Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കിങ്ങായി 'ബ്രണ്ടന്‍', നാണംകെട്ട് ഇന്ത്യ! ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിന്

ഫ്‌ളോറിഡ: അഞ്ചാം ടി20യില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ടി20 പരമ്പര വെസ്റ്റ് ഇന്‍ഡീസിന്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 165 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു. രണ്ടോവര്‍ ബാക്കിനിര്‍ത്തിയായിരുന്നു വിന്‍ഡീസ് ജയം നേടിയത്. ഇതോടെ അഞ്ച് മത്സര ടി20 പരമ്പര 3-2ന് വിന്‍ഡീസ് സ്വന്തമാക്കി.

ഇന്ത്യയുടെ യുവനിരയെ സംബന്ധിച്ച് വലിയ നാണക്കേടായി പരമ്പര മാറിയിരിക്കുകയാണ്. ബ്രണ്ടന്‍ കിങ്ങിന്റെയും (85*) നിക്കോളാസ് പുരാന്റെയും (47) ബാറ്റിങ്ങാണ് വെസ്റ്റ് ഇന്‍ഡീസിന് ജയമൊരുക്കിയത്. ഷായ് ഹോപ്പ് (13 പന്തില്‍ 22*) വിന്‍ഡീസ് ജയം വേഗത്തിലാക്കി. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തി.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചില്ല. ആദ്യ ഓവറില്‍ സ്പിന്നിനെ കൊണ്ടുവന്ന വെസ്റ്റ് ഇന്‍ഡീസ് തന്ത്രം ഫലിച്ചു. അക്കീല്‍ ഹൊസീന്റെ ആദ്യ ഓവറില്‍ത്തന്നെ യശ്വസി ജയ്‌സ്വാള്‍ (4 പന്തില്‍ 5) പുറത്തായി. ഹൊസീന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് യുവതാരം മടങ്ങിയത്. ജയ്‌സ്വാളിന്റെ പുറത്താവലിന്റെ ക്ഷീണം മാറുന്നതിന് മുന്നെ ഇന്ത്യക്ക് ശുബ്മാന്‍ ഗില്ലിനെയും നഷ്ടമായി.

9 പന്തില്‍ 9 റണ്‍സെടുത്ത ശുബ്മാന്‍ ഗില്ലിനെ ഹൊസീന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. പന്ത് സ്റ്റംപിന് പുറത്താക്കാണ് പോയതെങ്കിലും റിവ്യൂ എടുക്കാന്‍ തയ്യാറാകാതെ ശുബ്മാന്‍ മടങ്ങുകയായിരുന്നു. ഇതോടെ മൂന്ന് ഓവറിനുള്ളില്‍ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും കൂടാരം കയറി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും (61) തിലക് വര്‍മയും (27) ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകി. 49 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച് ഇരുവരും മുന്നേറവെ തിലക് വര്‍മയെ റോസ്ടന്‍ ചേസ് പുറത്താക്കി.

tilak varma

18 പന്ത് നേരിട്ട് 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 27 റണ്‍സെടുത്ത തിലകിനെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ചേസ് മടക്കിയത്. ഒരുവശത്ത് സൂര്യകുമാര്‍ യാദവ് പൊരുതി നിന്നപ്പോഴും മറുവശത്ത് ഇന്ത്യയുടെ വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി. 9 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സാണ് സഞ്ജുവിന് നേടാനായത്. റൊമാരിയോ ഷിഫേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കിയാണ് സഞ്ജുവിന്റെ മടക്കം.

ഇന്ത്യയുടെ രക്ഷകനാവാനുള്ള സുവര്‍ണ്ണാവസരം സഞ്ജു നഷ്ടപ്പെടുത്തി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തീര്‍ത്തും നിരാശപ്പെടുത്തിയാണ് പുറത്തായത്. 18 പന്ത് നേരിട്ട് 1 സിക്‌സറടക്കം 14 റണ്‍സ് നേടിയാണ് ഹാര്‍ദിക് പുറത്തായത്. 77.77 മാത്രമായിരുന്നു ഇന്ത്യന്‍ നായകന്റെ സ്‌ട്രൈക്ക് റേറ്റ്. അക്ഷര്‍ പട്ടേല്‍ (10 പന്തില്‍ 13) നിര്‍ണ്ണായക റണ്‍സുകള്‍ ടീം സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. അര്‍ഷദീപ് സിങ് (4 പന്തില്‍ 8) വന്നതിലും വേഗം മടങ്ങിയപ്പോള്‍ കുല്‍ദീപ് യാദവ് പൂജ്യത്തിനും പുറത്തായി.

മുകേഷ് കുമാറും (4) യുസ്‌വേന്ദ്ര ചഹാലും (0) പുറത്താവാതെ നിന്നു. സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് നട്ടെല്ലായത്. 45 പന്തില്‍ നാല് ഫോറും 3 സിക്‌സും ഉള്‍പ്പെടെ 61 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 135.55 ആയിരുന്നു സൂര്യയുടെ സ്‌ട്രൈക്ക് റേറ്റ്. ഇതോടെ 20 ഓവറില്‍ 9 വിക്കറ്റിന് 165 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെത്തി. വിന്‍ഡീസിനായി റൊമാരിയോ ഷിഫേര്‍ഡ് നാലും ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു. റോസ്ടന്‍ ചേസ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ കെയ്ല്‍ മെയേഴ്‌സിനെ (5 പന്തില്‍ 10) അര്‍ഷദീപ് സിങ് തുടക്കത്തിലേ പുറത്താക്കി. എന്നാല്‍ പിന്നീടൊത്തുകൂടിയ ബ്രണ്ടന്‍ കിങ്ങും നിക്കോളാസ് പുരാനും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടോടെ ഇന്ത്യയെ വിറപ്പിച്ചു. വെടിക്കെട്ട് പ്രകടനം നടത്തിയ പുരാനെ (47) തിലക് വര്‍മ പുറത്താക്കി. 35 പന്ത് നേരിട്ട് 1 ഫോറും 4 സിക്‌സുമാണ് പുരാന്‍ അടിച്ചെടുത്തത്.

പതറാതെ ബാറ്റിങ് തുടര്‍ന്ന ബ്രണ്ടന്‍ കിങ് 55 പന്ത് നേരിട്ട് 5 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് 85 റണ്‍സ് നേടിയത്. ഷായ് ഹോപ്പ് 13 പന്ത് നേരിട്ട് ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 22 റണ്‍സോടെ പുറത്താവാതെ നിന്നു. ഇന്ത്യക്കായി തിലക് വര്‍മയും അര്‍ഷദീപ് സിങ്ങും ഓരോ വിക്കറ്റ് വീഴ്ത്തി.

പ്ലേയിങ് 11 ഇന്ത്യ- യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹാല്‍, മുകേഷ് കുമാര്‍

വെസ്റ്റ് ഇന്‍ഡീസ്- കെയ്ല്‍ മെയേഴ്‌സ്, ബ്രണ്ടന്‍ കിങ്, ഷായ് ഹോപ് (c), നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോസ്ടന്‍ ചേസ്, റൊമാരിയോ ഷിഫേര്‍ഡ്, ജേസന്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍

Story first published: Sunday, August 13, 2023, 11:46 [IST]
Other articles published on Aug 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+