IND vs WI: ടി20 പരമ്പരയില്‍ ഇവര്‍ പുറത്തിരുന്ന് കളി കാണും! അവസരം പ്രതീക്ഷിക്കേണ്ട
വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം ഇന്ത്യ കളിക്കാനൊരുങ്ങുന്നത് അഞ്ചു ടി20കളുടെ വമ്പന്‍ പരമ്പരയാണ്. ആഗസ്റ്റ് ഒന്നു മുതല്‍ 13 വരെ നീണ്ടുനില്‍ക്കുന്നതാണ് ഈ പരമ്പര. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ശക്തമായ സംഘത്തെയാണ് പരമ്പര പിടിക്കാന്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയര്‍ താരങ്ങളൊന്നും ഇന്ത്യന്‍ നിരയില്‍ ഇല്ല. പകരം യുവത്വത്തിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ചില യുവതാരങ്ങളും ഈ പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കാന്‍ തയ്യാറെടുക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ സംഘത്തിലുള്ള ചില താരങ്ങള്‍ക്കു ടി20 പരമ്പരയില്‍ ഒരു അവസരം പോലും ലഭിച്ചേക്കില്ല. ഇവര്‍ ആരൊക്കെയാവുമെന്നു പരിശോധിക്കാം.

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയുമായി കസറിയ യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ടി20 പരമ്പരയില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള ഒരാള്‍. കരിയര്‍ ബെസ്റ്റ് ഫോമിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെങ്കിലും ജയ്‌സ്വാളിനു ഇലവനില്‍ കയറിപ്പറ്റുക ദുഷ്‌കരമായിരിക്കും.
കാരണം നിലവില്‍ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ്. ഈ കോമ്പിനേഷന്‍ വിന്‍ഡീസിനെതിരേ ഇന്ത്യ പൊളിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. അതുകൊണ്ട് ഓപ്പണിങ് റോളില്‍ ജയ്‌സ്വാളിനെ കൊണ്ടു വരാന്‍ സാധ്യത തീരെ കുറവാണെന്നു തന്നെ പറയാം. ഇഷാന്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലെങ്കിലും ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ മാത്രമേ ജയ്‌സ്വാളിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.
യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ടി20 പരമ്പരയില്‍ അവസരം കിട്ടാതെ പുറത്തിരുന്ന് കളി കാണാന്‍ ഇടയുള്ള മറ്റൊരു താരം. നിലവില്‍ മൂന്നു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരും ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമടക്കം നാലു പേര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ഇവരില്‍ ഓള്‍റൗണ്ടര്‍ കൂടിയായ അക്ഷര്‍ പട്ടേലിനു ടീമില്‍ സ്ഥാനമുറപ്പാണ്.

യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. ഈ രണ്ടു പേരില്‍ ഒരാള്‍ക്കായിരിക്കും പ്ലെയിങ് ഇലനിലേക്കു നറുക്കുവീഴുന്നത്. ഒരാള്‍ ക്ലിക്കായില്ലെങ്കില്‍ അടുത്തയാളെയും ഇന്ത്യ പരീക്ഷിക്കും. ഈ രണ്ടു പേരും കഴിഞ്ഞ് മാത്രമേ ബിഷ്‌നോയിയെ ഇലവനിലേക്കു പരിഗണിക്കാനുള്ള സാധ്യതയുള്ളൂ.
ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും പൂര്‍ണമായി തഴയപ്പെടാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍ ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറാണ്. ബംഗാളില്‍ നിന്നുള്ള പേസറായ അദ്ദേഹം ഇനിയും ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ല. അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ആവേശ് ഖാന്‍ എന്നിവരാണ് മുകേഷിനെക്കൂടാതെ വിന്‍ഡീസുമായുള്ള പരമ്പരയിലെ മറ്റു ഇന്ത്യന്‍ പേസര്‍മാര്‍.
ഇവരില്‍ സീനിയേഴ്‌സിന്റെ അഭാവത്തില്‍ അര്‍ഷ്ദീപായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. രണ്ടാമനായി ആവേശും മൂന്നാമനായി ഉമ്രാനും കളിക്കാനാണ് ഏറ്റവുമധികം സാധ്യത. രണ്ടു പേരും തല്ലുകൊള്ളികളായ ബൗളര്‍മാരാണെങ്കിലും ഇരുവരും ഇതിനകം ടി20യില്‍ കളിച്ചിട്ടുള്ളവരാണ്. മാത്രമല്ല മെച്ചമെന്നു പറയാവുന്ന മറ്റു ഓപ്ഷനുകളും പരമ്പരയില്‍ ഇന്ത്യക്കില്ല.
അതിനാല്‍ ഈ മൂന്നു പേര്‍ തന്നെ പേസ് ബൗളിങ് കൈകാര്യം ചെയ്യും. ഇവരെ പിന്തുണയ്ക്കാന്‍ നായകന്‍ ഹാര്‍ദിക്കുമുണ്ട്. അപ്പോള്‍ പിന്നെ മുകേഷിനു പ്രതീക്ഷയ്ക്കു വക വേണ്ട. ടി20യില്‍ അധികം അനുഭസമ്പത്തില്ലെന്നതും എടുത്തുപറയാവുന്ന നേട്ടങ്ങളൊന്നുമില്ലെന്നതും മുകേഷിനു തിരിച്ചടിയാവുന്ന മറ്റു കാര്യങ്ങളാണ്. കഴിഞ്ഞ സീസണിലായിരുന്നു ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications