ഇന്ത്യയുടെ അടുത്ത് പോലുമെത്തില്ല പാകിസ്താന്‍! റസാഖിന്റെ അഭിപ്രായം തള്ളി കനേരിയ

ഇന്ത്യയേക്കാള്‍ കരുത്തര്‍ പാകിസ്താനാണെന്നും തോല്‍ക്കുമോയന്ന ഭയം കാരണമാണ് ഇന്ത്യ പരമ്പര കളിക്കാന്‍ തയ്യാറാവത്തതെന്നുമുള്ള മുന്‍ പാക് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ അഭിപ്രായം തള്ളി മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. ശുദ്ധ അസംബന്ധമെന്നാണ് റസാഖിന്റെ ഈ അഭിപ്രായത്തെക്കുറിച്ച് കനേരിയ സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞത്. ഐസിസിയുടെ ടി20 ലോകകപ്പില്‍ ഈ മാസം 24ന് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനിരിക്കെയായിരുന്നു റസാഖിന്റെ വിവാദ അഭിപ്രായപ്രകടനം.
പ്രതിഭയുടെ കാര്യത്തില്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്താന്‍ ഒന്നുമല്ലെന്നും റസാഖിനെപ്പോലെയൊരാളില്‍ നിന്നും ഇത്തരമൊരു അഭിപ്രായം ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും കനേരിയ വിമര്‍ശിച്ചു.

ഇന്ത്യയാണ് മികച്ച ടീം
പാകിസ്താന് ബാറ്റിങിലും ബൗളിങിലും സ്ഥിരതയില്ല. ക്യാപ്റ്റന്‍ വിരാട് കോലിയെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പുറത്താക്കിയാല്‍ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമാണെന്നാണ് അബ്ദുള്‍ സാഖ് പറഞ്ഞത്. ഇതു അസംബന്ധമാണ്, ഇന്ത്യന്‍ ടീമിനെ പാക് ടീം എങ്ങനെ തോല്‍പ്പിക്കാനാണ്? പാകിസ്താന്‍ ടീമില്‍ തന്നെ പ്രശ്‌നങ്ങളുണ്ട് നിങ്ങളുടെ ബാറ്റിങെവിടെ? നിങ്ങളെ ആരാണ് വിജയിപ്പിക്കാന്‍ പോവുന്നത്? ഇംഗ്ലണ്ടിന്റെ ബി ടീം പോലും നമ്മളെ പരാജയപ്പെടുത്തി. ടീം സെലക്ഷനിലും പ്രശ്‌നങ്ങളുണ്ട്. റസാഖിന്റേത് വളരെ മോശം പരാമര്‍ശമാണെന്നും കനേരിയ തുറന്നടിച്ചു.

മികച്ച താരങ്ങളുണ്ട്
പാകിസ്താനില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര തലത്തിലുള്ള ക്രിക്കറ്ററില്‍ നിന്നും ഇങ്ങനെയൊരു അഭിപ്രായം പ്രതീക്ഷിച്ചിരുന്നില്ല. പാകിസ്താനു മേല്‍ ഇന്ത്യക്കു തന്നെയാണ് മേല്‍ക്കൈ. ഇന്ത്യ എല്ലാ ഡിപാര്‍ട്ട്‌മെന്റിലും വളരെ നന്നായി പെര്‍ഫോം ചെയ്യുന്ന ടീമാണ്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയ കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. ഇവരെ പാകിസ്താന്‍ എങ്ങനെയാണ് പുറത്താക്കാന്‍ പോവുന്നതെന്നും ഡാനിഷ് കനേരിയ ചോദിച്ചു.

ബുംറ ലോകോത്തര ബൗളര്‍
ഇന്ത്യയുടെ സ്റ്റാര്‍ പേസറും ലോക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളുമായ് ജസ്പ്രീത് ബുംറയെ കുറിച്ചും നേരത്തേ അബ്ദുള്‍ റസാഖ് തരംതാഴ്ത്തി സംസാരിച്ചിരുന്നു. ബുംറ വെറും ശരാശരി ബൗളര്‍ മാത്രമാണെന്നായിരുന്നു റസാഖ് അഭിപ്രായപ്പെട്ടത്. ഇതിനോടും താന്‍ യോജിക്കുന്നില്ലെന്നും ബുംറ ലോകോത്തര ഫാസ്റ്റ് ബൗളറാണെന്നും കനേരിയ പറഞ്ഞു.
നേരത്തേയും റസാഖ് ഈ തരത്തില്‍ സംസാരിച്ചിട്ടുണ്ട്. അന്നു ബുംറയെക്കുറിച്ചായിരിന്നു പരാമര്‍ശം. വസീം അക്രം, വഖാര്‍ യൂനിസ് എന്നിവര്‍ക്കു ശേഷം ബുംറയെപ്പോലെ പെര്‍ഫെക്ടായി യോര്‍ക്കറുകളെറിയുന്ന ഫാസ്റ്റ് ബൗളറെ ഞാന്‍ കണ്ടിട്ടില്ല. ബുംറയെക്കാള്‍ നന്നായി യോര്‍ക്കറുകളെറിയുന്ന ബൗളര്‍ പാകിസ്താന്‍ ജനിച്ചിട്ടു പോലുമില്ല. അവിസ്മരണീയമാണ് ബുംറയുടെ ബൗളിങ്. അദ്ദേഹത്തോടു മല്‍സരിക്കാന്‍ ശേഷിയുള്ള ഒരു ബൗളര്‍ പോലും പാകിസ്താനില്‍ നിന്നും ഇനിയും വന്നിട്ടില്ലെന്നും കനേരിയ ചൂണ്ടിക്കാട്ടി.

റസാഖ് പറഞ്ഞത്
പാകിസ്താനോടു മല്‍സരിക്കാന്‍ ഇന്ത്യക്കു സാധിക്കുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം പാക് ക്രിക്കറ്റില്‍ അത്രത്തോളം പ്രതിഭാശാലികളായ താരങ്ങളുണ്ട്. അവരോടു മല്‍സരിക്കാന്‍ ഇന്ത്യന്‍ ടീമിനു കഴിയില്ല. ഇരുടീമുകളും ഏറ്റുമുട്ടിയാല്‍ പാക് താരങ്ങളുടെ കഴിവ് ലോകത്തിനു ബോധ്യമാവുമെന്നും റസാഖ് അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയുടേത് ഭേദപ്പെട്ട ടീമാണെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. ഞങ്ങള്‍ക്കു ഇമ്രാന്‍ ഖാനും ഇന്ത്യക്കു കപില്‍ ദേവുമുണ്ടായിരുന്നു. പക്ഷെ ഇരുവരെയും താരതമ്യം ചെയ്താല്‍ കപിലിനു മുകളിലാണ് ഇമ്രാന്റെ സ്ഥാനം. പിന്നീട് ഞങ്ങള്‍ക്കു വസീം അക്രമിനെ ലഭിച്ചു, പക്ഷെ അത്രത്തോളം കഴിവുള്ള താരം ഇന്ത്യന്‍ നിരയിലുണ്ടായിട്ടില്ല. ഇന്‍സമാമുള്‍ ഹഖ്, മുഹമ്മദ് യൂസുഫ്, യൂനിസ് ഖാന്‍, ഷാഹിദ് അഫ്രീഡി എന്നിവര്‍ പാക് ടീമിലുണ്ടായിരുന്നപ്പോള്‍ മറുഭാഗത്ത് വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവരാണുണ്ടായിരുന്നത്. ആകെ നോക്കിയാല്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ പ്രതിഭകളുള്ളത് പാകിസ്താനിലാണ്. ഇതു അറിയാവുന്നതു കൊണ്ടാണ് ഇന്ത്യ പരമ്പരയ്ക്കു തയ്യാറാവാത്തതെന്നും റസാഖ് തുറന്നടിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications