ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു പിന്നാലെ വെസ്റ്റ് ഇന്‍ഡീസുമായി ഇനി ടി20 പോരിനിറങ്ങുകയാണ് ടീം ഇന്ത്യ. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം നാളെ (വ്യാഴം) രാത്രി നടക്കും. ഇന്ത്യന്‍ സമയം രാത്രി എട്ടു മണി മുതല്‍ ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്‌റ്റേഡിയത്തിലാണ് മല്‍സരം. നേരത്തേ ഇരുടീമുകളു തമ്മിലുള്ള അവസാനത്തെ ഏകദിനം നടന്നതും ഇതേ വേദിയില്‍ തന്നെയായിരുന്നു.
ടെസ്റ്റ്, ഏകദിന പരമ്പരകള്‍ പോക്കറ്റിലാക്കിയ ടീം ഇന്ത്യ ഇനി ടി20 പരമ്പരയിലും പ്രകടനം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. സമാപിച്ച ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ചിലരുടെ സേവനം ടി20 പരമ്പരയില്‍ ഇന്ത്യക്കു ലഭിക്കില്ല. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരൊന്നും ടി20 പരമ്പരയുടെ ഭാഗമല്ല.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ടീമിന്റെ വൈസ് ക്യാപ്റ്റനുമാണ്. ടി20 ഫോര്‍മാറ്റില്‍ ചില താരങ്ങളുടെ അരങ്ങേറ്റത്തിനു കൂടിയാവും ടി20 പരമ്പര സാക്ഷിയാവുക.
ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍, മധ്യനിര ബാറ്റര്‍ തിലക് വര്‍മ, പേസര്‍ മുകേഷ് കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ പുതുമുഖങ്ങള്‍. ആദ്യ ടി20യില്‍ ഇന്ത്യന്‍ സാധ്യതാ ഇലവനില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.
ഓപ്പണിങ് സ്ഥാനത്തേക്കു മൂന്നു പേരാണ് മല്‍സരരംഗത്തുള്ളത്. ഇവരില്‍ ഒരാള്‍ക്കു നിരാശപ്പെടേണ്ടി വരും. അതു ജയ്‌സ്വാളാവാനാണ് സാധ്യത. ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനുമായിരിക്കും ഓപ്പണിങ് ജോടികളായി പ്രഥമ പരിഗണന ലഭിക്കുക. സമാപിച്ച ഏകദിന പരമ്പയിലെ മൂന്നു മല്‍സരങ്ങളിലും ഇരുവരുമായിരുന്നു ഓപ്പണ്‍ ചെയ്തത്.
രണ്ടു മല്‍സരങ്ങളില്‍ ടീമിനു തകര്‍പ്പന്‍ ചുടക്കം നല്‍കുകയും ചെയ്തു. രണ്ടാം ഏകദിനത്തില്‍ 91ഉം മൂന്നാമത്തേതില്‍ 143ഉം റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ ഗില്‍- ഇഷാന്‍ സഖ്യം അടിച്ചെടുത്തത്. അതുകൊണ്ടു തന്നെ ഇവരിലൊരാളെ മാറ്റി ജയ്‌സ്വാളിനെ ഓപ്പണിങ് കോമ്പിനേഷനിലേക്കു കൊണ്ടു വരാന്‍ സാധ്യതയില്ല.
മൂന്നാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും ഇറങ്ങുക. സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളായിരിക്കും അദ്ദേഹത്തിന്റേത്. മൂന്നാം ഏകദിനത്തില്‍ 41 ബോളില്‍ നിന്നും 51 റണ്‍സുമായി സഞ്ജു തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു. നാലാം നമ്പര്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ സൂര്യക്കായിരിക്കും. ഈ പൊസിഷന്‍ അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമാണ്.

അഞ്ചാമനായി പുതുമുഖം തിലകിനു നറുക്കുവീഴാനാണ് സാധ്യ. കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളിലും മുംബൈ ഇന്ത്യന്‍സിനായി മിന്നുന്ന പ്രകടനം നടത്തിയ തിലക് ഇനി ഇന്ത്യന്‍ കുപ്പായത്തിലും ഇതാവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്.
തിലക് കഴിഞ്ഞാല്‍ ആറും ഏഴും സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്കും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമായിരിക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനായിരിക്കും നറുക്കു വീഴുക. ഏകദിന പരമ്പരയില്‍ അദ്ദേഹം മിന്നുന്ന ഫോമിലായിരുന്നു. പേസ് ബൗളിന്റെ ചുമതല അര്‍ഷ്ദീപ് സിങിനായിരിക്കും. ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍ എന്നിവരാവും മറ്റു പേസര്‍മാര്‍.
സാധ്യതാ പ്ലെയിങ് 11
ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, മുകേഷ് കുമാര്‍.