ഇന്ത്യ vs ബംഗ്ലാദേശ്: ദില്ലിയില്‍ കടുവകളിറങ്ങി, വിരണ്ടോടി ഇന്ത്യ.. ബംഗ്ലാദേശിന് ചരിത്ര ജയം
ദില്ലി: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കു തോല്‍വി. ഏഴു വിക്കറ്റിനാണ് ബംഗ്ലാ കവുകള്‍ ഹിറ്റ്മാനെയും സംഘത്തെയും വേട്ടയാടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 148 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ പ്രതീക്ഷയ്ക്കു മങ്ങലേറ്റിരുന്നു. മറുപടിയില്‍ മുഷ്ഫിഖുര്‍ റഹീം (60*) ഫിഫ്റ്റിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 19.3 ഓവറില്‍ ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. 43 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് മുഷ്ഫിഖുര്‍ ടോപ്‌സ്‌കോററായത്. ടി20യില്‍ ഇതാദ്യമായാണ് ഇന്ത്യക്കെതിരേ ബംഗ്ലാദേശ് ജയം നേടുന്നത്. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തുകയും ചെയ്തു. സൗമ്യ സര്‍ക്കാര്‍ (39), മുഹമ്മദ് നയീം (26), ലിറ്റണ്‍ ദാസ് (7) എന്നിവരെ മാത്രമേ ബംഗ്ലാദേശിനു നഷ്ടമായുള്ളൂ. ഇന്ത്യക്കു വേണ്ടി ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.
അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്കു ആറു വിക്കറ്റിന് 148 റണ്‍സാണ് നേടാനായത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല. 41 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. മറ്റുള്ളവരൊന്നും 30 കടന്നില്ല. റിഷഭ് പന്ത് (27), ശ്രേയസ് അയ്യര്‍ (22), ലോകേഷ് രാഹുല്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ബംഗ്ലാദേശിനു വേണ്ടി ഷഫിയുല്‍ ഇസ്ലാം, അമിനുല്‍ ഇസ്ലാം എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസിനു ശേഷം ബംഗ്ലാദേശ് നായകന്‍ മഹമ്മൂദുള്ള ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ മുംബൈയില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറി.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, ഖലീല്‍ അഹമ്മദ്.
ബംഗ്ലാദേശ്- സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, മുഹമ്മദ് നയീം, മുഷ്ഫിഖുര്‍ റഹീം, മഹമ്മൂദുള്ള (ക്യാപ്റ്റന്‍), അഫീഫ് ഹുസൈന്‍, മൊസാദെക് ഹുസൈന്‍, അമിനുല്‍ ഇസ്ലാം, ഷഫിയുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍ അമിന്‍ ഹുസൈന്‍.

രോഹിത് ആദ്യ ഓവറില്‍ പുറത്ത്
രണ്ടു ബൗണ്ടറികളുമായി മികച്ച രീതിയില്‍ തുടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്കു നഷ്ടമായി. അവസാന പന്തിലാണ് ഷഫിയുല്‍ ഇസ്ലാം രോഹിത്തിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. അഞ്ചു പന്തില്‍ രണ്ടു ബൗണ്ടറികളോടെ ഒമ്പത് റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
ഈ മല്‍സരത്തില്‍ കളിച്ചതോടെ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം ടി20കളില്‍ ഇറങ്ങിയ താരമെന്ന റെക്കോര്‍ഡിന് രോഹിത് അര്‍ഹനായി. ഹിറ്റ്മാന്റെ 99ാം ടി20യായിരുന്നു ഇത്. 98 ടി20കളെന്ന മുന്‍ നായകന്‍ എംഎസ് ധോണിയുടെ റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കിയത്.

രാഹുലിന്റെ വിക്കറ്റ്
രോഹിത്തിന്റെ പുറത്താവലിനു ശേഷം ധവാനും ലോകേഷ് രാഹുലും ചേര്‍ന്ന് ഭേദപ്പെട്ട രീതിയില്‍ ഇന്ത്യയെ മുന്നോട്ടു നയിക്കവെയാണ് ഏഴാം ഓവറില്‍ അമീനുല്‍ ഇസ്ലാം ഇന്ത്യക്കു രണ്ടാം പ്രഹരമേല്‍പ്പിച്ചത്. കവറില്‍ ബംഗ്ലാദേശ് നായകന്‍ മഹമ്മൂദ്ദുള്ളയാണ് സിംപിള്‍ ക്യാച്ചിലൂടെ രാഹുലിനെ മടക്കിയത്. 17 പന്തില്‍ രണ്ടു ബൗണ്ടറികളോടെയാണ് രാഹുല്‍ 15 റണ്‍സെടുത്തത്. ഇന്ത്യ രണ്ടിന് 36.

ശ്രേയസിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്
പതിയെ തുടങ്ങിയ ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവന്‍ വച്ചത് ശ്രേയസ് അയ്യരുടെ വരവോടെയാണ്. ആക്രമിച്ചു കളിച്ച താരം സ്‌റ്റേഡിയത്തെ ഇളക്കി മറിച്ചു. രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയും പായിച്ച ശ്രേയസ് മൂന്നാം സിക്‌സറിന് ശ്രമിച്ചാണ് പുറത്തായത്. 11ാം ഓവറിലെ രണ്ടാം പന്തില്‍ അമിനുല്‍ ഇസ്ലാമിനെതിരേ ലോങ് ഓഫിലേക്കു സിക്‌സറിനു ശ്രമിച്ച ശ്രേയസിന് ടൈമിങ് പിഴച്ചു. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് നയീം ശ്രേയസിനെ പിടികൂടുകയായിരുന്നു.
ധവാന്റെ റണ്ണൗട്ട്
തുടക്കം മുതല്‍ ക്രീസില്‍ നിലയുറപ്പിച്ചു കളിച്ച ഓപ്പണര്‍ ധവാനെ നിര്‍ഭാഗ്യകരമായ രീതിയിലാണ് ഇന്ത്യക്കു നഷ്ടമായത്. ഫിഫ്റ്റിയിലേക്കു കുതിച്ച ധവാന്‍ 41ല്‍ വച്ച് റണ്ണൗട്ടാവുകയായിരുന്നു. 15ാം ഓവറിലെ അഞ്ചാം പന്തില്‍ മഹമ്മുദുള്ളയ്‌ക്കെതിരേ ഷോട്ട് കളിച്ച ധവാന്‍ ആദ്യ സിംഗിള്‍ പൂര്‍ത്തിയാക്കിയ ശേഷം അനാവാശ്യമായി രണ്ടാം റണ്ണിന് ശ്രമിക്കുകയായിരുന്നു. റിഷഭ് പന്ത് ധവാനെ തിരിച്ചയച്ചെങ്കിലും അപ്പോഴേക്കും മുഷ്ഫിഖുര്‍ റഹീം സ്റ്റംപ് ചെയ്തിരുന്നു. 42 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ദുബെയുടെ അരങ്ങേറ്റം പാളി
അരങ്ങേറ്റ മല്‍സരം കളിച്ച ഔള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കു നാലു പന്തുകളുടെ ആയുസ് മാത്രമേ ഉണ്ടായുള്ളൂ. അഫീഫ് ഹുസൈനാണ് സ്വന്തം ബൗളിങില്‍ ദുബെയെ പിടികൂടിയത്. ഒരു റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.
പന്ത് പുറത്ത്
തന്റെ പതിവു ശൈലിയില്‍ നിന്നു വ്യത്യസ്തമായി സിംഗിളുകളില്‍ ശ്രദ്ധയൂന്നി കളിച്ച റിഷഭ് പന്ത് അവസാന ഓവറുകളില്‍ അറ്റാക്കിങ് മോഡിലേക്കു മാറിയെങ്കിലും ഇതു ക്ലിക്കായില്ല. 19ാം ഓവറിലെ രണ്ടാം ബോളില്‍ പന്തിനെ ഷഫിയുല്‍ പുറത്താക്കി. വമ്പന്‍ ഷോട്ടിനു ശ്രമിച്ച പന്തിനെ ലോങ് ഓണില്‍ നയീം പിടികൂടി. 26 ബോളില്‍ മൂന്നു ബൗണ്ടറികളോടെ 27 റണ്‍സാണ് താരം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications