For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: സെഞ്ച്വറിക്കരികെ പുജാര, രോഹിത്തിനു ഫിഫ്റ്റി- ഇന്ത്യ പൊരുതുന്നു

ഇന്ത്യക്കു ഇനി 139 റണ്‍സ് കൂടി വേണം

1

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. 354 റണ്‍സിന്റെ വമ്പന്‍ ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 215 റണ്‍സെന്ന ശക്തമായ നിലയിലാണ്. എട്ടു വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 139 റണ്‍സ് കൂടി വേണം. പരമ്പരയില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന ചേതേശ്വര്‍ പുജാരയോടൊപ്പം ക്യാപ്റ്റന്‍ വിരാട് കോലിയാണ് ക്രീസില്‍. പുജാര 91ഉം കോലി 45ഉം റണ്‍സെടുത്തിട്ടുണ്ട്. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഈ ജോടി 196 ബോളില്‍ 99 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. പുജാര 180 ബോളില്‍ 15 ബൗണ്ടറികള്‍ പായിച്ചപ്പോള്‍ കോലി 94 ബോളില്‍ ആറു ബൗണ്ടറികളും നേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (59), കെഎല്‍ രാഹുല്‍ (8) എന്നിവരാണ് പുറത്തായത്. 156 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു രോഹിത് 56 റണ്‍സ് നേടിയത്.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ 34ല്‍ നില്‍ക്കെ രാഹുലിനെ നഷ്ടമായി. റണ്ണെടുക്കാന്‍ പാടുപെട്ട അദ്ദേഹം 54 ബോളിലാണ് എട്ടു റണ്‍സ് നേടിയത്. ഒടുവില്‍ ക്രെയ്ഗ് ഒവേര്‍ട്ടന്റെ ബൗളിങില്‍ ജോണി ബെയര്‍സ്‌റ്റോ സെക്കന്റ് സ്ലിപ്പില്‍ ഒരു സൂപ്പര്‍ ക്യാച്ചിലൂടെ രാഹുലിനെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നു ക്രീസില്‍ ഒന്നിച്ച രോഹിത്- പുജാര സഖ്യം ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടു. 82 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. വിദേശമണ്ണിലെ കന്നി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് ഹിറ്റ്മാന്‍ അവസാനിപ്പിക്കുമെന്ന് കരുതിയെങ്കിലും അതു സംഭവിച്ചില്ല. ടീം സ്‌കോര്‍ 116ല്‍ നില്‍ക്കെ അദ്ദേഹത്തെ ഓലി റോബിന്‍സണ്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

2

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് 432 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. എട്ടു വിക്കറ്റിന് 423 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ടീം സ്‌കോറിലേക്കു ഒമ്പത് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യ അനുവദിച്ചുള്ളൂ. ക്രെയ്ഗ് ഒവേര്‍ട്ടനെ (32) മുഹമ്മദ് ഷമി വിക്കറ്റിനു മുന്നില്‍ കുരുക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഓലി റോബിന്‍സണിനെ (0) ബൗള്‍ഡാക്കി ജസ്പ്രീത് ബുംറ അവരുടെ ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു.

ഗംഭീര ബാറ്റിങ് പ്രകടനമായിരുന്നു ഇംഗ്ലണ്ട് ടീം കാഴ്ചവച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും കൈയടിവാങ്ങിയ ഇന്ത്യന്‍ പേസ്‌നിരയെ അവര്‍ കൂസലില്ലാതെ നേരിട്ടു. ഒരിക്കല്‍ക്കൂടി നായകന്റെ ഇന്നിങ്‌സുമാി ജോ റൂട്ട് ഇംഗ്ലണ്ടിനെ മുന്നില്‍ നിന്നു നയിച്ചു. തകര്‍പ്പന്‍ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. 121 റണ്‍സ് ടീം സ്‌കോറിലേക്കു റൂട്ട് സംഭാവന ചെയ്തു. നിശ്ചിത ഓവര്‍ ഫോര്‍മാറ്റ് ശൈലിയിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്തത്. 165 ബോളില്‍ 14 ബൗണ്ടറികളോടെയാണ് റൂട്ട് 121 റണ്‍സ് നേടിയത്.

പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇറങ്ങിയ ഡേവിഡ് മലാന്‍ (70), ഓപ്പണര്‍മാരായ ഹസീബ് ഹമീദ് (68), റോറി ബേണ്‍സ് (61) എന്നിവരും ടീം സ്‌കോറിലേക്കു നിര്‍ണായക സംഭാവന നല്‍കി. ജോണി ബെയര്‍സ്‌റ്റോ (29), ജോസ് ബട്‌ലര്‍ (7), മോയിന്‍ അലി (8), സാം കറെന്‍ (15) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. അദ്ദേഹം നാലു വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും രവീന്ദ്ര ജഡേജയ്ക്കും രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു.

3

ഇന്ത്യയുടെ കുഞ്ഞന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു ആഗ്രഹിച്ച തുടക്കമായിരുന്നു പുതിയ ഓപ്പണിങ് ജോടികളായ ബേണ്‍സും ഹമീദും ചേര്‍ന്നു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 135 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. കളി ഇന്ത്യയില്‍ നിന്നും വഴുതിപ്പോകവെ ഷമിയാണ് രക്ഷയ്‌ക്കെത്തിയത്. 61 റണ്‍സെടുത്ത ബേണ്‍സിനെ ബൗള്‍ഡാക്കി ഷമി ടീമിനു ആദ്യത്തെ ബ്രേക്ക്ത്രൂ സമ്മാനിച്ചു. 153 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

സ്‌കോര്‍ബോര്‍ഡിലേക്ക് 24 റണ്‍സ് കൂടി ചേര്‍ക്കവെ മറ്റൊരു ഓപ്പണറായ ഹമീദിനെയും മടക്കിയപ്പോള്‍ ഇന്ത്യക്കു പ്രതീക്ഷ കൈവന്നിരുന്നു. ജഡേജയായിയുന്നു ഇന്ത്യക്കു രണ്ടാം വിക്കറ്റ് സമ്മാനിച്ചത്. 195 ബോളില്‍ 12 ബൗണ്ടറികളോടെ 68 റണ്‍സെടുത്ത ഹമീദിനെ അദ്ദേഹം ബൗള്‍ഡാക്കി. പരമ്പരയില്‍ ജഡ്ഡുവിന്റെ കന്നി വിക്കറ്റ് കൂടിയായിരുന്നു ഇത്. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനു ലഭിച്ചിരുന്നില്ല.

ഹമീദ് മടങ്ങിയപ്പോള്‍ ഇന്ത്യക്കു തിരിച്ചുവരവ് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ മിന്നുന്ന ഫോമിലുള്ള റൂട്ട് പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച മലാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. വമ്പന്‍ കൂട്ടുകെട്ടിലൂടെ ഈ ജോടി ഇന്ത്യയെ അസ്വസ്ഥരാക്കി. 139 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. അപ്പോഴേക്കും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300ന് തൊട്ടരികിലെത്തിയിരുന്നു. സ്‌കോര്‍ 298ല്‍ വച്ചാണ് മലാനെ ഇന്ത്യ വീഴ്ത്തിയത്. സിറാജിന്റെ ബൗളിങില്‍ റിഷഭ് പന്ത് ക്യാച്ചെടുക്കുകയായിരുന്നു.

4

വെടിക്കെട്ട് താരം ബെയര്‍‌സ്റ്റോയാണ് തുടര്‍ന്ന് റൂട്ടിന് കൂട്ടായി ക്രീസിലെത്തിയത്. സ്ഥിരം ശൈലിയില്‍ അഗ്രസീവ് ബാറ്റിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. 43 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 29 റണ്‍സോടെ മുന്നേറിയ ബെയര്‍സ്‌റ്റോയെ ഷമിയാണ് വീഴ്ത്തിയത്. ഷമിയുടെ ബൗളിങില്‍ നായകന്‍ വിരാട് കോലി ക്യാച്ചെടുക്കുകയായിരുന്നു സ്‌കോര്‍ നാലിന് 350. ഇതിനിടെ റൂട്ട് പരമ്പരയിലെ മൂന്നാം സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും സെഞ്ച്വറി കണ്ടെത്തിയ അദ്ദേഹം ലീഡ്‌സിലും ഇതാവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ മൂന്നു തവണ 1350ന് മുകളില്‍ റണ്‍സ് നേടിയ ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാനായി റൂട്ടി മാറുകയും ചെയ്തു.

ഈ പരമ്പരയില്‍ മോശം പ്രകടനം തുടരുന്ന വിക്കറ്റ് കീപ്പര്‍ ബട്‌ലര്‍ക്കു ഈ ഇന്നിങ്‌സിലും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. 12 ബോളില്‍ ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സ് മാത്രമെടുത്ത അദ്ദേഹത്തെ ജഡേജയുടെ ബൗളിങില്‍ ഇഷാന്ത് ശര്‍മ പിടികൂടി. റൂട്ടായിരുന്നു ആറാമനായി ക്രീസ് വിട്ടത്. ബുംറയുടെ ബൗളിങില്‍ ബൗള്‍ഡായതോടെയാണ് അദ്ദേഹത്തിന്റെ ഉജ്ജ്വല ഇന്നിങ്‌സിനു തിരശീല വീണത്. ഇംഗ്ലണ്ട് ആറിന് 383. ഇതേ സ്‌കോറില്‍ തന്നെ നില്‍ക്കെ അലിയും പുറത്തായി. ജഡേജയുടെ ബൗളിങില്‍ പകരക്കാരനായി ഇറങ്ങിയ അക്ഷര്‍ പട്ടേലാണ് അലിയുടെ ക്യാച്ചെടുത്തത്. കറെനായിരുന്നു എട്ടാമതായി ഗ്രൗണ്ട് വിട്ടത്. സിറാജിന്റെ ബൗളിങില്‍ പകരക്കാരനായെത്തിയ മായങ്ക് അഗര്‍വാളിന് താരം ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ഓലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Friday, August 27, 2021, 23:07 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+