ഐപിഎല്ലിന്റെ ഫൈനല്‍ പോര് നടക്കാനിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പടയൊരുക്കത്തിലാണ്. പര്യടനത്തിനുള്ള ടീമിനെ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും തിരഞ്ഞെടുത്തിരിക്കുകയാണ്. ചില താരങ്ങളുടെ പരിക്കിനെ തുടര്‍ന്നാണിത്. ക്യാപ്റ്റന്‍ വിരാട് കോലി ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മാത്രമേ കൡക്കുകയുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ഒന്നാം ടെസ്റ്റിനു ശേഷം കോലിക്കു നാട്ടിലേക്കു മടങ്ങാന്‍ ബിസിസിഐ അനുമതി നല്‍കിയിരിക്കുകയാണ്.

അതേസമയം, പരിക്കും ഫിറ്റ്‌നസില്ലായ്മയും കാരണം നേരത്തേ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും തഴയപ്പെട്ട രോഹിത് ശര്‍മയെ ടെസ്റ്റ് ടീമിലേക്കു തിരികെ വിളിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. രോഹിത്തിനെ ടീമില്‍ നിന്നും തഴഞ്ഞതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ടെസ്റ്റ് പരമ്പരയില്‍ കളിക്കുമെങ്കിലും ഏകദിന, ടി20 പരമ്പരകളില്‍ അദ്ദേഹത്തിനു വിശ്രമം നല്‍കിയിരിക്കുകയാണ്.
ബിസിസിഐയുടെ മെഡിക്കല്‍ സംഘം രോഹിത്തിന്റെ ഫിറ്റ്‌നസ് പുരോഗതി വിലയിരുത്തുന്നുണ്ട്. ഇതേക്കുറിച്ച സെലക്ഷന്‍ കമ്മിറ്റിക്കു വിശദീകരണവും നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി രോഹിത്തിന് ഏകദിനം, ടി20 എന്നിവയില്‍ വിശ്രമം നല്‍കിയിരിക്കുന്നത്. എന്നാല്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടെസ്റ്റ് ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായി ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അഡ്‌ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനു ശേഷമായിരിക്കും കോലി ഇന്ത്യയിലേക്കു തിരിക്കുന്നത്. ജനുവരി ആദ്യവാരം ഭാര്യ അനുഷ്‌കാ ശര്‍മ കുഞ്ഞിനു ജന്‍മം നല്‍കാനിരിക്കെയാണ് കോലിക്കു നാട്ടിലേക്കു മടങ്ങാന്‍ ബിസിസിഐ അനുമതി നല്‍കിയത്. കോലിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയായിരിക്കും ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ ഇന്ത്യയെ നയിക്കുക.
അതേസമയം, ഐപിഎല്ലിനിടെ പരിക്കേറ്റ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാനാവില്ല. പകരം ഐപിഎല്ലിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പുതുമുഖ താരം ടി നടരാജനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ ടി20 ടീമില്‍ മാത്രമുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഏകദിന ടീമിലുമുള്‍പ്പെടുത്തി.
ഇന്ത്യന്‍ ടി20 ടീം- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ദീപക് ചഹര്‍, ടി നടരാജന്‍.
ഏകദിന ടീം- വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍, സഞ്ജു സാംസണ്‍.
ടെസ്റ്റ് ടീം- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെഎല്‍ രാഹുല്‍,. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, ശുഭ്മാന്‍ ഗില്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്.