Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ലീഡ്‌സില്‍ തരിപ്പണമായി ഇന്ത്യ, വെറും 78ന് ഓള്‍ഔട്ട്!

1

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം വന്‍ ദുരന്തത്തിലാണ് കലാശിച്ചത്. രണ്ടാം സെഷനില്‍ തന്നെ വെറും 78 റണ്‍സിന് ഇന്ത്യ കൂടാരം കയറി. രണ്ടു പേര്‍ മാത്രമേ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളൂ. രോഹിത് ശര്‍മ 19ഉം അജിങ്ക്യ രഹാനെ 18ഉം റണ്‍സ് നേടി. 105 ബോളുകളാണ് രോഹിത്തിന് 18 റണ്‍സെടുക്കാന്‍ വേണ്ടിവന്നത്. ഒരേയൊരു ബൗണ്ടറി മാത്രമേ ഈ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ. ഹിറ്റ്മാന്റെ ഒരിക്കലും കാണാത്ത തരത്തിലുള്ള അസാധാരണമായ ഇന്നിങ്‌സുകളിലൊന്നായിരുന്നു ഇത്. രഹാനെ 54 ബോളില്‍ മൂന്നു ബൗണ്ടറികളോടെയാണ് 18 റണ്‍സെടുത്തത്.

കെഎല്‍ രാഹുല്‍ (0), ചേതേശ്വര്‍ പുജാര (1), നായകന്‍ കോലി (7), റിഷഭ് പന്ത് (2), രവീന്ദ്ര ജഡേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (3) എന്നിവരെല്ലാം ഒറ്റയക്ക സ്‌കോറിനു ക്രീസ് വിട്ടു. ഇവരില്‍ ഷമിയും ബുംറയും ഗോള്‍ഡന്‍ ഡെക്കായിരുന്നു. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് കസറിയവരായിരുന്നു ഷമിയും ബുംറയും. പക്ഷെ ഇത്തവണ ഒരു ബോളിന്റെ ആയുസ് മാത്രമേ ഇരുവര്‍ക്കമുണ്ടായുള്ളൂ. മൂന്നു വിക്കറ്റ് വീതമെടുത്ത ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഒവേര്‍ട്ടനുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശംവിതച്ചത്. മുന്‍നിരയിലെ മൂന്നു വിക്കറ്റുകളും ആന്‍ഡേഴ്‌സനായിരുന്നു. ഓലി റോബിന്‍സണും സാം കറെനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

2

തുടര്‍ച്ചയായ എട്ടു ടെസ്റ്റുകള്‍ക്കു ശേഷമാണ് കോലിക്കു ലീഡ്‌സില്‍ ടോസ് ലഭിച്ചത്. ലോര്‍ഡ്‌സില്‍ ജയിച്ച ടീമിനെ തന്നെ നിലനിര്‍ത്തിയാണ് കോലി ഈ മല്‍സരത്തിലും ഇറങ്ങിയത്. മോശം ഫോമിലുള്ള ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരിലൊരാള്‍ പുറത്തായേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. മാത്രമല്ല കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും വിക്കറ്റ് ലഭിക്കാത്ത രവീന്ദ്ര ജഡേജയ്ക്കു പകരം ആര്‍ അശ്വിനെയും തിരിച്ചുവിളിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷെ കോലി തന്റെ വിന്നിങ് കോമ്പിനേഷനില്‍ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

മറുഭാഗത്ത് ഇംഗ്ലീഷ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. മോശം ഫോം തുടരുന്ന ഡൊമിനിക്ക് സിബ്ലിയെ പുറത്തിരുത്തി പകരം ഡേവിഡ് മലാനെ കളിപ്പിച്ചു. പരിക്കേറ്റു പിന്‍മാറിയ പേസര്‍ മാര്‍ക്ക് വുഡിനു പകരം ക്രെയ്ഗ് ഒവേര്‍ട്ടനും ടീമിലേക്കു വന്നു. വിജയക്കുതിപ്പ് തുടരാനുറച്ചാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയിറങ്ങുന്നത്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യ ഈ മല്‍സരവും വിജയിച്ച് തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.

