ഇന്ത്യ- ന്യൂസിലാന്‍ഡ്: കോലിപ്പടയെ ഞെട്ടിച്ച് കിവീസ്... ആദ്യ ഏകദിനത്തില്‍ മിന്നും ജയം
ഹാമില്‍റ്റണ്‍: ടി20 പരമ്പരയിലേറ്റ ദയനീയ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ ഞെട്ടിച്ചു. 347 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും കോലിപ്പടയെ സ്തബ്ധരാക്കി കിവീസ് നാലു വിക്കറ്റിനു ജയിച്ചുകയറുകയായിരുന്നു. അഞ്ചു പന്തുകളും നാലു വിക്കറ്റുകളും ബാക്കിനില്‍ക്കെയാണ് ന്യൂസിലാന്‍ഡിന്റെ അവിശ്വസനീയ വിജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 347 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ന്യൂസിലാന്‍ഡ് തിരിച്ചടിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ റോസ് ടെയ്‌ലറുടെ (109*) 21ാം ഏകദിന സെഞ്ച്വറിയും ഹെന്റി നിക്കോള്‍സ് (78), നായകന്‍ ടോം ലാതം (69) എന്നിവരുടെ ഫിഫ്റ്റികളും കിവീസിനെ അവിസ്മരണീയ ജയത്തിലേക്കു നയിക്കുകയായിരുന്നു. 84 പന്തില്‍ 10 ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് ടെയ്‌ലര്‍ ആതിഥേയരുടെ വിജയശില്‍പ്പിയായത്. നിക്കോള്‍സ് 82 പന്തില്‍ 11 ബൗണ്ടറികളും ലാതം 48 പന്തില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. നാലാം വിക്കറ്റില്‍ ടെയ്‌ലര്‍- ലാതം സഖ്യം ചേര്‍ന്നെടുത്ത 138 റണ്‍സാണ് മല്‍സരം ന്യൂസിലാന്‍ഡിന്റെ വരുതിയിലാക്കിയത്. മികച്ച റണ്‍റേറ്റോടെ മുന്നേറിയ ഈ ജോടി അപ്രാപ്യമെന്നു കരുതിയ ലക്ഷ്യത്തിലേക്ക് ടീമിനെ എത്തിക്കുകയും ചെയ്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ നാലു വിക്കറ്റിനാണ് 347 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശ്രേയസ് അയ്യരുടെ (103) സെഞ്ച്വറിയും ലോകേഷ് രാഹുല്‍ (88*), ക്യാപ്റ്റന്‍ വിരാട് കോലി (51) എന്നിവരുടെ ഫിഫ്റ്റികളുമാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയാണ് ശ്രേയസ് നേടിയത്. 107 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 64 പന്തിലാണ് ആറു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം രാഹുല്‍ 88 റണ്‍സ് വാരിക്കൂട്ടിയത്. കോലി 63 പന്തിലാണ് ആറു ബൗണ്ടറികളോടെ 51 റണ്‍സെടുത്തത്. അരങ്ങേറ്റക്കാരും ഓപ്പണര്‍മാരുമായ മായങ്ക് അഗര്‍വാള്‍ (32), പൃഥ്വി ഷാ (20) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. വെറും 15 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 26 റണ്‍സെടുത്ത കേദാര്‍ ജാദവ് രാഹുലിനൊപ്പം പുറത്താവാതെ നിന്നു.

ന്യൂസിലാന്‍ഡിനു വേണ്ടി ടിം സോത്തി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ആദ്യ വിക്കറ്റില്‍ മായങ്ക്- പൃഥ്വി സഖ്യം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ നാലു റണ്ണിനിടെ ഇരുവരും പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കോലി- ശ്രേയസ് ജോടിയാണ് 106 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരിച്ചു കൊണ്ടു വന്നത്.
ടോസ് ലഭിച്ച കിവീസ് നായകന്‍ ടോം ലാതം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് പൃഥ്വിയുടെ വരവെങ്കില്‍ പരിക്കു കാരണം പിന്‍മാറിയ രോഹിത് ശര്‍മയുടെ പകരക്കാരാനായാണ് മായങ്കിന്റെ വരവ്.

മികച്ച തുടക്കം
ഇന്ത്യയുടെ പുതിയ ഓപ്പണിങ് സഖ്യവും അരങ്ങേറ്റക്കാരുമായ മായങ്കും പൃഥ്വിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആറിന് അടുത്ത് റണ്‍റേറ്റുമായി മുന്നേറിയ ഈ സഖ്യത്തെ വേര്‍പിരിച്ചത് കോളിന്‍ ഡി ഗ്രാന്‍ഡോമായിരുന്നു. 20 റണ്‍സെടുത്ത പൃഥ്വിയെ ഗ്രാന്‍ഡോമിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പറും നായകനുമായ ടോം ലാതം പിടികൂടി. തേര്‍ഡ് മാനിലേക്കു ഷേട്ട് കളിക്കാന്‍ ശ്രമിച്ച പൃഥ്വിക്കു പിഴച്ചു. ബാറ്റിന് അരികില്‍ തട്ടിയ പന്ത് ലാതം അനായാസം കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. 21 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളുണ്ടായിരുന്നു.

പിന്നാലെ മായങ്കും
പൃഥ്വി ക്രീസ് വിട്ട ശേഷം മായങ്കും അധികനേരം പിടിച്ചുനിന്നില്ല. ടീം സ്‌കേറിലേക്കു നാലു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മായങ്കും മടങ്ങി. മികച്ച ടൈമിങോടെ ഷോട്ടുകളുതിര്‍ത്ത മായങ്കിന്റെ വിക്കറ്റ് ടിം സോത്തിക്കാണ്. സോത്തിയുടെ ബൗളിങില്‍ ടോം ബ്ലെന്‍ഡലാണ് മായങ്കിന്റെ ഇന്നിങ്‌സിനു തിരശീലയിട്ടത്. സോത്തിയുടെ ഷോര്‍ട്ട് ബോളില്‍ സ്‌ക്വയര്‍ കട്ട് കളിച്ച മായങ്കിനെ പോയിന്റിലാണ് ബ്ലെന്‍ഡല്‍ ക്യാച്ചെടുത്തത്. 31 പന്തുകളില്‍ നിന്നും ആറു ബൗണ്ടറികളോടെയാണ് താരം 32 റണ്‍സെടുത്തത്.

കോലി- ശ്രേയസ് സഖ്യം
നാലു റണ്‍സിനിടെ രണ്ടു ഓപ്പണര്‍മാരെയും നഷ്ടമായ ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത് കോലി- ശ്രേയസ് സഖ്യമാണ്. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഇരുവരും ടീമിനെ കരകയറ്റി. 102 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. ഇതിനിടെ കോലി കരിയറിലെ മറ്റൊരു ഫിഫ്റ്റി കൂടി പൂര്‍ത്തിയാക്കി.
ഈ സഖ്യം അനായാസം മുന്നേറെവയാണ് കോലി പുറത്താവുന്നത്, ഇഷ് സോധിയാണ് തന്റെ ആദ്യ ഓവറില്‍ തന്നെ കോലിയെ മടക്കിയത്. സോധിയുടെ ഗൂഗ്ലി പ്രതിരോധിക്കാന്‍ ശ്രമിച്ച കോലിക്കു പിഴച്ചു. ബാറ്റിനും കാലിനുമിടയിലൂടെ പന്ത് സ്റ്റംപില്‍ പതിക്കുകയായിരുന്നു. 63 പ്വന്തില്‍ ആറു ബൗണ്ടറികളോടെയാണ് കോലി 51 റണ്‍സെടുത്തത്.

വീണ്ടുമൊരു മികച്ച കൂട്ടുകെട്ട്
മൂന്നാം വിക്കറ്റിനു പിന്നാലെ നാലാം വിക്കറ്റിലും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ശ്രേയസിനു കൂട്ടായി മിന്നുന്ന ഫോമിലുള്ള ലേകേഷ് രാഹുല്‍ എത്തിയതോടെ ഇന്ത്യന്‍ റണ്‍റേറ്റും കുത്തനെ ഉയര്‍ന്നു. ഈ ജോടി 136 റണ്‍സാണ് നാലാം വിക്കറ്റില്‍ നേടിയത്. ഇതോടെ ഇന്ത്യ 300ന് മുകളില്‍ ഉറപ്പിക്കുകയും ചെയ്തു.
കരിയറിലെ ആദ്യ സെഞ്ച്വറി തികച്ച ശ്രേയസ് മടങ്ങിയതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. ടിം സോത്തിയുടെ ബൗളിങില്‍ ശ്രേയസിനെ സാന്റ്‌നര്‍ പിടികൂടി.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ താക്കൂര്‍.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്‍റി നിക്കോള്‍സ്, ടോം ലാതം (ക്യാപ്റ്റന്‍),ടോം ബ്രെന്‍ഡെല്‍, റോസ് ടെയ്‌ലര്‍, ജെയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചെല്‍ സാന്റ്‌നര്‍, ടിം സോത്തി, ഇഷ് സോധി, ഹാമിഷ് ബെന്നറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications