നാലാം ടി20: അവിസ്മരണീയം, വീണ്ടുമൊരു ടൈ... സൂപ്പര്‍ ഓവറില്‍ സൂപ്പര്‍ ഇന്ത്യ
വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയും സൂപ്പര്‍ ഓവര്‍ ത്രില്ലറായി മാറി. ഇത്തവണയും വിജയ ഭാഗ്യം ഇന്ത്യക്കൊപ്പം തന്നെ നിന്നു. പരമ്പരയിലെ നാലാമത്തെ മല്‍സരത്തില്‍ അവിസ്മരണീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തുകയും ചെയ്തു. തോല്‍വിയുടെ വക്കില്‍ നിന്നാണ് ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഇന്ത്യ മല്‍സരം ടൈയാക്കിയതു തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ വെന്നിക്കൊടി പാറിച്ചതും. ടോസിനു ശേഷം ബാറ്റിങിനിയക്കപ്പെട്ട ഇന്ത്യ 165 റണ്‍സാണ് നേടിയത്. മറുപടിയില്‍ ന്യൂസിലാന്‍ഡിനു ഏഴു വിക്കറ്റിന് ഇതേ സ്‌കോര്‍ തന്നെയാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ കളി സൂപ്പര്‍ ഓവറിലെത്തി.

സൂപ്പര്‍ ഓവറില്‍ ടിം സെയ്‌ഫേര്‍ട്ടും കോളിന്‍ മണ്‍റോയും ചേര്‍ന്നാണ് ന്യൂസിലാന്‍ഡിനായി ബാറ്റിങിനിറങ്ങിയത്. ഇന്ത്യക്കായി ബൗള്‍ ചെയ്തത് ബുംറ. ആദ്യ പന്തില്‍ സെയ്‌ഫേര്‍ട്ട് രണ്ടു റണ്ണെടുത്തു. രണ്ടാമത്തെ പന്തില്‍ ബൗണ്ടറി. മൂന്നാമത്തെ പന്തില്‍ വീണ്ടും രണ്ടു റണ്‍സ്, നാലാം പന്തില്‍ സെയ്‌ഫേര്‍ട്ടിനെ വാഷിങ്ടണ്‍ സുന്ദര്‍ പിടികൂടി. ആദ്യ നാലു പന്തില്‍ കീവീസ് നേടിയത് എട്ടു റണ്‍സ്. അഞ്ചാം പന്തില്‍ മണ്‍റോ ബൗണ്ടറി നേടി. ആറാമത്തെ പന്തില്‍ സിംഗിള്‍. ഇതോടെ സൂപ്പര്‍ ഓവറില്‍ ഇന്ത്യയുടെ ലക്ഷ്യം 14 റണ്‍സ്.
ടിം സോത്തിയാണ് ഈ കളിയില്‍ കിവീസിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. നായകന്‍ വിരാട് കോലിയും ലോകേഷ് രാഹുലുമാണ് ഇന്ത്യക്കായി ചേസിങിനെത്തിയത്. ആദ്യ പന്ത് രാഹുല്‍ സിക്‌സറിലേക്കു പറത്തി. ഇതോടെ ഇന്ത്യക്കു അഞ്ചു പന്തില്‍ വേണ്ടത് എട്ടു റണ്‍സ് മാത്രം. രണ്ടാമത്തെ പന്തില്‍ രാഹുല്‍ ബൗണ്ടറി നേടി. എന്നാല്‍ മൂന്നാം പന്തില്‍ രാഹുലിനെ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ ക്യുഗെലൈന്‍ പിടികൂടി. സഞ്ജു സാംസണാണ് തുടര്‍ന്നു ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. നാലാമത്തെ പന്തില്‍ കോലിയും സഞ്ജുവും ചേര്‍ന്ന് രണ്ടു രണ്ണെടുത്തു. ഇനി രണ്ടു പന്തില്‍ വേണ്ടത് രണ്ടു റണ്‍സ് മാത്രം. അഞ്ചാമത്തെ പന്തില്‍ ബൗണ്ടറി പായിച്ച് കോലി ഇന്ത്യക്കൊരു മറ്റൊരു അവിസ്മരണീയ വിജയം സമ്മാനിച്ചു.

20ാം ഓവറില്‍ ന്യൂസിലാന്‍ഡിനു ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും ഏഴു റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ ശര്‍ദ്ദുല്‍ താക്കൂറിന്റെ ഓവറില്‍ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് സ്‌റ്റേഡിയം സാക്ഷിയായത്. ആദ്യ പന്തില്‍ റോസ് ടെയ്‌ലറെ (24) താക്കൂര്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഡാരില്‍ മിച്ചെല്‍ ബൗണ്ടറി നേടി. ഇതോടെ നാലു പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്നു റണ്‍സ് മാത്രം. എന്നാല്‍ മൂന്നാമത്തെ പന്തില്‍ സെയ്‌ഫേര്‍ട്ടിനെ റണ്ണൗട്ടാക്കി വീണ്ടും ഇന്ത്യന്‍ തിരിച്ചടി. നാലാമത്തെ പന്തില്‍ മിച്ചെല്‍ സാന്റ്‌നര്‍ ഒരു റണ്ണെടുത്തു. ഇതോടെ രണ്ടു പന്തില്‍ ലക്ഷ്യം രണ്ടു റണ്‍സ്. അഞ്ചാമത്തെ പന്തില്‍ ഡാരില്‍ മിച്ചെലിനെ (4) ശിവം ദുബെ പിടികൂടിയതോടെ വീണ്ടും പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍. അവസാന പന്തില്‍ ഒരു റണ്ണെടുത്താല്‍ സൂപ്പര്‍ ഓവര്‍, രണ്ടു റണ്ണെടുത്താല്‍ ന്യൂസിലാന്‍ഡിന് ജയിക്കാം. സാന്റ്‌നറും ക്യുഗെലൈനും ചേര്‍ന്ന് ആദ്യ റണ്‍ ഓടിയെടുത്തെങ്കിലും രണ്ടാമത്തെ റണ്‍സ് പൂര്‍ത്തിയാക്കും മുമ്പ് സഞ്ജു സാംസണിന്റെ ത്രോയില്‍ സാന്റ്‌നര്‍ റണ്ണൗട്ട്, സ്‌കോര്‍ തുല്യം.

കോളിന്‍ മണ്‍റോ (64), ടിം സെയ്‌ഫേര്‍ട്ട് (57) എന്നിവരാണ് കിവീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. 47 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് മണ്‍റോ 64 റണ്‍സുമായി കിവീസിന്റെ ടോപ്‌സ്‌കോററായത്. സെയ്‌ഫേര്‍ട്ട് 39 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (4) തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ഇന്ത്യക്കായെങ്കിലും മണ്‍റോ, സെയ്‌ഫേര്‍ട്ട് സഖ്യത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സുകള്‍ കിവികള്‍ക്കു കരുത്തായി.
നേരത്തേ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ മല്‍സരത്തില്‍ എട്ടു വിക്കറ്റിനു 165 റണ്‍സാണ് ഇന്ത്യ നേടിയത്. മനീഷ് പാണ്ഡെയുടെ (50*) അപരാജിത ഫിഫ്റ്റിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു മാന്യത നല്‍കിയത്. 36 പന്തില്‍ മൂന്നു ബൗണ്ടറികളോടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ലോകേഷ് രാഹുല്‍ (39), ശര്‍ദ്ദുല്‍ താക്കൂര്‍ (20) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. ശിവം ദുബെ (12), നായകന്‍ വിരാട് കോലി (11), നവദീപ് സെയ്‌നി (11*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ ഇഷ് സോധിയാണ് കിവീസ് ബൗളര്‍മാരില്‍ മികച്ചു നിന്നത്. ഹാമിഷ് ബെന്നറ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി.
തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ടോസ് ലഭിച്ച കിവീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചില മാറ്റങ്ങളുമായായാണ് ഇരുടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങിയത്. രോഹിത് ശര്‍മ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം നല്‍കിയ ഇന്ത്യ പകരം മലയാളി താരം സഞ്ജു സാംസണ്‍, നവദീപ് സെയ്‌നി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തി. മറുഭാഗത്ത് പരിക്കു കാരണം ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണില്ലാതെയാണ് കിവീസ് ഇറങ്ങിയത്. പകരം പേസര്‍ ടിം സോത്തിയാണ് ടീമിനെ നയിച്ചത്. വില്ല്യംസണിനു പകരം ഡാരില്‍ മിച്ചെലും കോളിന്‍ ഡി ഗ്രാന്‍ഡോമിനു പകരം ടോം ബ്രൂസും ടീമിലെത്തി.

സഞ്ജു വീണ്ടും നിരാശപ്പെടുത്തി
ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച സുവര്‍ണാവസരം മലയാളി താരം സഞ്ജു സാംസണ്‍ നഷ്ടപ്പെടുത്തി. മികച്ച ഇന്നിങ്‌സുമായി ടീം മാനേജ്‌മെന്റിന്റെ പ്രീതി പറ്റാന്‍ ഇതിനേക്കാള്‍ നല്ലൊരു അവസരം ഇനി സഞ്ജുവിന് ലഭിക്കാനില്ല. പക്ഷെ എട്ടു റണ്‍സ് മാത്രമാണ് താരത്തിനു നേടാനായത്.
അഞ്ചു പന്തില്‍ ഒരു സിക്‌സറോടെ എട്ടു റണ്‍സെടുത്ത സഞ്ജു ലൂസ് ബോളില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ക്യുഗെലൈന്റെ ബൗളിങില്‍ മിച്ചെല്‍ സാന്റ്‌നറാണ് സഞ്ജുവിനെ പിടികൂടിയത്

കോലിക്ക് അധികം ആയുസ്സില്ല
ഈ പരമ്പരയില്‍ ഒരു ഫിഫ്റ്റി പോലും നേടിയിട്ടില്ലാത്ത നായകന്‍ വിരാട് കോലിക്കു ഈ മല്‍സരത്തിലും തിളങ്ങാനായില്ല. മൂന്നാമനായി ക്രീസിലെത്തിയ കോലിക്കു ഒമ്പത് പന്തുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ.
രണ്ടു ബൗണ്ടറികളോടെ 11 റണ്‍സെടുത്ത് മികച്ച രീതിയില്‍ തുടങ്ങിയ കോലിയെ ബെന്നറ്റ് മടക്കി. ഷോര്‍ട്ട് ബോളില്‍ ഓണ്‍സൈഡിലേക്കു ഷോട്ട് കളിച്ച കോലിയെ കവറില്‍ സാന്റ്‌നര്‍ പിടികൂടി.

നിരാശപ്പെടുത്തി ശ്രേയസും
ഈ പരമ്പരയില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ച ശ്രേയസ് അയ്യര്‍ക്കും ഈ കളിയില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. റണ്ണെടുക്കാന്‍ വിഷമിച്ച ശ്രേയസിനെ പുറത്താക്കിയത് സ്പിന്നര്‍ ഇഷ് സോധിയായിരുന്നു. ഏഴു പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രമാണ് താരം നേടിയത്. സ്‌ക്വയര്‍ കട്ടിനു ശ്രമിച്ച ശ്രേയസിനെ വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് കൈയ്ക്കുള്ളിലാക്കി.

രക്ഷിക്കാന്‍ രാഹുലിനുമായില്ല
മൂന്നു വിക്കറ്റുകള്‍ വീണതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ ലേകേഷ് രാഹുല്‍ രക്ഷിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇഷ് സോധിയിലുടെ കിവീസ് വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. പുള്‍ ഷോട്ടിനു ശ്രമിച്ച രാഹുലിന് ടൈമിങ് പിഴച്ചപ്പോള്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ സാന്റ്‌നറുടെ കൈകളിലൊതുങ്ങി. മല്‍സരത്തില്‍ സാന്റ്‌നറുടെ മൂന്നാമത്തെ ക്യാച്ച് കൂടിയായിരുന്നു ഇത്. 26 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ദുബെയും സുന്ദറും
ശിവം ദുബെയെയും വാഷിങ്ടണ്‍ സുന്ദറിനെയും അടുത്തടുത്ത ഓവറുകളിലാണ് ഇന്ത്യക്കു നഷ്ടമായത്. 11ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ സോധിയാണ് ദുബെയെ മടക്കിയത്. ഒമ്പത് പന്തില്‍ രണ്ടു ബൗണ്ടറികളോടെ 12 റണ്‍സെടുത്ത ദുബെയെ ഡീപ്പ് മിഡ് വിക്കറ്റില്‍ ടോം ബ്രൂസ് ക്യാച്ച് ചെയ്തു.
തൊട്ടടുത്ത ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെ അക്കൗണ്ട് തുറക്കും മുമ്പ് സാന്റ്‌നര്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ ആറിന് 88 റണ്‍സെന്ന നിലയിലേക്കു വീണു.

താക്കൂറും ചഹലും
ഏഴാം വിക്കറ്റില്‍ പാണ്ഡെയും ശര്‍ദ്ദുല്‍ താക്കൂറും ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കരകയറ്റി. ഈ സഖ്യം കരുത്താര്‍ജിക്കവെ താക്കൂറിനെ ബെന്നറ്റ് പുറത്താക്കി. 15 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 20 റണ്‍സ് നേടിയ താക്കൂറിനെ ബെന്നറ്റ് നായകന്‍ സോത്തിക്കു സമ്മാനിക്കുകയായിരുന്നു.
യുസ്വേന്ദ്ര ചഹലാണ് ഇന്ത്യന്‍ നിരയില്‍ അവസാനമായി പുറത്തായ താരം. ഒരു റണ്ണെടുത്ത ചഹലിനെ സോത്തിയുടെ ബൗളിങില്‍ സെയ്‌ഫേര്‍ട്ട് ക്യാച്ചെടുത്തു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, ടോം ബ്രൂസ്, റോസ് ടെയ്‌ലര്‍, ടിം സെയ്‌ഫേര്‍ട്ട്, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലൈന്‍, ടിം സോത്തി (ക്യാപ്റ്റന്‍), ഇഷ് സോധി, ഹാമിഷ് ബെന്നറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications