IND vs AUS: റണ്‍മല തന്നെ പടുത്തുയര്‍ത്തണം! ടെസ്റ്റില്‍ അല്ലാതെ ഇന്ത്യക്കു രക്ഷയില്ല- ഗവാസ്‌കര്‍
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേറ്റ തോല്‍വിക്കു ടീം ഇന്ത്യ ടി20 പരമ്പരയില്‍ കണക്കുതീര്‍ത്തതോടെ ഇനി ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിക്കാണ്. നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുന്നത്. ആദ്യ ടെസ്റ്റ് 17 മുതല്‍ അഡ്‌ലെയ്ഡില്‍ ആരംഭിക്കും. പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാണിത്. വിദേശത്ത് ഇന്ത്യയുടെ കന്നി ഡേ-നൈറ്റ് ടെസ്‌റ്റെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്.
ടെസ്റ്റ് പരമ്പര സ്വന്തമാക്കുക ഇന്ത്യക്കു കടുപ്പമായിരിക്കുമെന്നും വലിയ സ്‌കോറുകള്‍ നേടാനായാല്‍ മാത്രമേ ടെസ്റ്റില്‍ ഇന്ത്യ വിജയം പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

മുന്‍ ഓസീസ് പര്യടനം
2018-19ലെ ഓസീസ് പര്യടനത്തില്‍ ഓസ്‌ട്രേലിയയെ 2-1നു വീഴ്ത്തി ടെസ്റ്റ് പരമ്പര ഇന്ത്യ പോക്കറ്റിലാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നു ഇത്.
കഴിഞ്ഞ പര്യടനത്തിലേതു പോലെ ഇന്ത്യ ഇത്തവണയും ടെസ്റ്റില്‍ ഒരുപാട് റണ്‍സ് നേടേണ്ടതുണ്ട്. 20 വിക്കറ്റുകള്‍ വീഴ്ത്താതെ ടെസ്റ്റ് ജയിക്കാനാവില്ലെന്നു നമ്മള്‍ പറയാറുണ്ട്. എന്നാല്‍ അതു മാത്രം പോരാ, സ്‌കോര്‍ ബോര്‍ഡില്‍ മതിയായ റണ്‍സ് കൂടിയുണ്ടെങ്കില്‍ മാത്രമേ ടെസ്റ്റ് ജയിക്കാനാവൂയെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

വിദേശത്തെ പരമ്പരകള്‍
വിദേശത്ത് ടെസ്റ്റുകള്‍ ജയിക്കാന്‍ ഇന്ത്യക്കു സാധിക്കാതിരിക്കുന്നതിന് പ്രധാന കാരണം ബൗളര്‍മാരുടെ കഴിവുകേടല്ല, ബാറ്റ്‌സ്മാന്‍മാരുടെ വീഴ്ച തന്നെയാണ്. വിക്കറ്റുകള്‍ വീഴ്ത്തുകയെന്നത് വിദേശത്തു ഇന്ത്യക്കു ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാല്‍ റണ്‍സ് നേടുകയെന്നത് വെല്ലുവിളിയാണെന്നു ഗവാസ്‌കര്‍ വിശദമാക്കി.
ദക്ഷിണാഫ്രിക്കയില്‍ കളിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 60 വിക്കറ്റുകള്‍ നേടിയിട്ടും ഇന്ത്യ 1-2നു പരമ്പര തോറ്റു. ഇംഗ്ലണ്ടില്‍ 100 വിക്കറ്റുകളില്‍ 95-97 വിക്കറ്റുകളെടുത്തിട്ടും ഇന്ത്യക്കു ജയിക്കാനായില്ല. മതിയായ റണ്‍സ് നേടാന്‍ കഴിയാതിരുന്നതാണ് കാരണം. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ വിക്കറ്റെടുക്കുന്നതിനൊപ്പം ഒരുപാട് റണ്‍സുമെടുക്കാന്‍ നമുക്കു കഴിഞ്ഞു. ഇത്തവണയും ഇതാവര്‍ത്തിക്കേണ്ടതുണ്ടെന്നു ഗവാസ്‌കര്‍ വിശദമാക്കി.

പുജാര ടോപ്‌സ്‌കോറര്‍
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ചേതേശ്വര്‍ പുജാരയായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. മൂന്നു സെഞ്ച്വറികളടക്കം 70ന് മുകളില്‍ ശരാശരിയില്‍ 521 റണ്‍സ് പുജാര വാരിക്കൂട്ടിയിരുന്നു. പുജാരയെക്കൂടാതെ നായകന്‍ കോലി, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത് എന്നിവരും ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കി.
ഇത്തവണ കോലിയുടെ സേവനം ഒന്നാം ടെസ്റ്റില്‍ മാത്രമേ ഇന്ത്യക്കു ലഭിക്കുകയുള്ളൂ. ഭാര്യ അനുഷ്‌കാ ശര്‍മയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങും. പകരം അജിങ്ക്യ രഹാനെയായിരിക്കും തുടര്‍ന്നുള്ള ടെസ്റ്റുകളില്‍ ഇന്ത്യയെ നയിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications