ഇന്ത്യ- ന്യൂസിലാന്‍ഡ്: ഫൈവ് സ്റ്റാര്‍ ഇന്ത്യ... പരമ്പര തൂത്തുവാരി, ലോക റെക്കോര്‍ഡ്
ബേയ് ഓവല്‍: ടി20 പരമ്പരയില്‍ ന്യൂസിലാന്‍ഡിന് ആശ്വാസ ജയം പോലും നല്‍കാതെ ടീം ഇന്ത്യ ദൗത്യം പൂര്‍ത്തിയാക്കി. അഞ്ചാമത്തെയും അവസാനത്തെയും കളിയിലും ജയിച്ച് പരമ്പര ഇന്ത്യ തൂത്തുവാരി. ഇതോടെ പുതിയ ലോക റെക്കോര്‍ഡും മെന്‍ ഇന്‍ ബ്ലൂ തങ്ങളുടെ പേരില്‍ കുറിച്ചു. ലോക ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു ടീം ടി20 പരമ്പര 5-0ന് പോക്കറ്റിലാക്കിയത്. ഏഴു റണ്ണിനാണ് അവസാന കളിയില്‍ ഇന്ത്യന്‍ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിന് 163 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു കരുതിയ കിവികളെ മികച്ച ബൗളിങിലൂടെ ഇന്ത്യ കീഴടക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിനു 156 റണ്‍സെടുക്കാനെ ആതിഥേയര്‍ക്കായുള്ളൂ. റോസ് ടെയ്‌ലര്‍ (53), ടിം സെയ്‌ഫേര്‍ട്ട് (50) എന്നിവരുടെ ഇന്നിങ്‌സുകള്‍ മാറ്റി നിര്‍ത്തിയാല്‍ കിവീസ് നിരയില്‍ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.

47 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ടെയ്‌ലറുടെ ഇന്നിങ്‌സെങ്കില്‍ 30 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് സെയ്‌ഫേര്‍ട്ട് ഫിഫ്റ്റി നേടിയത്. തുടക്കത്തില്‍ കിവീസ് മൂന്നിന് 17 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ ടെയ്‌ലര്‍- സെയ്‌ഫേര്‍ട്ട് സഖ്യം 99 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടിലൂടെ ടീമിനെ കളിയിലേക്കു തിരിച്ചു കൊണ്ടു വന്നു. എന്നാല്‍ സെയ്‌ഫേര്‍ട്ടിനെ നവദീപ് സെയ്‌നി പുറത്താക്കിയ ശേഷം തുടര്‍ച്ചയായി വിക്കറ്റുകളെടുത്ത് ഇന്ത്യ പിടിമുറുക്കുകയായിരുന്നു.

മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 12 റണ്‍സ് മാത്രം വഴങ്ങിയാണ് ബുംറ മൂന്നു പേരെ പുറത്താക്കിയത്. നവദീപ് സെയ്‌നിയും ശര്‍ദ്ദുല്‍ താക്കൂറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബുംറയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ ലോകേഷ് രാഹുല്‍ മാന്‍ ഓഫ് ദിസീരീസായി തിരഞ്ഞെടുക്കപ്പെട്ടു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ മൂന്നു വിക്കറ്റിനാണ് 163 റണ്‍സെടുത്തത്. വിരാട് കോലിക്കു വിശ്രമം നല്‍കിയപ്പോള്‍ ടീമിനെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത ഹിറ്റ്മാന്‍ 60 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി. 41 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പരിക്കു കാരണം റിട്ടയേര്‍ഡ് ഹര്‍ട്ടായാണ് രോഹിത് ക്രീസ് വിട്ടത്. ലോകേഷ് രാഹുല്‍ (45), ശ്രേയസ് അയ്യര്‍ (33*) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ന്യൂസിലാന്‍ഡിനു വേണ്ടി ഹാമിഷ് ബെന്നറ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി.
തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച സുവര്‍ണാവസരം മലയാളി താരം സഞ്ജു സാംസണ്‍ നഷ്ടപ്പെടുത്തി. വെറും രണ്ടു റണ്‍സാണ് സഞ്ജുവിനു നേടാനായത്. സഞ്ജുവും രാഹുലും ചേര്‍ന്നാണ് ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. കോലിയുടെ മൂന്നാം നമ്പര്‍ പൊസിഷനില്‍ രോഹിത് ഇറങ്ങുകയായിരുന്നു.
കോലിക്കു പകരം രോഹിത് മടങ്ങിയെത്തിയതൊഴിച്ചാല്‍ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. റിഷഭ് പന്തിന് പരമ്പരയില്‍ തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും ഇന്ത്യ അവസരം നല്‍കിയില്ല. മറുഭാഗത്ത് പരിക്കേറ്റ കെയ്ന്‍ വില്ല്യംസണിനു പകരം ടിം സോത്തിയാണ് ഈ മല്‍സരത്തിലും കിവീസിനെ നയിക്കുന്നത്.

