ (22) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഒന്നിന് 142 റണ്‍സെന്ന നിലയില്‍ നിന്നാണ് കിവീസ് എട്ടിന് 197 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയത്. മൂന്നു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചഹലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ശര്‍ദ്ദുല്‍ താക്കൂറിനു രണ്ടു വിക്കറ്റ് ലഭിച്ചു. ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് ഷമി, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്കു പകരം നവദീപ് സെയ്‌നിയും യുസ്വേന്ദ്ര ചഹലും പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്തു ന്യൂസിലാന്‍ഡ് ടീമിലും രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ക്കു പകരം മാര്‍ക്ക് ചാപ്പ്മാനും കൈല്‍ ജാമിസണും കളിച്ചു. ആറടി എട്ടിഞ്ചുകാരനായ പേസര്‍ ജാമിസണിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്.

മികച്ച തുടക്കം

മികച്ച തുടക്കം

ആദ്യ ഏകദിനത്തിനു സമാനമായി ഈ മല്‍സരത്തിലും മികച്ച തുടക്കമാണ് ഗുപ്റ്റിലും നിക്കോള്‍സും ചേര്‍ന്നു ന്യൂസിലാന്‍ഡിനു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഈ ജോടി 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂവിനു വേണ്ടി 17ാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. 59 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 41 റണ്‍സെടുത്ത നിക്കോള്‍സിനെ ചഹല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

രണ്ടാം വിക്കറ്റ്

രണ്ടാം വിക്കറ്റ്

ഗുപ്റ്റിലിനു കൂട്ടായി ടോം ബ്രെന്‍ഡലാണ് എത്തിയത്. രണ്ടാം വിക്കറ്റില്‍ ഈ ജോടി 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അപകടകരമായ രീതിയില്‍ മുന്നേറിയ ഈ സഖ്യത്തെ പിരിച്ചത് ശര്‍ദ്ദുല്‍ താക്കൂറായിരുന്നു. 27ാം ഓവറിലെ മൂന്നാം പന്തില്‍ ബ്രെന്‍ഡലിനെ താക്കൂര്‍ മടക്കി. 25 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 22 റണ്‍സെടുത്ത ബ്രെന്‍ഡലിനെ മിഡ് ഓണില്‍ സെയ്‌നി അനായാസ ക്യാച്ചിലൂടെ പുറത്താക്കി.

കൂട്ടത്തകര്‍ച്ച

കൂട്ടത്തകര്‍ച്ച

പിന്നീട് കിവികളുടെ ഒരു സഖ്യത്തെയും നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദച്ചില്ല. തുടര്‍ച്ചയായ ഇടവേളകൡ ഇന്ത്യ വിക്കറ്റുകള്‍ പിഴുതു കൊണ്ടിരുന്നു. മൂന്നാം വിക്കറ്റില്‍ പരിചയസമ്പന്നരായ ഗുപ്റ്റിലും ടെയ്‌ലറും ചേര്‍ന്ന് കിവികളെ വമ്പന്‍ സ്‌കോറിലെത്തിക്കുമെന്ന് കരുതിയെങ്കിലും ഗുപ്റ്റിലിന്റെ റണ്ണൗട്ട് കളിയിലെ വഴിത്തിരിവായി. 79 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 79 റണ്‍സെടുത്ത ഗുപ്റ്റിലിനെ താക്കൂറിന്റെ ത്രോയില്‍ രാഹുല്‍ സ്റ്റംപ് ചെയ്തു (മൂന്നിന് 157).

26 റണ്ണിനിടെ അഞ്ച് വിക്കറ്റ്

26 റണ്ണിനിടെ അഞ്ച് വിക്കറ്റ്

പിന്നീട് കിവീസിന് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. 26 റണ്ണിനിടെ അഞ്ചു വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. നായകന്‍ ലാതമിനെ (7) ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍ ജെയിംസ് നീഷാമിനെ (3) ജഡേജ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി.
അഞ്ചു റണ്‍സെടുത്ത കോൡ ഡി ഗ്രാന്‍ഡോമിനെ താക്കൂറിന്റെ ബൗളിങില്‍ ശ്രേയസ് ക്യാച്ച് ചെയ്തു. പരമ്പരയില്‍ ആദ്യമായി കളിച്ച മാര്‍ക്ക് ചാപ്പ്മാനെ (1) ചഹല്‍ സ്വന്തം ബൗളിങില്‍ പിടികൂടി. ടിം സോത്തിയാണ് (3) എട്ടാമനായി ക്രീസ് വിട്ടത്. ചഹലിന്റെ ബൗളിങില്‍ സെയ്‌നി ക്യാച്ചെടുക്കുകയായിരുന്നു. ഇതോടെ കിവീസ് എട്ടിന് 197 റണ്‍സെന്ന നിലയിലേക്കു വീണു.

തുടക്കം പാളി

തുടക്കം പാളി

274 റണ്‍സെന്ന വിജയലക്ഷ്യം തേടിയിറങ്ങിയപ്പോള്‍ ഇന്ത്യക്കു മികച്ച തുടക്കം അനിവാര്യമായിരുന്നു. പക്ഷെ ഇന്ത്യ പ്രതീക്ഷിച്ചതല്ല സംഭവിച്ചത്. 10 ഓവര്‍ ആവുമ്പോഴേക്കും മൂന്നു വിലപ്പെട്ട വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. ഇന്ത്യയുടെ പുതിയ ഓപ്പണിങ് സഖ്യമായ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും ടീമിന് ശക്തമായ തുടക്കം നല്‍കുന്നതില്‍ വീണ്ടും പരാജയപ്പെട്ടു.
സ്‌കോര്‍ 21ല്‍ വച്ച് മായങ്കിനെ (3) ബെന്നറ്റിന്റെ ബൗളിങില്‍ ടെയ്‌ലര്‍ പിടികൂടി. 13 റണ്‍സ് കൂടി നേടുന്നതിനിടെ പൃഥ്വിയും പുറത്ത്. 19 പന്തില്‍ ആറു ബൗണ്ടറികളുമായി ആക്രമിച്ചു കളിച്ച പൃഥ്വിയെ അരങ്ങേറ്റക്കാരന്‍ ജാമിസണ്‍ ബൗള്‍ഡാക്കി.
റണ്‍ചേസില്‍ പല തവണ ഇന്ത്യയുടെ ഹീറോയായിട്ടുള്ള നായകന്‍ കോലിക്ക് ഇത്തവണ മാജിക്ക് ആവര്‍ത്തിക്കാനായില്ല. 15 റണ്‍സെടുത്ത കോലിയെ സോത്തി ബൗള്‍ഡാക്കിയപ്പോള്‍ ഇന്ത്യ സ്തബ്ധരായി. ഇതോടെ ഇന്ത്യ മൂന്നിന് 57 റണ്‍സെന്ന നിലയിലേക്കു വീണു. ഈ തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ ഇന്ത്യക്കായില്ല.

രാഹുലിന്റെ വിക്കറ്റ്

രാഹുലിന്റെ വിക്കറ്റ്

ശ്രേയസ് അയ്യരും മിന്നുന്ന ഫോമിലുള്ള ലോകേഷ് രാഹുലും ചേര്‍ന്ന് ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. ഇത്തവണ രാഹുലിന് അധികം ആയുസ്സുണ്ടായില്ല. നാലു റണ്ണെടുത്ത രാഹുല്‍ ഗ്രാന്‍ഡോമിന്റെ ബൗളിങില്‍ ബൗള്‍ഡായി ക്രീസ് വിട്ടു.
തട്ടിയും മുട്ടിയും നിന്ന് 27 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത കേദാര്‍ ജാദവിനെ സൗത്തിയുടെ ബൗളിങില്‍ നിക്കോള്‍സ് പിടികൂടിയതോടെ ഇന്ത്യ അഞ്ചിന് 96 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തി.

ശ്രേയസിന്റെ ഫിഫ്റ്റി

ശ്രേയസിന്റെ ഫിഫ്റ്റി

ആദ്യ ഏകദിനത്തില്‍ സെഞ്ച്വറിയോടെ തിളങ്ങിയ ശ്രേയസ് അയ്യര്‍ ഈ മല്‍സരത്തിലും നിരാശപ്പെടുത്തിയില്ല. മറ്റുള്ളവര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞപ്പോള്‍ ക്ഷമയോടെ കളിച്ച ശ്രേയസ് ഫിഫ്റ്റി തികച്ചു. രവീന്ദ്ര ജഡേജയോടൊപ്പം ആറാം വിക്കറ്റില്‍ 33 റണ്‍സ് ശ്രേയസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശ്രേയസിനെ പുറത്താക്കി ബെന്നറ്റ് ഇന്ത്യക്കു അടുത്ത പ്രഹരമേല്‍പ്പിച്ചു. ബെന്നറ്റിന്റെ ബൗളിങില്‍ ലാതമാണ് ശ്രേയസിന്റെ ക്യാച്ചെടുത്തത്. ഇന്ത്യ ഏഴിന് 153.

ജഡേജ-സെയ്‌നി കൂട്ടുകെട്ട്

ജഡേജ-സെയ്‌നി കൂട്ടുകെട്ട്

200 റണ്‍സ് പോലും തികയ്ക്കില്ലെന്നു കരുതിയ ഇന്ത്യയെ പിന്നീട് ജഡേജ- നവദീപ് സെയ്‌നി സഖ്യം തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ കരകയറ്റി. എട്ടാം വിക്കറ്റില്‍ 76 റണ്‍സാണ് ഈ ജോടി അടിച്ചെടുത്തത്. ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു. ജഡേജയും സെയ്‌നിയും ചേര്‍ന്ന് ഒരു ഘട്ടത്തില്‍ ഇന്ത്യയെ അവിസ്മരണീയ ജയത്തിലേക്കു നയിക്കുമെന്ന് കരുതിയെങ്കിലും ജാമിസണിലൂടെ കിവികള്‍ തിരിച്ചടിച്ചു. 45ാം ഓവറിലെ രണ്ടാം പന്തില്‍ സിക്‌സര്‍ പറത്തിയ സെയ്‌നിയെ ജാമിസണ്‍ തൊട്ടടുത്ത ബോളില്‍ ബൗള്‍ഡാക്കി. 45 പന്തുകള്‍ നേരിട്ട സെയ്‌നിയുടെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, നവദീപ് സെയ്‌നി, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍.

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്‍ റി നിക്കോള്‍സ്, ടോം ലാതം (ക്യാപ്റ്റന്‍),
ടോം ബ്രെന്‍ഡെല്‍, റോസ് ടെയ്‌ലര്‍, ജെയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സോത്തി, മാര്‍ക്ക് ചാപ്പ്മാന്‍, ഹാമിഷ് ബെന്നറ്റ്.

Story first published: Saturday, February 8, 2020, 15:45 [IST]
Other articles published on Feb 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+