ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരനേട്ടത്തോടെ ലോക ക്രിക്കറ്റില്‍ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യ മല്‍സരം തോറ്റ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്നു പരമ്പരകള്‍ സ്വന്തമാക്കിയ ആദ്യ ടീമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരേയുള്ളത് ഈ തരത്തില്‍ ഇന്ത്യയുടെ ഹാട്രിക് പരമ്പര വിജയമായിരുന്നു.

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലെ ടെസ്റ്റ് പരമ്പരയോടെയായിരുന്നു ഇന്ത്യയുടെ വിജയക്കുതിപ്പിന്റെ തുടക്കം. അന്നു നാലു ടെസ്റ്റുകളുടെ പരമ്പര തോറ്റു കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു. ടെസ്റ്റിന്റെ ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയായിരുന്നു ഇത്.
എന്നാല്‍ ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവന്ന ഇന്ത്യ രണ്ടും നാലും ടെസ്റ്റുകള്‍ ജയിച്ചുകയറി. മൂന്നാം ടെസ്റ്റില്‍ സമനിലയും പിടിച്ചുവാങ്ങിയ ഇന്ത്യ 2-1ന് പരമ്പര കൈക്കലാക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര വിജയമായിരുന്നു ഇത്. ഗാബയിലെ നാലാം ടെസ്റ്റില്‍ ജയിച്ച് ഇന്ത്യ ചരിത്രം കുറിച്ചിരുന്നു. 30ലേറെ വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഓസീസ് ഈ ഗ്രൗണ്ടില്‍ തോറ്റത്. പരിക്കു കാരണം പല സീനിയര്‍ താരങ്ങളെയും പരമ്പരയുടെ ഓരോ ഘട്ടത്തില്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. എന്നാല്‍ ഇതൊന്നും ഇന്ത്യന്‍ പോരാട്ടവീര്യത്തെ തളര്‍ത്തിയില്ല.

ഈ പരമ്പരയ്ക്കു ശേഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യ കളിച്ചത്. ചെന്നൈയിലെ ആദ്യ ടെസ്റ്റില്‍ തോറ്റു കൊണ്ടു തന്നെയാണ് ഇന്ത്യ തുടങ്ങിയത്. 200 റണ്‍സിനു മുകളില്‍ മാര്‍ജിനിലായിരുന്നു ഇന്ത്യന്‍ പരാജയം. എന്നാല്‍ തുടര്‍ന്നുള്ള മൂന്നു ടെസ്റ്റുകളും ജയിച്ച് ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കുകയായിരുന്നു. ഒരു പിങ്ക് ബോള്‍ ടെസ്റ്റും ഇതിലുള്‍പ്പെടുന്നു.
തുടര്‍ന്നാണ് ഇംഗ്ലണ്ടുമായി അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യയിറങ്ങിയത്. ആദ്യ കളിയില്‍ എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. രണ്ടാം ടി20യില്‍ എട്ടു വിക്കറ്റിനു ജയിച്ച് ഇന്ത്യ ഒപ്പമെത്തിയെങ്കിലും മൂന്നാം ടി20യില്‍ എട്ടു വിക്കറ്റിന്റെ വിജയവുമായി ഇംഗ്ലണ്ട് വീണ്ടും മുന്നിത്തി. എന്നാല്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച്് ഇന്ത്യ 3-2ന് പരമ്പര വരുതിയിലാക്കി.