IND vs AUS: പരമ്പര പോക്കറ്റിലാക്കാന്‍ ടീം ഇന്ത്യ- സിഡ്‌നിയില്‍ സൂപ്പര്‍ സണ്‍ഡേ
സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ നിര്‍ണായകമായ രണ്ടാമങ്കം ഞായറാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. തുടരെ രണ്ടാം ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടയാണ് കോലിപ്പട ഇറങ്ങുക. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്കു 1.40നാണ് മല്‍സരം ആരംഭിക്കുന്നത്. 1.10നായിരിക്കും ടോസ്.
കാന്‍ബെറയിലെ മനൂക്ക ഓവലില്‍ വെള്ളിയാഴ്ച നടന്ന ആവേശകരമായ മല്‍സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. മൂന്നാമത്തെയും അവസാനത്തെയും മല്‍സരം 'ഫൈനല്‍' ആക്കി മാറ്റാതെ രണ്ടാമങ്കം തന്നെ ജയിച്ച് പരമ്പര സ്വന്തമാക്കാനാവും ഇന്ത്യയുടെ ശ്രമം. നേരത്തേ നടന്ന ഏകദിന പരമ്പയില്‍ ഓസീസിനോടേറ്റ തോല്‍വിക്കു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യം കൂടി ഇന്ത്യക്കുണ്ട്.

കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് വിവാദം
ഇന്ത്യ ജയിച്ച ആദ്യ ടി20 മല്‍സരത്തില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് വിവാദം ടീമിന്റെ വിജയത്തിന്റെ നിറം കെടുത്തിയിരുന്നു. ബാറ്റിങിനിടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട് പരിക്കേറ്റ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു പകരം ഇന്ത്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ കളിപ്പിച്ചിരുന്നു.
ഉജ്ജ്വല ബൗളിങിലൂടെ ഓസീസിനെ തകര്‍ക്കുന്നതില്‍ ചഹല്‍ ചുക്കാന്‍ പിടിക്കുകയും ചെയ്തു. മൂന്നു വിക്കറ്റുകളുമായി മാന്‍ ഓഫ് ദി മാച്ചായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജഡേജയുടെ പരിക്കിനെ മല്‍സരശേഷം പലരും ചോദ്യം ചെയ്തിരുന്നു. കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ചഹലിനെ ഇറക്കാന്‍ അനുമതി നല്‍കിയതില്‍ ഓസീസ് കോച്ച് ജസ്റ്റിന്‍ ലാങര്‍ മാച്ച് റഫറി ഡേവിഡ് ബൂണിനോടു പരസ്യമായി അതൃപ്തിയും പ്രകടിപ്പിച്ചിരുന്നു.

ജഡേജയുടെ അഭാവം
ഇന്ത്യ ജയിച്ച കഴിഞ്ഞ ടി20യിലും തൊട്ടുമുമ്പത്തെ മൂന്നാം ഏകദിനത്തിലും മിന്നുന്ന ബാറ്റിങ് കാഴ്ചവച്ച ജഡേജയുടെ സേവനം ടി20 പരമ്പരയിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇന്ത്യക്കു ലഭിക്കില്ല. ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ അദ്ദേഹത്തിനു പകരം ശര്‍ദ്ദുല്‍ താക്കൂറിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഡെത്ത് ഓവറുകളില്‍ ഇന്ത്യക്കു വേണ്ടി റണ്‍സ് അടിച്ചെടുക്കുന്നതില്‍ മിടുക്കനായ ജഡേജയുടെ അഭാവം ഇന്ത്യക്കു നികത്താനാവുമോയെന്നു കണ്ടുതന്നെ അറിയണം.

ചഹല്‍ പ്ലെയിങ് ഇലവനിലെത്തിയേക്കും
പകരക്കാരനായി വന്ന് ആദ്യ ടി20യില്‍ ടീമിന്റെ ഹീറോയായി മാറിയ റിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ രണ്ടാം ടി20യില്‍ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. ആദ്യ ടി20യിലെ ടീമില്‍ ഇന്ത്യ മറ്റു കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത കുറവാണ്.
ആദ്യ ടി20യില്‍ കളിച്ച് മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യ ടീമില്‍ നിലനിര്‍ത്തിയേക്കും. മുഹമ്മദ് ഷമിക്കു പകരം നവദീപ് സെയ്‌നിയെയോ ശര്‍ദ്ദുല്‍ താക്കൂറിനെയോ കളിപ്പിക്കാനും സാധ്യതയുണ്ട്.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ചഹര്‍, ടി നടരാജന്‍, നവദീപ് സെയ്‌നി/ ശര്‍ദ്ദുല്‍ താക്കൂര്‍.
ഓസ്‌ട്രേലിയ- ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മോയ്‌സസ് ഹെന്റിക്വസ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, മാത്യു വെയ്ഡ്, ആദം സാംപ, മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, സീന്‍ അബോട്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications