മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരമ്പര സിംബാബ്‌വെക്കെതിരേയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ സിംബാബ്‌വെക്കെതിരേ കളിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി ഇന്ത്യ യുവതാരങ്ങളുമായാവും സിംബാബ് വെ പര്യടനത്തിന് പോവുകയെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ടി20 ലോകകപ്പ് കളിച്ച താരങ്ങളെയെല്ലാം പുറത്തിരുത്തിയാവും ഇന്ത്യ ഇറങ്ങുക.
ഇതിനോടകം സിംബാബ്‌വെ പര്യടനത്തിനായുള്ള മുന്നൊരുക്കം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ തകൃതിയായി നടക്കുകയാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടെങ്കിലും കളിക്കാനുള്ള അവസരം സഞ്ജുവിന് ഇതുവരെ ലഭിച്ചിട്ടില്ല. റിഷഭ് കളിച്ചാല്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യതയും കുറവാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് സിംബാബ് വെ പര്യടനത്തില്‍ സീറ്റുറപ്പാണ്.
സഞ്ജു സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെടുമ്പോള്‍ ബാക്കപ്പായി ആരെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇഷാന്‍ കിഷന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇഷാനെ ഇന്ത്യ പരിഗണിച്ചേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. നിലവില്‍ ബിസിസി ഐ കരാറിന് പുറത്തുള്ള താരമാണ് ഇഷാന്‍. അവസാന ഐപിഎല്ലിലും ഇഷാന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇഷാന് അവസരം നല്‍കിയേക്കില്ലെന്നാണ് സൂചന.
പകരം രാജസ്ഥാന്‍ റോയല്‍സിലെ സഞ്ജു സാംസണിന്റെ സഹതാരമായ ദ്രുവ് ജുറേലിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള താരമാണ് ജുറേല്‍. ഇതിനോടകം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തുകയും മികച്ച പ്രകടനത്തോടെ കരുത്ത് തെളിയിക്കുകയും ചെയ്തു. ഐപിഎല്ലില്‍ തിളങ്ങുന്ന ജുറേലിന് സിംബാബ് വെയില്‍ അവസരം നല്‍കാന്‍ സാധ്യത കൂടുതലാണ്.

നിലവില്‍ അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലന ക്യംപില്‍ പങ്കെടുക്കുന്നുണ്ട്. ഇത് ജുറേല്‍ സിംബാബ് വെ പര്യടനത്തിനുണ്ടാവുമെന്ന സൂചനയാണ് നല്‍കുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായുള്ള മത്സരം കടുപ്പിച്ചാണ് ജുറേല്‍ എത്തുക. ജുറേല്‍ ഫോമിലേക്കെത്തിയാല്‍ സഞ്ജുവിനടക്കം അത് വലിയ ഭീഷണിയായി മാറിയേക്കും. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് ജുറേല്‍.
സിംബാബ് വെ പരമ്പരയിലൂടെ രാജസ്ഥാന്‍ റോയല്‍സിലെ മറ്റൊരു താരം കൂടി ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയേക്കും. അത് റിയാന്‍ പരാഗാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍ത്ത് കളിക്കുന്ന പരാഗ് അവസാന ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലേക്ക് അദ്ദേഹത്തിന് വിളിയെത്താന്‍ സാധ്യതയുണ്ട്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലന ക്യാംപില്‍ പരാഗും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പല പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. റുതുരാജ് ഗെയ്ക് വാദാവും നയിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പ്രധാന മത്സരങ്ങളില്‍ ഇന്ത്യ പരിഗണിക്കാറില്ലെങ്കിലും ടി20യില്‍ തകര്‍പ്പന്‍ റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് സിഎസ്‌കെ നായകനായ റുതുരാജ് ഗെയ്ക് വാദ്. അതുകൊണ്ടുതന്നെ റുതുരാജ് പരിഗണിക്കപ്പെടാനാണ് കൂടുതല്‍ സാധ്യത. ശുബ്മാന്‍ ഗില്ലിന് നായകസ്ഥാനം നല്‍കിയേക്കില്ല.
റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയേക്കും. ഐപിഎല്ലിന് പിന്നാലെയാണ് ടി20 ലോകകപ്പ് എത്തിയത്. അതുകൊണ്ടുതന്നെ താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടില്ല. സിംബാബ് വെ പര്യടനത്തിന് ശേഷം ശ്രീലങ്കന്‍ പരമ്പര വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കും. ഗൗതം ഗംഭീര്‍ ഈ പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ മുഖ്യ പരിശീലകനായേക്കും.
എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയിലൂടെയാവും ചുമതലയിലേക്കെത്തുകയെന്നാണ് വിവരം. എന്തായാലും ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് കരുത്തുകാട്ടാനുള്ള അവസരമാണ് വരാനിരിക്കുന്നത്. ആര്‍ക്കൊക്കെ തിളങ്ങാനാവുമെന്നത് കാത്തിരുന്ന് കണ്ടറിയാം.