Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM 2024: സുന്ദര്‍ രക്ഷകനല്ല, വില്ലന്‍! ധോണിയാകാന്‍ ശ്രമിച്ച് കളി തോല്‍പ്പിച്ചു; വിമര്‍ശനം ശക്തം

ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. 13 റണ്‍സിനാണ് ആതിഥേയരായ സിംബാബ് വെയോട് ഇന്ത്യയുടെ യുവനിര തലകുനിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെയെ 115 റണ്‍സില്‍ ഒതുക്കിയിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യ സിംബാബ് വെയോട് ടി20 തോല്‍ക്കുന്നത്. എന്നാല്‍ ഓള്‍ഔട്ടായി നാണംകെടുന്നത് ഇതാദ്യമായാണ്.

ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അവസാന നിമിഷംവരെ പൊരുതിയ വാഷിങ്ടണ്‍ സുന്ദറിനെ പലരും പ്രശംസിക്കുന്നുണ്ട്. 34 പന്തില്‍ 27 റണ്‍സ് നേടിയാണ് സുന്ദര്‍ പുറത്തായത്. ഒരു സിക്‌സും ഫോറുമാണ് സുന്ദര്‍ പറത്തിയത്. എന്നാല്‍ സുന്ദറിന്റെ മികച്ച പ്രകടനമാണെന്ന് പറയുമ്പോഴും ഇന്ത്യയുടെ തോല്‍വിക്ക് കാരണക്കാരന്‍ സുന്ദറാണെന്ന് പറയാം.

എടുക്കാന്‍ സാധിക്കുമായിരുന്ന ഡബിളുകള്‍ എടുക്കാന്‍ സാധിക്കാതെ പോയത് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് പറയാം. മൂന്ന് തവണ രണ്ട് റണ്‍സെടുക്കാനുള്ള അവസരം സുന്ദറിന് ലഭിച്ചതാണ്. എന്നാല്‍ എംഎസ് ധോണിയെപ്പോലെ വലിയ ഫിനിഷിങ്ങിനായി കാത്തിരുന്ന സുന്ദറിന് ലക്ഷ്യത്തിലേക്കെത്താന്‍ സാധിക്കാതെ പോയി. അവസാന ഓവറുകളില്‍ വലിയ ഷോട്ട് കളിച്ച് ഫിനിഷ് ചെയ്യാനാണ് സുന്ദര്‍ ശ്രമിച്ചത്. എന്നാല്‍ അതൊട്ടും എളുപ്പമായിരുന്നില്ല.

പിച്ചില്‍ നല്ല ടേണും സ്വിങ്ങുമുള്ളതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ ദുഷ്‌കരമായിരുന്നു. എന്നിട്ടും ഡബിളുകള്‍ എടുക്കാതെ വലിയ ഷോട്ട് കളിച്ച് ഫിനിഷ് ചെയ്യാമെന്ന സുന്ദറിന്റെ മോഹമാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. ആവേശ് ഖാന്‍ കളിച്ച കാമിയോയിലൂടെ ഇന്ത്യക്ക് വിജയ പ്രതീക്ഷ ലഭിച്ചതാണ്. എന്നാല്‍ നിരവധി പന്തുകള്‍ സുന്ദര്‍ ഡോട്ട്‌ബോളാക്കിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചാണ് ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നത്.

washingtone sundar india

ചെറിയ സ്‌കോറിലേക്ക് ഒതുങ്ങുമായിരുന്ന ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് സുന്ദറാണ്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനം നേരിടുന്നതും സുന്ദറാണ്. ഓള്‍റൗണ്ടറുടെ അമിത ആത്മവിശ്വാസവും ധോണിയാകാനുള്ള ശ്രമവുമാണ് ഇന്ത്യയെ തോല്‍പ്പിച്ചതെന്നാണ് ഒരു പക്ഷം ആരാധകര്‍ പറയുന്നത്. ഇന്ത്യയുടെ യുവ നിരയില്‍ നിന്ന് മൂന്ന് പേരാണ് ടി20 അരങ്ങേറ്റം കുറിച്ചത്. ഓപ്പണറായി എത്തിയത് അഭിഷേക് ശര്‍മയാണ്. ഹൈദാരാബാദിന്റെ താരമായ അഭിഷേക് യുവരാജ് സിങ്ങിന്റെ ശിഷ്യനാണ്.

ആദ്യം സ്‌ട്രൈക്ക് ചെയ്ത അഭിഷേകിനെതിരേ സ്പിന്നിനെ ഉപയോഗിച്ച സിംബാബ് വെയുടെ തന്ത്രം ഫലിച്ചു. സിക്‌സറിന് ശ്രമിച്ച അഭിഷേക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. പിന്നീട് റുതുരാജ് ഗെയ്ക് വാദ് വിക്കറ്റ് തുലച്ചു. പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ കഴിവുള്ള റുതുരാജ് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. റിയാന്‍ പരാഗ് അവസാന ഐപിഎല്ലില്‍ രാജസ്ഥാനായി തിളങ്ങിയ താരമാണ്. എന്നാല്‍ ഈ മികവ് ഇന്ത്യക്കായുള്ള അരങ്ങേറ്റത്തില്‍ കണ്ടില്ല.

പിച്ചിന്റെ സ്വഭാവവും മത്സരത്തിന്റെ സാഹചര്യവും മനസിലാക്കാതെ തുടക്കത്തിലേ വലിയ ഷോട്ടിന് ശ്രമിച്ചാണ് പരാഗ് പുറത്തായത്. റിങ്കു സിങ്ങിനെ ഒരു സമയത്ത് എംഎസ് ധോണിയോട് പോലും താരതമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന ഐപിഎല്‍ മുതല്‍ മോശം ഫോമിലുള്ള റിങ്കു നിരാശപ്പെടുത്തിയാണ് മടങ്ങിയത്. പുള്‍ഷോട്ടിന് ശ്രമിച്ച് ഡെക്കിന് റിങ്കു മടങ്ങിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്. ഇന്ത്യ ടി20 ലോകകപ്പില്‍ റിസര്‍വ് താരമായാണ് റിങ്കുവിനെ പരിഗണിച്ചത്.

എന്തായാലും ഇന്ത്യയുടെ തോല്‍വി വലിയ നാണക്കേടുണ്ടാക്കുന്നതാണ്. ടി20 ലോകകപ്പിന്റെ ആവേശം കെട്ടടങ്ങും മുമ്പ് ഇന്ത്യയുടെ യുവനിര സിംബാബ് വെയോട് തോറ്റു എന്നത് നിരാശപ്പെടുത്തുന്നു. എന്നാല്‍ പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. നാല് മത്സരം ശേഷിക്കെ ശക്തമായി തിരിച്ചെത്താന്‍ ഇന്ത്യന്‍ ടീമിന് കഴിവുണ്ട്. ഇക്കാര്യം സിംബാബ് വെ നായകന്‍ സിക്കന്തര്‍ റാസ തന്നെ സമ്മതിച്ചതാണ്. എന്തായാലും ഇന്ത്യക്ക് മികച്ച തിരിച്ചുവരവ് നടത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, July 7, 2024, 11:47 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+