മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയേറ്റു വാങ്ങിയതിനു പിന്നാലെ ഇന്ത്യയുടെ ബൗളിങ് നിരയ്‌ക്കെതിരേ ആഞ്ഞടിച്ച് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. ക്ലബ്ബ് ടീമിന്റെ ബൗളിങ് നിരയെന്നാണ് ഇന്ത്യയുടെ ബൗളിങ് ലൈനപ്പിനെ അദ്ദേഹം വിമര്‍ശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയുടെ ബൗളിങ് പ്രകടനത്തിനെതിരേ ശ്രീകാന്ത് രംഗത്തു വന്നത്.

ക്ലിനിക്കല്‍ ഫിനിഷാണ് ഇംഗ്ലണ്ട് നടത്തിയത്. ജോസ് ബട്‌ലറുടെ ബാറ്റിങ് ഇന്ത്യന്‍ ബൗളിങിനെ ക്ലബ്ബ് ടീമിനെപ്പോലെ തോന്നിച്ചു. ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും മനോഹരമായ ഷോട്ടുകള്‍ അദ്ദേഹം പായിച്ചു. ബൗളിങ് ലൈനപ്പില്‍ ഇന്ത്യ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമാണ് തോന്നുന്നതെന്നും ശ്രീകാന്ത് ട്വിറ്റില്‍ കുറിച്ചു.
അതേസമയം, എട്ടു വിക്കറ്റിന്റെ അനായാസ വിജയമാണ് മൂന്നാം ടി20യില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ആറു വിക്കറ്റിന് 156 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ടിനു വിജയസാധ്യതയുണ്ടായിരുന്നു. കാരണം ശക്തമായ ബാറ്റിങ് നിരയുള്ള ഇംഗ്ലണ്ടിനു വെല്ലുവിളിയുയര്‍ത്താന്‍ ഈ സ്‌കോര്‍ മതിയായിരുന്നില്ല. ഇംഗ്ലണ്ട് റണ്‍ചേസ് തുടങ്ങിയപ്പോള്‍ 10 ഓവറിനുള്ളില്‍ ഇതു തെളിയുകയും ചെയ്തു.

51 ബോളില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടക്കം പുറത്താവാതെ 83 റണ്‍സെടുത്ത ഓപ്പണര്‍ ജോസ് ബട്‌ലറാണ് മല്‍സരം ഇന്ത്യയില്‍ നിന്നു തട്ടിയെടുത്തത്. അത്രയും ആധികാരികമായിരുന്നു അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനം. ബട്‌ലറും പുറത്താവാതെ 28 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 40 റണ്‍സെടുത്ത ജോസ് ബട്‌ലറും ചേര്‍ന്ന് ഇംഗ്ലണ്ടിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
ഇന്ത്യന്‍ ബൗളിങ് നിരയില്‍ വാഷിങ്ടണ്‍ സുന്ദറായിരുന്നു ഏറ്റവും മികച്ചുനിന്നത്. നാലോവറില്‍ 26 റണ്‍സിന് വാഷിങ്ടണ്‍ ഒരു വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 27 റണ്‍സ് വിട്ടുകൊടുത്തതെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ശര്‍ദ്ദുല്‍ ഠാക്കൂര്‍ 3.2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയപ്പോള്‍ യുസ്വേന്ദ്ര ചഹല്‍ നാലോറില്‍ 41 റണ്‍സ് വങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ഹാര്‍ദിക് പാണ്ഡ്യ മൂന്നോവറില്‍ 22 റണ്‍സാണ് വിട്ടുകൊടുത്തത്.
വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തുകയും ചെയ്തു. ആദ്യ കളിയില്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിനു ജയിച്ചപ്പോള്‍ രണ്ടാം ടി20യില്‍ ഏഴു വിക്കറ്റ് ജയവുമായി ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. നാലാം ടി20 വ്യാഴാഴ്ച ഇതേ വേദിയില്‍ നടക്കും.