IND vs ENG T20: വെടിക്കെട്ട് കാത്ത് അഹമ്മദാബാദ്, ഇനി ടി20 ഫീവര്‍- കളിയെക്കുറിച്ച് എല്ലാമറിയാം
അഹമ്മദാബാദ്: ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ മെരുക്കിയ ടീം ഇന്ത്യ ഇനി തങ്ങളുടെ അടുത്ത ദൗത്യത്തിന് ഇറങ്ങുന്നു. ക്രിക്കറ്റിലെ ഏറ്റവും ചെറിയ ഫോര്‍മാറ്റായ ടി20യിലാണ് രണ്ടു ടീമുകളുടെയും അടുത്ത ബലപരീക്ഷണം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവും.
രാത്രി ഏഴു മണിക്കു അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലാണ് ലോക ക്രിക്കറ്റിലെ രണ്ടു പവര്‍ഹൗസുകളും തമ്മില്‍ മുഖാമുഖം വരുന്നത്. പരമ്പരയിലെ എല്ലാ മല്‍സരങ്ങളും ഇതേ വേദിയില്‍, ഇതേ സമയത്തു തന്നെയാണ് നടക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പുള്ള റിഹേഴ്‌സലായിട്ടാണ് ഇന്ത്യയും ഇംഗ്ലണ്ടും പരമ്പരയെ സമീപിക്കുന്നത്.

ആര്‍ക്കും മുന്‍തൂക്കമില്ല
ആദ്യ ടി20യില്‍ ഇരുടീമുകള്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനില്ലെന്നത് കളിയുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്. കണക്കുകള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പമാണ് അതിനാല്‍ തന്നെ ആരു ജയിക്കുമെന്നു പ്രവചിക്കുക അസാധ്യവുമാണ്.
ഇതുവരെ 14 തവണയാണ് ടി20യില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഏഴു ജയങ്ങള്‍ വീതം ഇവര്‍ പങ്കിടുകയും ചെയ്തു. ഇന്ത്യയില്‍ ആറു ടി20കളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. മൂന്നു വിജയ്ങ്ങള്‍ വീതം ഇരുടീമുകളും സ്വന്തമാക്കുകയും ചെയ്തു.

നമ്പര്‍ വണ്‍ ടീം
നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങില്‍ നമ്പര്‍ വണ്‍ ടീമാണ് ഇംഗ്ലണ്ടെങ്കില്‍ ഇന്ത്യ മൂന്നാംസ്ഥാനത്താണ്. ടെസ്റ്റില്‍ കണ്ട ഇംഗ്ലണ്ടിനെയല്ല ടി20യില്‍ കാണാന്‍ കഴിയുക. ഇയോന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംഗ്ലീഷ് ടീം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഏറെ അപകടകാരികളാണ്.
ജാസണ്‍ റോയ്, ഡേവിഡ് മലാന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍ തുടങ്ങി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ വലിയ നിര തന്നെ ഇംഗ്ലീഷ് ടീമിലുണ്ട്.

ഇന്ത്യയുടേത് മികച്ച ടീം
മികച്ച ടീമിനെയാണ് ടി20ക്കായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ടി20 ലോകകപ്പ് മുന്നില്‍ കണ്ട് പുതുമുഖങ്ങളെയും ഇന്ത്യ പരിഗണിച്ചിട്ടുണ്ട്. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രാഹുല്‍ തെവാത്തിയ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
റിഷഭ് പന്തും ഭുവനേശ്വര്‍ കുമാറും ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

ടീം സെലക്ഷന്‍
പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദന. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തിരിച്ചെത്തുന്നതോടെ കെഎല്‍ രാഹുലിനെ എവിടെ കളിപ്പിക്കുമെന്നതാണ് ആദ്യത്തെ പ്രശ്‌നം. രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ ജോടി തന്നെ ഓപ്പണിങില്‍ തുടര്‍ന്നാല്‍ രാഹുലിന് സ്ഥാനം നഷ്ടമായേക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരിനെ തന്നെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. സൂര്യകുമാര്‍, ഇഷാന്‍ എന്നിവര്‍ക്കു അരങ്ങേറ്റത്തിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം അക്ഷര്‍ പട്ടേലും ഓള്‍റൗണ്ടറായി ടീമിലെത്തിയേക്കും. കാരണം അഹമ്മദാബാദില്‍ നടന്ന കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും അക്ഷര്‍ ഉജ്ജ്വല ബൗളിങ് കാഴ്ചവച്ചിരുന്നു. പേസ് ബൗളിങിനു ഭുവി തന്നെയായിരിക്കും ചുക്കാന്‍ പിടിക്കുക. കൂട്ടിന് ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരിലൊരാള്‍ എത്തിയേക്കും.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍/ കെഎല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹര്‍/ ശര്‍ദ്ദുല്‍ താക്കൂര്‍, ടി നടരാജന്‍.
ഇംഗ്ലണ്ട്-ജാസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), സാം കറെന്‍, മോയിന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്.

കളി എവിടെ കാണാം
വെള്ളിയാഴ്ച രാത്രി ഏഴു മണി മുതലാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ആപ്പിലും കളിയുടെ ലൈവ് സ്ട്രീമിങുണ്ടാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications