IND vs WI: എന്തു കൊണ്ട് രാഹുല്‍ ആദ്യ ഏകദിനത്തിനില്ല? വിശ്രമമല്ല, യഥാര്‍ഥ കാരണമറിയാം
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ആദ്യ ഏകദിന മല്‍സരത്തില്‍ പുതിയ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിന്റെ അഭാവം നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഏകദിനത്തിനു മുന്നോടിയായി അദ്ദേഹം ടീമിനൊപ്പം ചേരുമെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി നേരത്തേ അറിയിച്ചത്. ബിസിസിഐ ഇതേക്കുറിച്ച് വിശദീകരണം നല്‍കിയിരുന്നില്ലെങ്കിലും രാഹുലിനു വിശ്രമം നല്‍കിയിരിക്കുകയാണെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ അതല്ല യാഥാര്‍ഥ്യമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.

അതിനിടെ ഇന്ത്യന്‍ ക്യാംപിലെ ചില കളിക്കാര്‍ക്കു കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത് ഏകദിന പരമ്പരയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായിരിക്കുന്നത്. മായങ്ക് അഗര്‍വാളിനെ പകരക്കാരമായി ഇന്ത്യന്‍ സംഘത്തിലേക്കു ഉള്‍പ്പെടുത്തിയിട്ടണ്ട്.

തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം കെഎല്‍ രാഹുലിന് ആദ്യ ഏകദിനത്തില്‍ വിശ്രമം നല്‍കിയതല്ലെന്നും പകരം അദ്ദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരം ടീമിലേക്കു പരിഗണിക്കാതിരുന്നതെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് രാഹുല്‍ തന്നെ ആദ്യ ഏകദിനത്തില്‍ നിന്നും ബ്രേക്കെടുത്തതെന്നു വ്യക്തമായിരിക്കുകയാണ്.
ആദ്യ ഏകദിനത്തിനു മുമ്പ് ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ രാഹുലിനെ തിരിച്ചുവിളിച്ചേക്കുമെന്നു സംശയമുയര്‍ന്നിരുന്നെങ്കിലും അതുണ്ടാവില്ലെന്നാണ് അറിയുന്നത്. നേരത്തേ തീരുമാനിച്ചതു പോലെ ഒമ്പതിനു നടക്കുന്ന രണ്ടാം ഏകദിനത്തില്‍ മാത്രമേ രാഹുല്‍ ടീമിനൊപ്പം ചേരുകയുള്ളൂ.

അതേസമയം ധവാന്‍, ശ്രേയസ്, റുതുരാജ് എന്നിവരുടെ പിന്‍മാറ്റത്തോടെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ എണ്ണം അഞ്ചായി കുറഞ്ഞിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഓള്‍റൗണ്ടല്‍ ദീപക് ഹൂഡ എന്നിവരാണ് ഇവര്‍. മല്‍സരം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുകയാണെങ്കില്‍ ഇവരെല്ലാം പ്ലെയിങ് ഇലവനിലുണ്ടാവും. പുതുതായി ഉള്‍പ്പെടുത്തിയ മായങ്ക് ടീമിനൊപ്പം ചേരും. രോഹിത്- മായങ്ക് ജോടി ആദ്യ ഏകദിനത്തില്‍ ഓപ്പണ്‍ ചെയ്യുമെന്നു ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.

നീണ്ട ഇടവേളയ്ക്കു ശേഷം അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ദീപക് ഹൂഡയ്ക്കു ഇതു സുവര്‍ണാവസരമാണ്. ലഭിച്ച അവസരം നന്നായി മുതലെടുത്ത് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരെ ഒഴിവാക്കിയാണ് ഹൂഡയെ ഏകദിന ടീമിലുള്‍പ്പെടുത്തിയത്. ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള കഴിഞ്ഞ ടി20, ഏകതിന പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു വെങ്കടേഷ്. പക്ഷെ യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ താരത്തിനായില്ല. ഇതേ തുടര്‍ന്നാണ് വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.

ഒരിടവേളയ്ക്കു ശേഷം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാങിഷ്ടണ്‍ സുന്ദറും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരുടെ അഭാവം താരത്തിനു ടീമിലേക്കു വഴി തുറക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്ത് വാഷിങ്ടണ്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. ഇനി വിന്‍ഡീസിനെതിരേയും ഇതേ പ്രകടനം ആവര്‍ത്തിക്കാനായിരിക്കും താരം ശ്രമിക്കുക.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications