ഇന്ത്യ vs ഓസീസ്: രാജ്‌കോട്ടിലെ രാജാവ് ഇന്ത്യ തന്നെ... കണക്കു തീര്‍ത്ത് കോലിപ്പട, ഇനി 'ഫൈനല്‍'
രാജ്‌കോട്ട്: ആരാധകര്‍ ആഗ്രഹിച്ചതു തന്നെ സംഭവിച്ചു. രാജ്‌കോട്ടില്‍ രാജകീയ വിജയവുമായി ടീം ഇന്ത്യയുടെ തിരിച്ചുവരവ്. രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയോട് കണക്കു തീര്‍ത്ത് ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്തി. 36 റണ്‍സിനാണ് ഇന്ത്യയുടെ ജയം. മുംബൈയില്‍ നടന്ന ആദ്യ കളിയില്‍ പത്ത് വിക്കറ്റിന് ഓസീസിനോടു നാണം കെട്ട ഇന്ത്യയുടെ മധുര പ്രതികാരം കൂടിയായിരുന്നു ഇത്. ആദ്യ മല്‍സരത്തിനു സമാനമായി ഇത്തവണയും ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ടെങ്കിലും ബാറ്റിങ് നിര തങ്ങളുടെ തനിനിറം പുറത്തെടുത്തു. 340 റണ്‍സെന്ന വമ്പന്‍ സ്‌കോറാണ് ഇന്ത്യ നേടിയത്. മറുപടിയില്‍ ഓസീസിന് 49.1 ഓവറില്‍ 304 റണ്‍സെടുക്കാനേ ആയുള്ളൂ.

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് (98) തകര്‍പ്പന്‍ ഇന്നിങ്‌സുമായി പൊരുതി നോക്കിയെങ്കിലും മറ്റുള്ളവരെയൊന്നും ഇന്ത്യ ക്രീസില്‍ തുടരാന്‍ അനുവദിച്ചില്ല. 102 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറും സമിത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കരിയറിലെ കന്നി ഏകദിന ഇന്നിങ്‌സ് കളിച്ച മാര്‍നസ് ലബ്യുഷെയ്ന്‍ (46), നായകന്‍ ആരോണ്‍ ഫിഞ്ച് (33) എന്നിവരാണ് ഓസീസിന്റെ മറ്റു സ്‌കോറര്‍മാര്‍. ഒരേ ഓവറില്‍ സ്മിത്തിനെയും അപകടകാരിയായ അലെക്‌സ് കാരിയെയും (18) പുറത്താക്കിയ കുല്‍ദീപ് യാദവാണ് കളി ഇന്ത്യക്കു അനുകൂലമാക്കിയത്. മുഹമ്മദ് ഷമിയും ഒരോവറില്‍ തുടരെ രണ്ടു വിക്കറ്റുകള്‍ കൊയ്തതോടെ ഇന്ത്യ പിടിമുറുക്കുകയും ചെയ്തു.
മൂന്നു വിക്കറ്റെടുത്ത ഷമിയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. കുല്‍ദീപും രവീന്ദ്ര ജഡേജയും നവദീപ് സെയ്‌നിയും രണ്ടു വിക്കറ്റ് വീതമെടുത്ത് മികച്ച പിന്തുണ നല്‍കി. ജസ്പ്രീത് ബുംറയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. ഞായറാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഫൈനലിനു തുല്യമായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.ശിഖര്‍ ധവാന്‍ (96), ലോകേഷ് രാഹുല്‍ (80), നായകന്‍ വിരാട് കോലി (78) എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. രോഹിത് ശര്‍മയും (42) ഇന്ത്യന്‍ ഇന്നിങ്‌സിലേക്കു നിര്‍ണായക സംഭാവന നല്‍കി. 90 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ധവാന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. കഴിഞ്ഞ മല്‍സരത്തില്‍ നിന്നും വ്യത്യസ്തമായി അഞ്ചാം നമ്പറിലാണ് രാഹുല്‍ ഇത്തവണ ഇറങ്ങിയത്. വെറും 52 പന്തിലാണ് ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം രാഹുല്‍ 80 റണ്‍സെടുത്തത്. തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ മടങ്ങിയെത്തിയ കോലി 76 പന്തില്‍ ആറു ബൗണ്ടറികള്‍ നേടി. മൂന്നു വിക്കറ്റെടുത്ത യുവ സ്പിന്നര്‍ ആദം സാംപയാണ് ഓസീസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ടോസ് ലഭിച്ച ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ ബാറ്റിങിനിടെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ടു പരിക്കേറ്റതിനാല്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യക്കു വേണ്ടി കളിക്കുന്നില്ല. പകരം ലോകേഷ് രാഹുലാണ് വിക്കറ്റ് കാത്തത്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ടീമില്‍ നിന്നു പിന്‍മാറിയ പന്തിനു പകരം മനീഷ് പാണ്ഡെയും പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനു പകരം നവദീപ് സെയ്‌നിയും പ്ലെയിങ് ഇലവനിലെത്തി. അതേസമയം, ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ ജയിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

മികച്ച തുടക്കം
ആദ്യ ഏകദിനത്തില്‍ കണ്ട ഇന്ത്യയെയല്ല ഈ മല്‍സരത്തില്‍ കണ്ടത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള തുടക്കമാണ് ഇന്ത്യക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഈ സഖ്യം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
സ്പിന്നര്‍ ആദം സാംപയാംണ് ഓസീസിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. 42 റണ്‍സെടുത്ത ഹിറ്റ്മാനെ സാംപ വിക്കറ്റിനു മുന്നില്‍ കുരുക്കി. അംപയറുടെ തീരുമാനത്തിനെതിരേ ഇന്ത്യ ഡിആര്‍എസിന്റെ സഹായം തേടിയെങ്കിലും തേര്‍ഡ് അംപയറും ഔട്ട് തന്നെ വിധിക്കുകയായിരുന്നു.44 പന്തില്‍ ആറു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്.

