INDvENG: ഇന്ത്യ അഹങ്കരിക്കാന്‍ വരട്ടെ! ജയം തുടരാന്‍ മൂന്നു കാര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തണം
ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ നേടിയ ഗംഭീര വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിരിക്കുകയാണ്. 151 റണ്‍സിനായിരുന്നു വിരാട് കോലിയും സംഘവും ആതിഥേയരെ വാരിക്കളഞ്ഞത്. ഈ വിജയം അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയെ 1-0നു മുന്നിലെത്തിക്കുകയും ചെയ്തിരുന്നു. നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു.
ലോര്‍ഡ്‌സ് ടെസ്റ്റില്‍ അഞ്ചാംദിനമായിരുന്നു ഇന്ത്യ മല്‍സരത്തില്‍ പിടിമുറുക്കി ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. വാലറ്റത്ത് മുഹമ്മദ് ഷമി- ജസ്പ്രീത് ബുംറ ജോടിയുടെ ഐതിഹാസിക കൂട്ടുകെട്ടും പിന്നീട് പേസര്‍മാരുടെ മാജിക്കല്‍ പ്രകടനവും ഇന്ത്യക്കു വിജയമൊരുക്കുകയായിരുന്നു. നാലു വിക്കറ്റുകളുമായി മുഹമ്മദ് സിറാജ് ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റുകളെടുത്തിരുന്നു. രണ്ടിന്നിങ്‌സുകളിലുമായി സിറാജ് കൊയ്തത് എട്ടു വിക്കറ്റുകളായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ (129) ഉജ്ജ്വല ഇന്നിങ്‌സും വിസ്മരിക്കാനാവില്ല.
പക്ഷെ ലോര്‍ഡ്‌സിലെ വിജയത്തിന്റെ പേരില്‍ ഇന്ത്യ അഹങ്കരിക്കാന്‍ വരട്ടെ. 2014ല്‍ എംഎസ് ധോണിക്കു കീഴില്‍ പര്യടനം നടത്തിയപ്പോഴും ഇന്ത്യയുടെ തുടക്കം ഇതുപോലെയായിരുന്നു. അന്ന് നോട്ടിങ്ഹാമിലെ ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയം കൊയ്തു. എന്നാല്‍ ശേഷിച്ച മൂന്നു ടെസ്റ്റകളും ജയിച്ച് ഇംഗ്ലണ്ട് പരമ്പര കൈക്കലാക്കുകയായിരുന്നു. മൂന്നാം ടെസ്റ്റ് 266 റണ്‍സിനും നാലാം ടെസ്റ്റ് ഇന്നിങ്‌സിനും 54 റണ്‍സിനും അവസാന ടെസ്റ്റ് ഇന്നിങ്‌സിനും 244 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ട് കൈക്കലാക്കിയത്. അതുകൊണ്ടു തന്നെ ഇത്തവണ ഇങ്ങനെയൊരു അബദ്ധം സംഭവിക്കാതിരിക്കാന്‍ കോലിപ്പട ശ്രദ്ധിക്കണം. മൂന്നാം ടെസ്റ്റിനു മുമ്പ് മൂന്നു കാര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മാത്രമേ ഇന്ത്യക്കു ജയം ആവര്‍ത്തിക്കാന്‍ സാധിക്കൂ. എന്തൊക്കെയെന്നറിയാം.

മധ്യനിരയുടെ പ്രകടനം
ടെസ്റ്റില്‍ മധ്യനിരയുടെ പ്രകടനം കുറച്ചു കാലമായി ഇന്ത്യക്കു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര സഖ്യം നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ചിരുന്നെങ്കിലും അതിനു മുമ്പുള്ള ടെസ്റ്റുകളിടെ പ്രകടനം ദയനീയമായിരുന്നുവെന്നു കാണാം. ലോര്‍ഡ്‌സിലെ രണ്ടാമിന്നിങ്‌സില്‍ 100 റണ്‍സാണ് പുജാര- രഹാനെ ജോടി കൂട്ടിച്ചേര്‍ത്തത്. ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രക്ഷിച്ചതും ഇവരായിരുന്നു.
ശേഷിച്ച ടെസ്റ്റുകളിലും ഇതുപോലെയുള്ള മികച്ച കൂട്ടുകെട്ടുകള്‍ രഹാനെ, പുജാര എന്നിവരില്‍ നിന്നും ഇന്ത്യക്കു കൂടിയേ തീരൂ. ഒരുപക്ഷെ പുജാരയ്ക്കു പകരം പുതുമുഖമായ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ അടുത്ത ടെസ്റ്റില്‍ പരീക്ഷിക്കാന്‍ സാധ്യതയുണ്ട്. രഹാനെയ്ക്കു പകരം ഹനുമാ വിഹാരിയു മികച്ച ഓപ്ഷനാണ്.

കോലിയുടെ ഫോം
മധ്യനിരയില്‍ പുജാര, രഹാനെ എന്നിവരുടെ മാത്രമല്ല ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഫോമും ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മൂന്ന് ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. 0, 42, 20 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടാണ് കോലി ക്രീസ് വിട്ടത്.
2019നു ശേഷം ഒരു ഫോര്‍മാറ്റിലും സെഞ്ച്വറിയടിക്കാന്‍ ഇന്ത്യന്‍ നായകനായിട്ടില്ല. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ തുടര്‍ന്നുള്ള ടെസ്റ്റുകളിലും ആധിപത്യം പുലര്‍ത്തണമെങ്കില്‍ വലിയ ഇന്നിങ്‌സുകള്‍ കോലിയില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നുണ്ട്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകളെ അതിജീവിക്കാന്‍ അദ്ദേഹം പുതിയൊരു വഴി കണ്ടെത്തിയേ തീരൂ.

റിഷഭിന്റെ പ്രകടനം
ഇന്ത്യയുടെ തുറുപ്പുചീട്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ആദ്യ രണ്ടു ടെസ്റ്റുകളിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വതസിദ്ധമായി ശൈലിയില്‍ ആക്രമിച്ചു കളിക്കാനുള്ള അനുമതി റിഷഭിനു കോച്ച് രവി ശാസ്ത്രിയും നായകന്‍ കോലിയും നല്‍കിയിരുന്നു. പക്ഷെ പ്രതീക്ഷിച്ചതുപോലെയൊരു മാച്ച് വിന്നിങ് ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും കാണാനായിട്ടില്ല. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യയുടെ പരമ്പര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു റിഷഭ്. എന്നാല്‍ ഇംഗ്ലണ്ടിലേക്കു വന്നപ്പോള്‍ പഴയ റിഷഭിനെ കാണാന്‍ കഴിഞ്ഞില്ല.
മൂവ് ചെയ്യുന്ന ഡ്യൂക്ക് ബോളുകളെ നേരിടുന്നതിലുള്ള വീക്ക്‌നെസാണ് റിഷഭിനു ഇംഗ്ലണ്ടില്‍ തിരിച്ചടിയാവുന്നത്. 25, 37, 22 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളില്‍ താരത്തിന്റെ പ്രകടനം. മോശമല്ലാത്ത തുടക്കം ലഭിച്ചിട്ടും റിഷഭിന് ഇവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിയുന്നില്ല. ഈ കുറവാണ് താരം പരിഹരിക്കേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications