ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യ നാണംകെട്ട് തോറ്റിരിക്കുകയാണ്. 13 റണ്‍സിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ ബാറ്റിങ് നിര ദുരന്തമായപ്പോള്‍ സിംബാബ്‌വെ ആവേശ ജയം നേടിയെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെയെ 9 വിക്കറ്റിന് 115 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മറുപടിക്കിറങ്ങിയ ഇന്ത്യ 102 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. തികച്ചും അപ്രതീക്ഷിത തോല്‍വിയാണ് ഇന്ത്യ നേരിട്ടത്.
ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ യുവ നിരയാണ് നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് തോറ്റിരിക്കുന്നത്. ഇപ്പോഴിതാ ടീമിന്റെ തോല്‍വിയെക്കുറിച്ച് നായകന്‍ ശുബ്മാന്‍ ഗില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഞങ്ങള്‍ വളരെ നന്നായാണ് പന്തെറിഞ്ഞത്. ബാറ്റിങ്ങില്‍ അല്‍പ്പം ധൃതി കാട്ടിയതാണ് തിരിച്ചടിയായത്. സമയമെടുത്ത് ബാറ്റിങ് ആസ്വദിക്കണമെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. എന്നാല്‍ പാതിവഴിയില്‍ ഞങ്ങള്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി.
ആരെങ്കിലും അവസാനം വരെ നിന്നിരുന്നെങ്കില്‍ മത്സരം ഞങ്ങള്‍ക്ക് അനുകൂലമായി വരുമായിരുന്നു. ഞാന്‍ പുറത്തായത് വളരെ നിരാശപ്പെടുത്തുന്ന രീതിയിലാണ്. 115 റണ്‍സ് പിന്തുടരുമ്പോള്‍ ഓള്‍ഔട്ടാവുകയെന്നത് ടീമില്‍ പിഴവുണ്ടെന്നാണ് സൂചിപ്പിക്കുന്നത്' ഗില്‍ മത്സരശേഷം പറഞ്ഞു. ഇന്ത്യയുടെ യുവ ബാറ്റിങ് നിര അമിത ആക്രമണോത്സകത കാട്ടിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അരങ്ങേറ്റക്കാര്‍ ഉത്തരവാദിത്തം കാട്ടാതെ വിക്കറ്റ് തുലച്ചു.
ഓപ്പണറായെത്തിയ അഭിഷേക് ശര്‍മ വലിയ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ടൈമിങ് പിഴച്ചപ്പോള്‍ അഭിഷേക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ക്ലാസിക് താരമായ റുതുരാജ് ഗെയ്ക് വാദില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിച്ചു. എന്നാല്‍ പിടിച്ചുനിന്ന് കളിക്കാന്‍ റുതുരാജിനായില്ല. സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് റുതുരാജിന്റെ മടക്കം. അരങ്ങേറ്റക്കാരന്‍ റിയാന്‍ പരാഗിന് മികവ് തെളിയിക്കാനുള്ള അവസരം മുന്നിലുണ്ടായിരുന്നു.

എന്നാല്‍ താരവും അമിത ആക്രമണോത്സകത കാട്ടി പുറത്തായി. പിച്ചിന്റെ സ്വഭാവം മനസിലാക്കാതെ ഐപിഎല്ലിലേതുപോലെ ഷോട്ട് കളിക്കാന്‍ ശ്രമിച്ചതാണ് പരാഗ് പുറത്താവാനുള്ള കാരണം. റിങ്കു സിങ് മികച്ച റെക്കോഡുള്ള ഫിനിഷറാണ്. എന്നാല്‍ അവസാന ഐപിഎല്‍ മുതല്‍ താരം മോശം ഫോമിലാണ്. ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായി ഒതുക്കപ്പെട്ട റിങ്കുവിന് ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ സാധിക്കണമായിരുന്നു.
എന്നാല്‍ ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീണു. പുള്‍ഷോട്ടിന് ശ്രമിച്ച് ടൈമിങ് പിഴച്ചാണ് റിങ്കു പുറത്തായത്. ഡെക്കിന് താരം മടങ്ങിയതാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ പിഴച്ചത്. വാലറ്റത്ത് വാഷിങ്ടണ്‍ സുന്ദര്‍ പൊരുതിയെങ്കിലും മികച്ച പിന്തുണ ലഭിക്കാതെ പോയതിനാല്‍ ഇന്ത്യക്ക് തോല്‍ക്കേണ്ടി വന്നു. സിംബാബ് വെ പൊരുതി നേടിയ ജയമാണിതെന്ന് പറയാം. നായകന്‍ സിക്കന്തര്‍ റാസ മുന്നില്‍ നിന്ന് നയിച്ചു. ശുബ്മാന്‍ ഗില്ലിനെ പുറത്താക്കിയത് റാസയാണ്.
സിംബാബ് വെയുടെ ജയം വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് നായകന്‍ സിക്കന്തര്‍ റാസ പറഞ്ഞു. 'വിജയത്തില്‍ അതിയായ സന്തോഷമുണ്ട്. എന്നാല്‍ ഞങ്ങളുടെ ജോലി അവസാനിച്ചിട്ടില്ല. പരമ്പരയില്‍ മത്സരങ്ങള്‍ ശേഷിക്കുകയാണ്. ലോക ചാമ്പ്യന്മാരായ ടീം ആ നിലവാരത്തിലാവും കളിക്കുക. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ആ നിലവാരത്തിലേക്കെത്താന്‍ മുന്നൊരുക്കം നടത്തേണ്ടതായുണ്ട്. 115 റണ്‍സില്‍ ഓള്‍ഔട്ട് ആകേണ്ട പിച്ചല്ലിത്.
രണ്ട് ടീമിന്റേയും ബൗളര്‍മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഞങ്ങള്‍ കഴിവിനൊത്ത് ഇനിയും ഉയരേണ്ടതായുണ്ട്. മത്സരഫലം നോക്കാതെ ഞങ്ങളെ പിന്തുണച്ച ആരാധകരോടാണ് നന്ദി പറയേണ്ടത്. അവര്‍ നല്‍കിയത് വലിയ ആത്മവിശ്വാസമാണ്. ചില പിഴവുകള്‍ സംഭവിച്ചെങ്കിലും ഞങ്ങളുടെ ഫീല്‍ഡര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഈ ജയം ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ സഹായിക്കും' റാസ പറഞ്ഞു.