പരീക്ഷണമില്ല, കോലി തന്നെ
ആദ്യ ഏകദിനത്തില്‍ പാളിപ്പോയ പരീക്ഷണം ഇന്ത്യ ഇത്തവണ ആവര്‍ത്തിച്ചില്ല. മൂന്നാം നമ്പറില്‍ നായകന്‍ വിരാട് കോലി തന്നെ ഇത്തവണ ക്രീസിലിറങ്ങി. ഈ പൊസിഷന്‍ തനിക്കു എത്ര പ്രിയപ്പെട്ടതാണെന്നു മികച്ച ഇന്നിങ്‌സിലൂടെ കോലി തെളിയിക്കുകയും ചെയ്തു.
ധവാനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ കോലി പടുത്തുയര്‍ത്തിയത്. 103 റണ്‍സ്ഈ സഖ്യം അടിച്ചെടുത്തു. സെഞ്ച്വറിക്കു നാലു റണ്‍സ് അകലെ ധവാനെ പുറത്താക്കി കെയ്ന്‍ റിച്ചാര്‍ഡ്‌സാണ് ഈ സഖ്യത്തെ പിരിച്ചത്. കെയ്ന്‍ റിച്ചാര്‍ഡ്‌സിന്റെ ഷോര്‍ട്ട് ബോളില്‍ ധവാനെ ഫൈന്‍ ലെഗില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് അനായാസം പിടികൂടി. 90 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്‌സറും ധവാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

നിരാശപ്പെടുത്തി ശ്രേയസ്
നാലാം നമ്പര്‍ പൊസിഷന്‍ ശ്രേയസ് അയ്യരിന് ഇന്ത്യ തിരികെ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും കാര്യമായ സംഭാവന നല്‍കാനാവാതെ താരം ക്രീസ് വിട്ടു. സ്വതസിദ്ധമായ ശൈലിയില്‍ ഷോട്ട് കളിക്കാന്‍ പാടുപെട്ട ശ്രേയസ് ഏഴു റണ്‍സ് മാത്രമാണ് നേടിയത്. 17 പന്തില്‍ ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സെടുത്ത ശ്രേയസിനെ ആദം സാംപ ക്ലീന്‍ ബൗള്‍ഡാക്കി.

കോലിയെ വീഴ്ത്തി വീണ്ടും സാംപ
കോലിയുടെ വിക്കറ്റെടുക്കുന്ന പതിവ് യുവ സ്പിന്നര്‍ ആദം സാംപ ഇത്തവണയും തെറ്റില്ലിച്ച. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും കോലിയെ പവലിയനിലേക്കു അയച്ചത് സാംപയാണ്.
ടീം സ്‌കോര്‍ 276ല്‍ വച്ചായിരുന്നു ഇന്ത്യന്‍ നായകന്റെ മടക്കം. ബൗളിങ് മികവല്ല മറിച്ച് ഫീല്‍ഡിങിലെ മിടുക്കാണ് സാംപയ്ക്കു ഇത്തവണ കോലിയുടെ വിക്കറ്റ് സമ്മാനിച്ചത്. സിക്‌സര്‍ ആവേണ്ടിയിരുന്ന കോലിയുടെ ഷോട്ട് ബൗണ്ടറി ലൈനിന് തൊട്ടരികില്‍ നിന്നു പിടിച്ചെടുത്ത ആഷ്ടണ്‍ ഏഗര്‍ ഗ്രൗണ്ടിനുള്ളിലേക്ക് എറിഞ്ഞു കൊടുത്തപ്പോള്‍ സ്റ്റാര്‍ക്ക് അനായാസം ഇതു കൈയ്ക്കുള്ളിലാക്കി. 76 പന്തില്‍ നിന്നും ആറു ബൗണ്ടറികളോടെയാണ് കോലി 78 റണ്‍സെടുത്തത്.

പാണ്ഡെ പെട്ടന്നു മടങ്ങി
പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച മനീഷ് പാണ്ഡെയ്ക്കു പക്ഷെ അവസരം മുതലാക്കാനായില്ല. പരിക്കു കാരണം പിന്‍മാറിയ റിഷഭ് പന്തിനു പകരം പ്ലെയിങ് ഇലവനിലെത്തിയ പാണ്ഡെയ്ക്കു രണ്ടു റണ്‍സ് മാത്രമാണ് നേടാനായത്. റിച്ചാര്‍ഡ്‌സന്റെ ബൗളിങില്‍ പാണ്ഡെയെ ഏഗര്‍ പിടികൂടുകയായിരുന്നു.

രാഹുലിന്റെ ഇന്നിങ്‌സ്
ആദ്യ കളിയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അഞ്ചാം നമ്പറിലേക്കു ഇറങ്ങേണ്ടി വന്നെങ്കിലും ലോകേഷ് രാഹുലിന്റെ ഫോമിനു അതൊന്നും തടസ്സമായില്ല. മികച്ച ടൈമിങിലൂടെ തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ച താരം ഫിനിഷറുടെ റോളില്‍ കസറുക തന്നെ ചെയ്തു.
അവസാന ഓവറിലെ നാലാം പന്തിലാണ് രാഹുല്‍ ക്രീസ് വിട്ടത്. 52 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 80 റണ്‍സ് നേടിയ രാഹുലിമെ അലെക്‌സ് കാരി റണ്ണൗട്ടാക്കുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ആഷ്ടണ്‍ ടേര്‍ണര്‍, അലെക്‌സ് കാരി, ആഷ്ടണ്‍ ഏഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സറ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications