IND vs WI: ഇലക്ട്രീഷ്യന്റെ മകന്‍, കോച്ചിങിന് പണവുമില്ല! കോച്ച് വളര്‍ത്തി താരമാക്കിയ തിലക്
അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വരവറിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മ. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20യിലൂടെ ഇന്ത്യന്‍ കുപ്പായമണിഞ്ഞ തിലക് തുടക്കം ഗംഭീരമാക്കി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമാവാനുള്ള എല്ലാ കഴിവും തനിക്കുണ്ടെന്നു അദ്ദേഹം ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ്. ആദ്യം ഫീല്‍ഡിങിലായിരുന്നു തിലക് തന്റെ സാന്നിധ്യമറിയിച്ചത്.
ഒരു കിടിലന്‍ പറക്കും ക്യാച്ചിലൂടെ അദ്ദേഹം ആരാധകരുടെ മുഴുവന്‍ കൈയടിയേറ്റു വാങ്ങി. പിന്നാലെ ബാറ്റിങിലും തിലക് കത്തിക്കയറി. ഇന്ത്യന്‍ നിരയിലെ മറ്റുള്ളവരെല്ലാം ടി20യില്‍ 'ടെസ്റ്റ്' കളിക്കാന്‍ ശ്രമിച്ചപ്പോള്‍ യഥാര്‍ഥ ടി20 ശൈലിയില്‍ ബാറ്റ് വീശിയത് തിലക് മാത്രമായിരുന്നു. നാലാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയ അദ്ദേഹം തുടക്കം മുതല്‍ വളരെ നിര്‍ഭയമായാണ് ബാറ്റ് ചെയ്തത്.

ഒരു അരങ്ങേറ്റക്കാരന്റെ യാതൊരു പതര്‍ച്ചയും തിലകില്‍ കണ്ടില്ല. 22 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുകളുമടക്കം 39 റണ്‍സ് അടിച്ചെടുത്താണ് താരം ക്രീസ് വിട്ടത്. നാലു റണ്‍സിനു പൊരുതിത്തോറ്റ മല്‍സരത്തില്‍ ഇന്ത്യയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്നത് തിലകിന്റെ പ്രകടനമാണ്.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ നിന്നും കഠിനപ്രയത്‌നത്തിലൂടെ ഉയര്‍ന്നുവന്ന കഥകളാണ് തിലകിനു പറയാനുള്ളത്. ഫോം നിലനിര്‍ത്തുകയും, ഇന്ത്യക്കു വേണ്ടി കളിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം കൈവരിക്കുകയും ചെയ്താല്‍ തിലക് നേട്ടങ്ങള്‍ കൊയ്യുമെന്നു ഉറപ്പായിരുന്നതായി ബാല്യകാല കോച്ച് സലാം ബയാഷ് പറയുന്നു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കഴിഞ്ഞ രണ്ടു സീസണുകളിലും നടത്തിയ മിന്നുന്ന പ്രകടനമാണ് ഹൈദരാബാദുകാരനായ തിലകിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ തവണ 20 കാരനായ താരം 11 മല്‍സരങ്ങളില്‍ നിന്നും അടിച്ചെടുത്തത് 343 റണ്‍സാണ്. തൊട്ടുമുമ്പത്തെ അരങ്ങേറ്റ സീസണിലും 400നടുത്ത് റണ്‍സ് തിലക് സ്‌കോര്‍ ചെയ്തിരുന്നു.
കൂട്ടുകാരോടൊപ്പം ബര്‍കാസ് ഗ്രൗണ്ടില്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കെയാണ് തിലകിനെ ആദ്യമായി കണ്ടതെന്നു ബാല്യകാല കോച്ച് സലാം ബയാഷ് വ്യക്തമാക്കി.
എവിടെയാണ് പരിശീലനം നടത്തുന്നതെന്നു ഞാന്‍ തിലകിനോടു ചോദിച്ചു. ഈ ഗ്രൗണ്ടില്‍ മാത്രമാണ് താന്‍ കളിക്കാറുള്ളതെന്നു അവന്‍ പറഞ്ഞു. അതിനു ശേഷം ഞാന്‍ തിലകിന്റെ അച്ഛനെ ഫോണില്‍ വിളിക്കുകയും മകന് കഴിവുണ്ടെന്നും അക്കാദമിയില്‍ ചേര്‍ക്കണമെന്നു ആവശ്യപ്പെടുകയുമായിരുന്നെന്ന് സലാം വെളിപ്പെടുത്തി.

തിലകിന്റെ അച്ഛന്‍ നമ്പൂരി നാഗരാജു ഇലക്ട്രീഷ്യനായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു മകനെ ക്രിക്കറ്റ് കളിക്കാന്‍ അയ്ക്കാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നുവെന്നും മുന്‍ കോച്ച് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം തിലകിനെ പരിശീലനത്തിന് അയക്കാന്‍ അദ്ദേഹം ആദ്യം വിസമ്മതിച്ചു. ഞാന്‍ താമസിക്കുന്ന സ്ഥലത്തു നിന്നും രണ്ടു കിലോ മീറ്റര്‍ മാത്രം അകലെയായിരുന്നു തിലകും കുടുംബവും താമസിച്ചിരുന്നത്.
തിലകിന്റെ യാത്രയുടെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കാമെന്നു അവന്റെ അച്ഛനോടു പറഞ്ഞു. നിങ്ങള്‍ എല്ലാ ദിവസവും മകനെ കൊണ്ടു വിടാനോ, കൂട്ടിക്കൊണ്ടു വരാനോ പോവേണ്ടതില്ലെന്നും അതോടൊപ്പം പരിശീലനത്തിനുള്ള അവന്റെ ഫീസും താന്‍ നല്‍കാമെന്നും അദ്ദേഹത്തോടു പറഞ്ഞു. അതിനു ശേഷമായിരുന്നു പരിശീലനത്തിന് തിലകിനെ അയക്കാന്‍ അവര്‍ സമ്മതം മൂളിയതെന്നും സലാം ബയാഷ് കൂട്ടിച്ചേര്‍ത്തു.
മകന്‍ ക്രിക്കറ്റില്‍ ഇവിടെ വരെയെത്താനുള്ള ഒരേയൊരു കാരണം സലാം ബയാഷാണെന്നു തിലകിന്റെ അച്ഛന്‍ നമ്പൂരി നാഗരാജു പറയുന്നു. എന്നെ വിശ്വസിക്കൂയെന്നും മകനെ തന്റെ കൈകളില്‍ ഏല്‍പ്പിക്കൂയെന്നുമായിരുന്നു കോച്ച് പറഞ്ഞത്. അവനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ മകന്‍ പ്രതിഭയുള്ളവനാണ്. അവനു പിന്തുണ നല്‍കണമെന്നുമായിരുന്നു കോച്ചിന്റെ വാക്കുകളന്നു നമ്പൂരി നാഗരാജു വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications