Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: ചേട്ടന്മാര്‍ ലോകകപ്പ് നേടി; നാണംകെട്ട് 'യുവ' ഇന്ത്യ, സിംബാബ്‌വെ അട്ടിമറിച്ചു

ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. 13 റണ്‍സിനാണ് ആതിഥേയരായ സിംബാബ് വെ ഇന്ത്യയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ 9 വിക്കറ്റിന് 115 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ (27) അവസാന ഓവര്‍വരെ പൊരുതിനോക്കിയെങ്കിലും ജയിപ്പിക്കാനായില്ല. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് സിംബാബ് വെ മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിംബാബ് വെക്ക് തുടക്കം മുതല്‍ പതറി. സ്‌കോര്‍ബോര്‍ഡില്‍ ആറ് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ ഇന്നസെന്റ് കയിയെ മുകേഷ് കുമാര്‍ മടക്കി. എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ താരം വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. ക്ലീന്‍ബൗള്‍ഡായാണ് കിയായെയുടെ മടക്കം. എന്നാല്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് വിസ്ലി മധിവീരെയും ബ്രിയാന്‍ ബെന്നറ്റും ചേര്‍ന്ന് പതിയെ ടീമിന്റെ റണ്‍സുയര്‍ത്തി.

കൂട്ടുകെട്ട് 34 റണ്‍സില്‍ നില്‍ക്കവെ രവി ബിഷ്‌നോയിയെ കൊണ്ടുവന്ന ശുബ്മാന്‍ ഗില്ലിന്റെ നീക്കം ഫലം കണ്ടു. 15 പന്തില്‍ 22 റണ്‍സ് നേടിയ ബെന്നറ്റിനെ ബിഷ്‌നോയ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. 22 പന്തില്‍ 21 റണ്‍സെടുത്ത മധിവീരയെയും രവി ബിഷ്‌നോയ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ 51ന് 3 എന്ന നിലയിലേക്ക് സിംബാബ് വെ പരുങ്ങി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.

നായകന്‍ സിക്കന്തര്‍ റാസ പതിയെ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യക്ക് വെല്ലുവിളിയാകുമെന്ന് തോന്നിച്ചു. 19 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 17 റണ്‍സെടുത്ത റാസയെ ആവേശ് ഖാന്‍ രവി ബിഷ്‌നോയിയുടെ കൈയിലെത്തിച്ചു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരുടെ മികവിന് മുന്നില്‍ സിംബാബ് വെ പതറി. മധ്യനിരയിലെ സിംബാബ് വെയുടെ പ്രതീക്ഷയായിരുന്ന ജൊനാതന്‍ കാംബെല്‍ ഗോള്‍ഡന്‍ ഡെക്കായി. റണ്ണൗട്ടായാണ് താരത്തിന്റെ മടക്കം. ഡിയോന്‍ മെയേഴ്‌സ് ഭേദപ്പെട്ട പ്രകടനം നടത്തി.

22 പന്തില്‍ രണ്ട് ഫോറടക്കം 23 റണ്‍സെടുത്ത മെയേഴ്‌സിനെ വാഷിങ്ടണ്‍ സുന്ദര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. വെല്ലിങ്ടണ്‍ മസാക്കഡ്‌സയെ (0) സുന്ദറിന്റെ പന്തില്‍ ദ്രുവ് ജുറേല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ലൂക്ക് ജോങ്വെയെ രവി ബിഷ്‌നോയ് എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ബ്ലെസിങ് മുസരാബാനിയെ ബിഷ്‌നോയ് ക്ലീന്‍ബൗള്‍ഡാക്കി.

ഒരുവശത്ത് പൊരുതി നിന്ന ക്ലൈവ് മദാണ്ഡെയാണ് സിംബാബ് വെ സ്‌കോര്‍ 115ലേക്കെത്തിച്ചത്. 25 പന്തില്‍ 4 ഫോറടക്കം 29 റണ്‍സോടെ ക്ലൈവ് പുറത്താവാതെ നിന്നു. ഇന്ത്യക്കായി രവി ബിഷ്‌നോയ് നാലും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും മുകേഷ് കുമാറും ആവേശ് ഖാനും ഓരോ വിക്കറ്റും വീഴ്ത്തി.

അനായാസ ജയം സ്വപ്‌നം കണ്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിട്ടത്. അരങ്ങേറ്റക്കാരനായ ഓപ്പണര്‍ അഭിഷേക് ശര്‍മ നാല് പന്ത് നേരിട്ട് ഡെക്കിന് പുറത്തായി. ബെന്നറ്റിനെ സിക്‌സറിന് ശ്രമിച്ച് ക്യാച്ചായാണ് താരം മടങ്ങിയത്.

ഇതൊരു തകര്‍ച്ചയുടെ സൂചനയായിരുന്നു. മൂന്നാം നമ്പറിലെത്തിയ റുതുരാജ് ഗെയ്ക് വാദ് 9 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായി. സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് റുതുരാജ് മടങ്ങിയത്.

ind vs zim t20 series

റിയാന്‍ പരാഗിനും അരങ്ങേറ്റത്തില്‍ ശോഭിക്കാനായില്ല. മൂന്ന് പന്ത് നേരിട്ട് രണ്ട് റണ്‍സെടുത്ത താരം മോശം ഷോട്ട് കളിച്ച് അനായാസ ക്യാച്ച് നല്‍കി മടങ്ങി. റിങ്കു സിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചു. എന്നാല്‍ രണ്ട് പന്ത് നേരിട്ട് ഡെക്കിനാണ് താരം മടങ്ങിയത്. ഇതോടെ 22 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. ദ്രുവ് ജുറേല്‍ അല്‍പ്പസമയം പിടിച്ചുനിന്നു. എന്നാല്‍ രക്ഷകനാവാനായില്ല. 14 പന്ത് നേരിട്ട് 6 റണ്‍സാണ് ജുറേല്‍ നേടിയത്.

ഒരുവശത്ത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി പിടിച്ചുനിന്നത് ശുബ്മാന്‍ ഗില്ലായിരുന്നു. 29 പന്തില്‍ 31 റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലിനെ ക്ലീന്‍ബൗള്‍ഡാക്കി സിക്കന്തര്‍ റാസ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. രവി ബിഷ്‌നോയിയെ (9) സിക്കന്തര്‍ റാസ എല്‍ബിയില്‍ കുടുക്കിയതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

ആവേശ് ഖാന്‍ 12 പന്തില്‍ 16 റണ്‍സോടെ പൊരുതി. എന്നാല്‍ മസാക്കഡ്‌സ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. മുകേഷ് കുമാറിനെ (0) സിക്കന്തര്‍ റാസ ക്ലീന്‍ബൗള്‍ഡാക്കി. വാഷിങ്ടണ്‍ സുന്ദര്‍ പൊരുതി നോക്കിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.

പ്ലേയിങ് 11: ഇന്ത്യ- ശുബ്മാന്‍ ഗില്‍ (c), അഭിഷക് ശര്‍മ, റുതുരാജ് ഗെയ്ക് വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ദ്രുവ് ജുറേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്

സിംബാബ്‌വെ: വെസ്ലി മധിവീരെ, ഇന്നസെന്റ് കയിയെ, ബ്രിയാന്‍ ബെന്നറ്റ്, സിക്കന്തര്‍ റാസ (c), ഡിയോന്‍ മെയേഴ്‌സ്, ജൊനാഥന്‍ കാംബെല്‍, ക്ലൈവ് മദാണ്ഡെ, വെല്ലിങ്ടണ്‍ മസാക്കഡ്‌സ, ലൂക്ക് ജോങ്വെ, ബ്ലെസിങ് മുസരാബാനി, ടെന്‍ഡി ചത്താര

Story first published: Saturday, July 6, 2024, 15:18 [IST]
Other articles published on Jul 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+