Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: അന്ന് ധോണിപ്പട വീണു, ഇത്തവണ ഇന്ത്യക്ക് എളുപ്പമല്ല! സിംബാബ്‌വെയെ ഭയക്കണം

ഹരാരെ: ടി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ പരമ്പര സിംബാബ് വെക്കെതിരേ നടക്കാന്‍ പോവുകയാണ്. സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി യുവതാരങ്ങളുമായി ഇന്ത്യന്‍ സംഘം സിംബാബ് വെയിലെത്തിക്കഴിഞ്ഞു. ശുബ്മാന്‍ ഗില്‍ നയിക്കുന്ന യുവതാരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. വിവിഎസ് ലക്ഷ്മണിന്റെ കീഴിലാണ് ഇന്ത്യ ഇത്തവണത്തെ സിംബാബ് വെ പര്യടനത്തിന് പോകുന്നത്. സിംബാബ് വെ പൊതുവേ കുഞ്ഞന്മാരുടെ നിരയാണ്.

അതുകൊണ്ടുതന്നെ വമ്പന്‍ ടീമുകളെല്ലാം പരമ്പരവെക്കുമ്പോഴും യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി അയക്കുന്നതാണ് കാണുന്നത്. ഇത്തവണ ടി20 ലോകകപ്പ് കളിച്ച താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഇന്ത്യ യുവതാരങ്ങളുമായി സിംബാബ് വെയിലേക്ക് പോകുന്നത്. പരമ്പര തൂത്തുവാരി ശ്രീലങ്കന്‍ പരമ്പരയ്ക്കായുള്ള മുന്നൊരുക്കം നടത്തുകയെന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായേക്കില്ല.

ഇന്ത്യയെ വിറപ്പിക്കാന്‍ ശേഷിയുള്ള താരനിരയാണ് സിംബാബ് വെയ്ക്കുള്ളത്. തട്ടകത്തില്‍ ഇന്ത്യയെ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചാലും അത്ഭുതപ്പെടാനാവില്ല. ഇന്ത്യയെ ടി20യില്‍ രണ്ട് തവണ തോല്‍പ്പിക്കാന്‍ സിംബാബ് വെക്ക് സാധിച്ചിട്ടുണ്ട്. എംഎസ് ധോണി നയിച്ച ഇന്ത്യന്‍ സംഘത്തെ തോല്‍പ്പിച്ച ടീമാണ് സിംബാബ് വെ. 2016ലായിരുന്നു ഈ മത്സരം. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 6 വിക്കറ്റിന് 170 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 168 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

രണ്ട് റണ്‍സിനാണ് ഇന്ത്യയെ ആതിഥേരയരായ സിംബാബ് വെ തോല്‍പ്പിച്ചത്. ഈ ചരിത്രം ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കും. ഇന്ത്യയുടെ ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, ജയദേവ് ഉനദ്ഘട്ട് എന്നിവരെല്ലാം ഉണ്ടായിരുന്നു. കെ എല്‍ രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ് എന്നിവരെല്ലാം ധോണിക്കൊപ്പം ബാറ്റിങ് നിരയിലുണ്ടായിട്ടും അന്ന് ഇന്ത്യക്ക് നാണംകെടേണ്ടി വന്നു.

ind vs zim t20 series

photocredit: https://x.com/BCCI/status/1808556387611333072/photo/1

യുവതാരങ്ങളോടൊപ്പം അനായാസം പരമ്പര നേടാന്‍ ഇത്തവണ ഇന്ത്യ ഇറങ്ങുമ്പോള്‍ മറുവശത്ത് സിക്കന്തര്‍ റാസ നയിക്കുന്ന ശക്തമായ താരനിരയുണ്ട്. ഫറാശ് അക്രം, ജൊനാതന്‍ കാംബെല്‍, ലൂക്ക് ജോങ്വെ, വെല്ലിങ്ടണ്‍ മസ്‌കഡ്‌സ എന്നിവരെല്ലാം ഇന്ത്യക്ക് തലവേദന ഉയര്‍ത്താന്‍ ശേഷിയുള്ള സിംബാബ് വെ താരങ്ങളാണ്. ഇന്ത്യന്‍ ടീമിനെ ശുബ്മാന്‍ ഗില്‍ നയിക്കുമ്പോള്‍ ആശങ്കകളേറെയാണ്. അവസാന ഐപിഎല്‍ സീസണിലൂടെയാണ് ശുബ്മാന്‍ ഗില്‍ ആദ്യമായി നായകനാവുന്നത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ നിരാശപ്പെടുത്തിയ ഗില്‍ ഇത്തവണ എന്ത് അത്ഭുതമാണ് കാട്ടുകയെന്നതാണ് കണ്ടറിയേണ്ടത്. റുതുരാജ് ഗെയ്ക് വാദ്, റിങ്കു സിങ് എന്നിവരോടൊപ്പം സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരും പരമ്പരയ്ക്കുണ്ട്. എന്നാല്‍ ടി20 ലോകകപ്പിന് ശേഷം ഇന്നാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. വിശ്രമത്തിന് ശേഷം ടീമിലേക്കെത്തുമ്പോള്‍ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ഇരുവര്‍ക്കും നഷ്ടമാവും.

അതേ സമയം യുവതാരങ്ങള്‍ക്ക് വളര്‍ന്ന് വരാനുള്ള അവസരമാണ് മുന്നിലുള്ളത്. ദ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, സായ് സുദര്‍ശന്‍ എന്നിവര്‍ക്കെല്ലാം മികവ് കാട്ടാന്‍ അവസരമുണ്ട്. എന്തായാലും അനായാസം സിംബാബ് വെയെ തോല്‍പ്പിക്കാനായേക്കില്ല. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് നടക്കുന്നത്. നിലവിലെ ഇന്ത്യന്‍ ടീമിലെ പല യുവതാരങ്ങള്‍ക്കും സിംബാബ് വെയിലെ സാഹചര്യം അറിയില്ല. അതുകൊണ്ടുതന്നെ ആദ്യ മത്സരങ്ങളില്‍ വെടിക്കെട്ട് നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജുവും ജയ്‌സ്വാളും തിരിച്ചെത്തുന്നത് ഇന്ത്യക്ക് കരുത്ത് പകരും. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍ക്കാതെ മുന്നോട്ട് പോവുകയെന്നത് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്ന് പറയാം. നായകനെന്ന നിലയില്‍ ശുബ്മാന്‍ ഗില്ലിനും കാര്യങ്ങള്‍ എളുപ്പമാവില്ല.

Story first published: Thursday, July 4, 2024, 12:37 [IST]
Other articles published on Jul 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+