3

പ്രശസ്തമായ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ നേടിയ ഗംഭീര വിജയം വിരാട് കോലിയുടെയും സംഘത്തിന്റെയും ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. ലോര്‍ഡ്‌സില്‍ നാലാം ദിനം വരെ ഇന്ത്യക്കു വിജയപ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ അഞ്ചാമത്തെയും അവസാനത്തെയും ദിനം കളി മാറി മറിയുകയായിരുന്നു. ബാറ്റിങിലും പിന്നീട് ബൗളിങിലും ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളയുകയായിരുന്നു. അഞ്ചാംദിനം ഇന്ത്യ ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിനു 209 റണ്‍സെന്ന നിലയിലായിരുന്നു. ഈ ഘട്ടത്തില്‍ ഇംഗ്ലണ്ട് വിജയപ്രതീക്ഷയിലുമായിരുന്നു. പിന്നീടായിരുന്നു കളിയില്‍ വഴിത്തിരിവായി മാറിയ കൂട്ടുകെട്ട് കണ്ടത്. അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ പേസ് ജോടികളായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചേര്‍ന്ന് ഇന്ത്യയെ മല്‍സരത്തിലേക്കു തിരിച്ചുകൊണ്ടു വന്നു. 89 റണ്‍സാണ് രണ്ടു പേരും കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

ഈ സഖ്യത്തെ പിരിക്കാന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പല അടവുകളും പയറ്റിയെങ്കിലും ഒന്നും വിജയിച്ചില്ല. ഷമി 56 റണ്‍സോടെയും ബുംറ 34 റണ്‍സോടെയും പുറത്താവാതെ നിന്നു. 70 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങിയതായിരുന്നു ഷമിയുടെ ഇന്നിങ്‌സെങ്കില്‍ ബുംറ 64 ബോളില്‍ മൂന്നു ബൗണ്ടറികളോടെയാണ് 34 റണ്‍സ് നേടിയത്. ലഞ്ച് ബ്രേക്കിനു സേഷം ഇന്ത്യ എട്ടു വിക്കറ്റിന് 298 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

272 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ പേസാക്രമണത്തിനു മുന്നില്‍ ആതിഥേയര്‍ തകര്‍ന്നടിഞ്ഞു. വെറും 120 റണ്‍സില്‍ ഇംഗ്ലണ്ട് കൂടാരം കയറുകയായിരുന്നു. 33 റണ്‍സെടുത്ത നായകന്‍ ജോ റൂട്ടായിരുന്നു ടോപ്‌സ്‌കോറര്‍. 60 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയായിരുന്നു ഇത്. ജോസ് ബട്‌ലര്‍ (25), മോയിന്‍ അലി (13) എന്നിവരായിരുന്നു രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലു വിക്കറ്റെടുത്ത മുഹമ്മദ് സിറാജായിരുന്നു ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായത്. ബുംറ മൂന്നു വിക്കറ്റുകളുമായി മികച്ച പിന്തുണയേകിയപ്പോള്‍ ഇഷാന്ത് ശര്‍മയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിങ്‌സിലും നാലു വിക്കറ്റുകള്‍ പിഴുത സിറാജ് രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 364 റണ്‍സാണ് നേടിയത്. 129 റണ്‍സെടുത്ത ഓപ്പണര്‍ കെഎല്‍ രാഹുലായിരുന്നു ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 250 ബോളില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. രോഹിത് ശര്‍മ 83 റണ്‍സെടുത്തു. മറുപടിയില്‍ റൂട്ടിന്റെ (180*) ഉജ്ജ്വല സെഞ്ച്വറി ഇംഗ്ലണ്ടിനെ ഒന്നാമിന്നിങ്‌സില്‍ 391 റണ്‍സിലെത്തിച്ചു. 321 ബോളുകള്‍ നേരിട്ട അദ്ദേഹം 18 തവണ ബൗണ്ടറി കണ്ടെത്തി. ജോണി ബെയര്‍സ്‌റ്റോ 57 റണ്‍സെടുത്തു. സിറാജ് ഇന്ത്യക്കായി നാലും ഇഷാന്ത് മൂന്നും ഷമി രണ്ടും വിക്കറ്റ് നേടി.

മൂന്നാം ടെസ്റ്റിലെ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ഓലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Wednesday, August 25, 2021, 19:45 [IST]
Other articles published on Aug 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+