For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: നാലാംദിനം തന്നെ ഇന്ത്യ നാണംകെട്ടു! ഇന്നിങ്‌സ് തോല്‍വി- ഇംഗ്ലണ്ട് ഒപ്പത്തെി

ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇംഗ്ലണ്ടിന്റെ വിജയം

1

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു നാണംകെട്ട തോല്‍വി. മൂന്നാംദിനത്തിനു സമാനമായി നാലാംദിനവും ഇന്ത്യന്‍ ബാറ്റിങ് നിര ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ആദ്യ സെഷനില്‍ തന്നെ ഇംഗ്ലണ്ടിന്റെ ന്യൂബോള്‍ ആക്രമണത്തിനു മുന്നില്‍ ഇന്ത്യ തരിപ്പണമായി. ഇന്നിങ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യ നാണംകെട്ടത്. ഈ വിജയത്തോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തുകയും ചെയ്തു. സ്‌കോര്‍: ഇന്ത്യ 78, 278. ഇംഗ്ലണ്ട് 432.

രണ്ടു വിക്കറ്റിനു 215 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. പക്ഷെ ആദ്യ സെഷനില്‍ തന്നെ ഇന്ത്യന്‍ താരങ്ങളുടെ ഘോഷയാത്രയാണ് ലീഡ്‌സില്‍ കണ്ടത്. 63 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച എട്ടു വിക്കറ്റുകളും കൈവിട്ട ഇന്ത്യ ദയനീയ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. ചേതേശ്വര്‍ പുജാര (91), ക്യാപ്റ്റന്‍ വിരാട് കോലി (55), അജിങ്ക്യ രഹാനെ (10), റിഷഭ് പന്ത് (1), മുഹമ്മദ് ഷമി (6), ഇഷാന്ത് ശര്‍മ (2), രവീന്ദ്ര ജഡേജ (30), മുഹമ്മദ് സിറാജ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു ഇന്നു നഷ്ടമായത്. രോഹിത് ശര്‍മയും (59) കെഎല്‍ രാഹുലും (8) മൂന്നാംദിനം തന്നെ മടങ്ങിയിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത പേസര്‍ ഓലി റോബിന്‍സണാണ് ഇന്ത്യയുടെ അന്തകനായത്. മൂന്നു വിക്കറ്റെടുത്ത ക്രെയ്ഗ് ഒവേര്‍ട്ടന്‍ മൂന്നു വിക്കറ്റുമായി മികച്ച പിന്തുണ നല്‍കി.

2

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (59), കെഎല്‍ രാഹുല്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു മൂന്നാംദിനം നഷ്ടമായത്. പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായ രാഹുലിന് പക്ഷെ ഈ ടെസ്റ്റില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനു ക്രീസ് വിട്ട അദ്ദേഹം രണ്ടാമിന്നിങ്‌സിലും നിരാശപ്പെടുത്തി. എട്ടു റണ്‍സെടുക്കാന്‍ 54 ബോളുകളാണ് രാഹുലിന് വേണ്ടിവന്നത്. ഇന്ത്യന്‍ സ്‌കോര്‍ 34ല്‍ വച്ചായിരുന്നു രാഹുലിന്റെ മടക്കം. തട്ടിയും മുട്ടിയും മുടന്തിയ രാഹുലിനെ വീഴ്ത്തിയത് ക്രെയ്ഗ് ഒവേര്‍ട്ടനാണ്. സെക്കന്റ് സ്ലിപ്പില്‍ ജോണി ബെയര്‍സ്‌റ്റോ തകര്‍പ്പനൊരു ക്യാച്ചിലൂടെ രാഹുലിനെ പിടികൂടുകയായിരുന്നു. തുടര്‍ന്നായിരുന്നു പുജാരയുടെ വരവ്. സ്ഥിരം ഡിഫന്‍സീവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി അഗ്രസീവ് ബാറ്റിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ പുജാരയുടെ ബാറ്റിങ് ശരാശരി 100ല്‍ വരെയെത്തിയിരുന്നു.

രോഹിത്തും പുജാരയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 82 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ഇതിനിടെ രോഹിത് പരമ്പരയിലെ മറ്റൊരു ഫിഫ്റ്റി കൂടി തികച്ചു. പക്ഷെ മികച്ച തുടക്കം ഒരിക്കല്‍ക്കൂടി മൂന്നക്കത്തിലെത്തിക്കുന്നതില്‍ ഹിറ്റ്മാന്‍ പരാജയപ്പെട്ടു. 59 റണ്‍സെടുത്തു നില്‍ക്കെ ഓലി റോബിന്‍സണിന്റെ ബൗളിങില്‍ രോഹിത് വിക്കറ്റിനു മുന്നില്‍ കുരുങ്ങി. അംപയറുടെ തീരുമാനത്തിനെതിരേ അദ്ദേഹം ഡിആര്‍എസിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. 156 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ഈ സിക്‌സറോടെ പുതിയൊരു നാഴികക്കല്ലും അദ്ദേഹം പിന്നിട്ടു. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ സിക്‌സറിച്ച നാലാമത്തെ താരമായി ഹിറ്റ്മാന്‍ മാറി. രോഹിത്തിന്റെ 62ാം സിക്‌സറായിരുന്നു ഇത്. മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിനെയാണ് രോഹിത്ത് പിന്നിലാക്കിയത്.

രോഹിത് പുറത്തായെങ്കിലും പുജാരയ്‌ക്കൊപ്പം കോലി ഇന്ത്യടെ കൂടുതല്‍ പരിക്കുകളില്ലാതെ ഭദ്രമായ നിലയിലെത്തിച്ചു. മുന്‍ ഇന്നിങ്‌സുകളിലേതു പോലെ ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകളെ എത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഈ തരത്തിലുള്ള ബോളുകള്‍ പരമാവധി ലീവ് ചെയ്ത കോലി ഷോട്ട് സെലക്ഷനിലും വളരെയധികം ജാഗ്രത പുലര്‍ത്തി. ഈ ജോടിയെ പിരിക്കാന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. മികച്ച രീതിയില്‍ മൂന്നാംദിനത്തിലെ കളി അവസാനിപ്പിക്കാന്‍ പുജാര- കോലി ജോടിക്കു സാധിക്കുകയും ചെയ്തു.

നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 78 റണ്‍സിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് മൂന്നാദിനം ആദ്യ സെഷനില്‍ 432 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. എട്ടിന് 424 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ടീം സ്‌കോറിലേക്കു എട്ടു റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ ഇന്ത്യ അനുവദിച്ചുള്ളൂ. ക്രെയ്ഗ് ഒവേര്‍ട്ടന്‍ (32), ഓലി റോബിന്‍സണ്‍ (0) എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ ഇന്ത്യ പുറത്താക്കുകയായിരുന്നു. നാലു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ മിന്നുന്ന പ്രകടനം നടത്തിയത്. 28 ഓവറില്‍ എട്ടു മെയ്ഡനുകളടക്കം 95 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഇഷാന്ത് ശര്‍മയ്ക്കു വിക്കറ്റൊന്നും ലഭിച്ചില്ല.

ഇംഗ്ലണ്ടിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത് നായകന്‍ റൂട്ടിന്റെ (121) തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു. 165 ബോളില്‍ 14 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. ഈ പരമ്പരയില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ സെഞ്ച്വറി കൂടിയാണിത്. ആദ്യ രണ്ടു ടെസ്റ്റുകളിലും റൂട്ട് സെഞ്ച്വറിയോടെ മിന്നിയിരുന്നു. മുന്‍നിരയില്‍ ഡേവിഡ് മലാന്‍ (70), ഹസീബ് ഹമീദ് (68), റോറി ബേണ്‍സ് (61) എന്നിവരുടെ ഫിഫ്റ്റികളും ഇംഗ്ലണ്ട് ഇന്നിങ്‌സിനു കരുത്തുപകര്‍ന്നു. മൂന്നാം വിക്കറ്റില്‍ റൂട്ട്- മലാന്‍ സഖ്യം ചേര്‍ന്നെടുത്ത 139 റണ്‍സാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. ഓപ്പണിങ് വിക്കറ്റില്‍ ബേണ്‍സ്- ഹമീദ് സഖ്യം 135 റണ്‍സും നേടിയിരുന്നു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മോയിന്‍ അലി, സാം കറെന്‍, ക്രെയ്ഗ് ഒവേര്‍ട്ടന്‍, ഓലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

Story first published: Saturday, August 28, 2021, 17:32 [IST]
Other articles published on Aug 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+