സിഡ്‌നി: റണ്ണൊഴുകിയ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യക്കു ആവേശോജ്വല വിജയം. വമ്പന്‍ റണ്‍ചേസിനൊടുവില്‍ ആറു വിക്കറ്റിന്റെ വിജയമാണ് വിരാട് കോലിയും സംഘവും ആഘോഷിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും ഇന്ത്യ 2-0നു സ്വന്തമാക്കി. നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ ഓസീസിനോടേറ്റ പരാജയത്തിനും ഇന്ത്യ കണക്കുതീര്‍ത്തു.

195 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യമാണ് പരമ്പര പിടിക്കാന്‍ ഓസ്‌ട്രേലിയ ഇന്ത്യക്കു മുന്നില്‍ വച്ചത്. ശിഖര്‍ ധവാന്റെ (52) അതിവേഗ ഫിഫ്റ്റി ഇന്ത്യയുടെ റണ്‍ചേസിന് തിരികൊളുത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ (42*), ക്യാപ്റ്റന്‍ വിരാട് കോലി (40), കെഎല്‍ രാഹുല്‍ (30) എന്നിവരുടെ അതിവേഗ ഇന്നിങ്‌സുകള്‍ ആറു വിക്കറ്റുകളും രണ്ടു പന്തും ബാക്കിനില്‍ക്കെ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. 36 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ധവാന്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായത്.
അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. ഡാനിയേല്‍ സാംസിന്റെ ഓവറിലെ രണ്ടാമത്തെയും നാലാമത്തെയും പന്തില്‍ സിക്‌സര്‍ പറത്തി ഹാര്‍ദിക് ഇന്ത്യക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. 22 പന്തില്‍ നിന്നും മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിങ്‌സ്. 12 റണ്‍സോടെ ശ്രേയസ് അയ്യര്‍ പുറത്താവാതെ നിന്നു. സഞ്ജു സാംസണിന് 15 റണ്‍സെടുക്കാനേ ആയുള്ളൂ.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് തുടക്കം മുതല്‍ ആഞ്ഞടിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. അഞ്ചു വിക്കറ്റിനാണ് 194 റണ്‍സെന്ന മികച്ച സ്‌കോര്‍ ഓസീസ് പടുത്തുയര്‍ത്തിയത്. പരിക്കറ്റ ആരോണ്‍ ഫിഞ്ചിനു പകരം ഓസീസിനെ നയിച്ച മാത്യു വെയ്ഡ് നായകന്റെ ഇന്നിങ്‌സുമായി ടീമിന്റെ ടോപ്‌സ്‌കോററായി.32 പന്തില്‍ 10 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 58 റണ്‍സാണ് വെയ്ഡ് അടിച്ചുകൂട്ടിയത്. വെയ്ഡ് ടീമിനു മികച്ച അടിത്തറയിട്ടതിനാല്‍ തന്നെ പിന്നീട് ക്രീസിലെത്തിയവര്‍ക്കു കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായി. സ്റ്റീവ് സ്മിത്ത് (46), ഗ്ലെന്‍ മാക്‌സ്വെല്‍ (22), മോയ്‌സസ് ഹെന്റിക്വസ് (26) എന്നിവരാണ് ഓസീസിന്റെ മറ്റു സ്‌കോറര്‍മാര്‍.

ഡാര്‍സി ഷോര്‍ട്ട് ഒമ്പത് റണ്ണിനു പുറത്തായപ്പോള്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (16*) ഡാനിയേല്‍ സാംസ് (8*) പുറത്താവാതെ നിന്നു. കരിയറിലെ രണ്ടാമത്തെ ടി20 മല്‍സരം കളിച്ച പേസര്‍ ടി നടരാജനാണ് രണ്ടു വിക്കറ്റുമായി ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ശര്‍ദ്ദുല്‍ താക്കൂറിനും യുസ്വേന്ദ്ര ചഹലിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ഓപ്പണിങ് വിക്കറ്റില്‍ വെയ്ഡ്- ഷോര്‍ട്ട് ജോടി 4.3 ഓവറില്‍ 47 റണ്‍സ് നേടിയിരുന്നു. ഇതില്‍ 38 റണ്‍സും വെയ്ഡിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഷോര്‍ട്ടിനെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് വെയ്ഡ് നിറഞ്ഞാടിയത്. ദീപക് ചഹറിന്റെ ആദ്യ ഓവറില്‍ത്തന്നെ മൂന്നു ബൗണ്ടറികളോടെ 13 റണ്‍സ് വാരിക്കൂട്ടി വെയ്ഡ് നയം വ്യക്തമാക്കിയിരുന്നു.
ഷോര്‍ട്ടിനെ പുറത്താക്കി നടരാജനാണ് ഇന്ത്യക്കു കളിയിലെ ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത്. നടരാജന്റെ ബൗണ്‍സറിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച ഡാര്‍സി ഷോര്‍ട്ടിനെ ഡീപ്പ് മിഡ് വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. ടീം സ്‌കോര്‍ 75ല്‍ നില്‍ക്കെ വെയ്ഡിനെയും ഇന്ത്യ മടക്കി. റണ്ണൗട്ടിന്റെ രൂപത്തിലായിരുന്നു ഇത്. വാഷിങ്ടണ്‍ സുന്ദറിന്റെ ഓവറിലായിരുന്നു ഇത്. സുന്ദറിന്റെ ബൗളിങില്‍ വെയ്ഡിന്റെ ക്യാച്ച് കവറില്‍ കോലി കൈവിട്ടു. എന്നാല്‍ സിംഗിളിനായി ശ്രമിച്ച് പാതി വഴിയില്‍ വച്ച് തിരിഞ്ഞോടിയ വെയ്ഡിനെ കോലിയുടെ തന്നെ ത്രോയില്‍ രാഹുല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി.
ആദ്യ ടി20യില്‍ ജയിച്ച ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍, ടി നടരാജന്‍ എന്നിവരെല്ലാം ടീമിലുണ്ട്. എന്നാല്‍ ആദ്യ മല്‍സരത്തില്‍ ബാറ്റിങിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ ഇല്ല. ജഡേജയുടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങി മൂന്നു വിക്കറ്റ് പിഴുത് മാന്‍ ഓഫ് ദി മാച്ചായ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ ഇത്തവണ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മനീഷ് പാണ്ഡെയ്ക്കു പകരം ശ്രേയസ് അയ്യരെ ഇന്ത്യ തിരിച്ചുവിളിച്ചു. മുഹമ്മദ് ഷമിക്കു പകരം ശര്‍ദ്ദുല്‍ താക്കൂറും ടീമിലെത്തി.

ഓസീസ് ടീമിലും മാറ്റങ്ങളുണ്ടായിരുന്നു. പരിക്കേറ്റ നായകന്‍ ആരോണ്‍ ഫിഞ്ചില്ലാതെയാണ് ഓസീസ് ഇറങ്ങിയത്. ഫിഞ്ചിന്റെ അഭാവത്തില്‍ മാത്യു വെയ്ഡാണ് ടീമിനെ നയിക്കുന്നത്. ഫിഞ്ചിനു പകരം ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് ഓപ്പണറായെത്തിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നു പിന്‍മാറിയ മിച്ചെല്‍ സ്റ്റാര്‍ക്കിനു പകരം ആന്‍ഡ്രു ടൈ കളിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹര്‍, ടി നടരാജന്‍, ശര്‍ദ്ദുല്‍ താക്കൂര്‍.
ഓസ്‌ട്രേലിയ- ഡാര്‍സി ഷോര്‍ട്ട്, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മോയ്‌സസ് ഹെന്റിക്വസ്, മാത്യു വെയ്ഡ്(ക്യാപ്റ്റന്‍), ഡാനിയേല്‍ സാംസ്, സീന്‍ അബോട്ട്, മിച്ചെല്‍ സ്വെപ്‌സണ്‍, ആദം സാംപ, ആന്‍ഡ്രു ടൈ.