സഞ്ജു വീണ്ടും ഫ്‌ളോപ്പ്
തുടര്‍ച്ചയായ രണ്ടാം ടി20യിലും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടും മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഈ കളിയില്‍ വെറും രണ്ടു റണ്‍സെടുത്താണ് സഞ്ജു ക്രീസ് വിട്ടത്. കഴിഞ്ഞ മല്‍സരത്തില്‍ ഒരു സിക്‌സറടക്കം എട്ടു റണ്‍സെങ്കിലും നേടിയെങ്കിലും ഇത്തവണ അതിനുമായില്ല.
രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ സഞ്ജു മടങ്ങി. അഞ്ചു പന്തില്‍ രണ്ടു റണ്ണെടുത്ത താരം സ്‌കോട്ട് ക്യുഗെലൈന്റെ ബൗളിങില്‍ കവറില്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കു അനായാസ ക്യാച്ച് നല്‍കുകയായിരുന്നു.

രാഹുല്‍-രോഹിത് കൂട്ടുകെട്ട്
ടീം സ്‌കോര്‍ എട്ടില്‍ വച്ച് സഞ്ജുവിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ രാഹുലിന് കൂട്ടായി നായകന്‍ രോഹിത് ശര്‍മയെത്തിയതോടെ ഇന്ത്യ കരകയറി. രണ്ടാം വിക്കറ്റില്‍ ഈ ജോടി 88 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി. അനായാസം റണ്‍സെടുത്ത് മുന്നേറിയ ഈ സഖ്യം വേര്‍പിരിഞ്ഞത് രാഹുലിന്റെ പുറത്താവലോടെയാണ്.
ഫിഫ്റ്റിക്കു അഞ്ചു റണ്‍സ് അകലെ വച്ച് രാഹുലിനെ ഹാമിഷ് ബെന്നറ്റ് പുറത്താക്കി. ഓണ്‍സൈഡിലേക്കു ഷോട്ടിനു ശ്രമിച്ച രാഹുലിന് പിഴച്ചു. ബാറ്റില്‍ തട്ടിത്തെറിച്ച പന്ത് കവറില്‍ സാന്റ്‌നര്‍ അനായാസം പിടികൂടി. 33 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും രാഹുലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ട്
മികച്ച ഫോമില്‍ ബാറ്റ് ചെയ്ത രോഹിത്തിന് കാല്‍പേശിക്കേറ്റ പരിക്കിനെ തുടര്‍ന്ന് പിന്‍മാറേണ്ടി വന്നു. 17ാം ഓവറിലെ നാലാമത്തെ പന്ത് നേരിട്ട ശേഷമാണ് ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നതോടെ രോഹിത് ക്രീസ് വിട്ടത്. 41 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 60 റണ്‍സെടുത്ത അദ്ദേഹം
ടീമിനു നിര്‍ണായക സംഭാവന നല്‍കിയാണ് മടങ്ങിയത്.
രോഹിത്തിനു പകരം ഓള്‍റൗണ്ടര്‍ ശിവം ദുബെയെയാണ് ഇന്ത്യ തുടര്‍ന്നു ബാറ്റിങിനായി ഇറക്കിയത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി.
ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, ടോം ബ്രൂസ്, റോസ് ടെയ്‌ലര്‍, ടിം സെയ്‌ഫേര്‍ട്ട്, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലൈന്‍, ടിം സോത്തി (ക്യാപ്റ്റന്‍), ഇഷ് സോധി, ഹാമിഷ് ബെന്നറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications