Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ദുരന്തമായി ബാറ്റിങ്, നാണംകെട്ട് ഇന്ത്യ! വിന്‍ഡീസിന് തകര്‍പ്പന്‍ ജയം

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ നാണംകെട്ട തോല്‍വിയുമായി ഇന്ത്യ. നാല് റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിയത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 149 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 145 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ബാറ്റ്‌സ്മാന്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് വെസ്റ്റ് ഇന്‍ഡീസ് മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ആതിഥേയര്‍ക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 29 റണ്‍സുള്ളപ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ കെയ്ല്‍ മെയേഴ്‌സിനെ (7 പന്തില്‍ 1) നഷ്ടമായി. യുസ്‌വേന്ദ്ര ചഹാല്‍ എറിഞ്ഞ അഞ്ചാം ഓവറിന്റെ ആദ്യ പന്തിലാണ് മെയേഴ്‌സ് മടങ്ങിയത്. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു മടക്കം. പന്ത് വിക്കറ്റിന് പുറത്തേക്കാണ് പോയതെങ്കിലും റിവ്യൂ ചെയ്യാന്‍ തയ്യാറാകാതെ മെയേഴ്‌സ് കളം വിട്ടു.

ഇതേ ഓവറിലെ മൂന്നാം പന്തില്‍ ചഹാല്‍ ബ്രണ്ടന്‍ കിങ്ങിനെയും (19 പന്തില്‍ 28) മടക്കി അയച്ചു. 4 ഫോറും 1 സിക്‌സുമടക്കം പറത്തി ഇന്ത്യക്ക് വലിയ ഭീഷണിയായി ബ്രണ്ടന്‍ കിങ് മാറവെയാണ് ചഹാല്‍ എല്‍ബിയില്‍ കുരുക്കിയത്. വിക്കറ്റ് കീപ്പര്‍ ജോണ്‍സണ്‍ ചാള്‍സിനെ (6 പന്തില്‍ 3) നിലയുറപ്പിക്കും മുമ്പ് കുല്‍ദീപ് പറഞ്ഞയച്ചു. ചൈനാമാന്‍ സ്പിന്നറെ സിക്‌സര്‍ പറത്താനുള്ള ചാള്‍സിന്റെ ശ്രമം അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിച്ചു.

ഒരുവശത്ത് നിക്കോളാസ് പുരാന്‍ അതിവേഗം റണ്‍സുയര്‍ത്തി. ഏഴ് പന്തില്‍ 23 റണ്‍സുമായി ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ തുടക്കത്തിലേ പുരാന്‍ ആധിപത്യം കാട്ടി. എന്നാല്‍ പവര്‍പ്ലേക്ക് ശേഷം പുരാനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിറപ്പിച്ചു. 34 പന്ത് നേരിട്ട് 2 വീതം സിക്‌സും ഫോറുമടക്കം 41 റണ്‍സ് നേടിയ പുരാനെ ഹര്‍ദിക് പാണ്ഡ്യ തിലക് വര്‍മയുടെ കൈയിലെത്തിച്ചു. പുരാന്‍ പുറത്താവുമ്പോള്‍ 14.1 ഓവറില്‍ 4 വിക്കറ്റിന് 96 റണ്‍സെന്ന നിലയിലായിരുന്നു വിന്‍ഡീസ്.

sanju samson

ഇതേ ഓവറില്‍ റോവ്മാന്‍ പവലിന്റെ ക്യാച്ച് യുസ്‌വേന്ദ്ര ചഹാല്‍ നഷ്ടപ്പെടുത്തി. ഇതിനെ മുതലാക്കി പവല്‍ വമ്പന്‍ ഷോട്ടുകള്‍ കളിച്ചു. 20 റണ്‍സില്‍ നില്‍ക്കവെയാണ് പവലിനെ ചഹാല്‍ കൈവിട്ടു കളഞ്ഞത്. അപകടകാരിയായ ഷിംറോന്‍ ഹെറ്റ്‌മെയറെ (12 പന്തില്‍ 10) അര്‍ഷദീപ് സിങ് അക്ഷര്‍ പട്ടേലിന്റെ കൈയിലെത്തിച്ചു. അതിവേഗം റണ്‍സുയര്‍ത്തിയ പവലിനെ (32 പന്തില്‍ 48) അര്‍ഷദീപ് സിങ് പൂട്ടി. സിക്‌സറിന് ശ്രമിച്ച പവല്‍ സൂര്യകുമാറിന്റെ കൈയില്‍ അവസാനിച്ചു.

3 വീതം സിക്‌സും ഫോറുമാണ് വെസ്റ്റ് ഇന്‍ഡീസ് നായകന്‍ നേടിയത്. ഡെത്തോവറുകളില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ 6 വിക്കറ്റിന് 149 റണ്‍സില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്കായി അര്‍ഷദീപ് സിങ്ങും യുസ് വേന്ദ്ര ചഹാലും രണ്ട് വിക്കറ്റ് പങ്കിട്ടപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു. സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ ശുബ്മാന്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. 9 പന്ത് നേരിട്ട് 3 റണ്‍സ് നേടിയ ഗില്ലിനെ അക്കീല്‍ ഹൊസീനാണ് പുറത്താക്കിയത്. ക്രീസില്‍ നിന്ന് കയറി കളിച്ച ഗില്ലിന് പന്തിനെ കൃത്യമായി കണക്ട് ചെയ്യാനായില്ല. ഇതോടെ വിക്കറ്റ് കീപ്പര്‍ ജോണ്‍സണ്‍ ചാള്‍സ് സ്റ്റംപിങ്ങിലൂടെ ഗില്ലിന് മടക്ക ടിക്കറ്റ് നല്‍കി. ഇഷാന്‍ കിഷനും നിരാശപ്പെടുത്തി മടങ്ങി.

9 പന്ത് നേരിട്ട് 1 ബൗണ്ടറിയടക്കം 6 റണ്‍സുമായാണ് ഇഷാന്‍ മടങ്ങിയത്. മക്കോയിയെ സിക്‌സര്‍ പറത്താനുള്ള ഇഷാന്റെ ശ്രമം പാളിയപ്പോള്‍ റോവ്മാന്‍ പവലിന്റെ കൈയില്‍ ഭദ്രം. സൂര്യകുമാര്‍ യാദവ് പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. 21 പന്ത് നേരിട്ട് 2 ഫോറും 1 സിക്‌സുമടക്കം 21 റണ്‍സ് നേടിയ സൂര്യകുമാറിനെ ജേസന്‍ ഹോള്‍ഡറാണ് പുറത്താക്കിയത്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യ-സഞ്ജു സാംസണ്‍ കൂട്ടികുട്ടിലേക്ക് ഇന്ത്യയുടെ പ്രതീക്ഷകളെത്തി.

എന്നാല്‍ 19 പന്ത്് നേരിട്ട് മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 19 റണ്‍സെടുത്ത ഹാര്‍ദിക്കിനെ ജേസന്‍ ഹോള്‍ഡര്‍ ക്ലീന്‍ബൗള്‍ഡാക്കി. ഇതേ ഓവറില്‍ സഞ്ജു സാംസണ്‍ (12 പന്തില്‍ 12) റണ്ണൗട്ടായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. കെയ്ല്‍ മെയേഴ്‌സിന്റെ ഡയറക്ട് ത്രോയിലാണ് സഞ്ജു റണ്ണൗട്ടായത്. 11 പന്തില്‍ 13 റണ്‍സുമായി അക്ഷര്‍ പട്ടേലും പുറത്തായതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.

അര്‍ഷദീപ് സിങ് (7 പന്തില്‍ 12) പൊരുതി നോക്കിയെങ്കിലും റണ്ണൗട്ടായി മടങ്ങി. ഇതോടെ ഇന്ത്യ ആദ്യ ടി20യില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനായി മെക്കോയ്, ഷിപ്പേര്‍ഡ്, ഹോള്‍ജഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ അക്കീല്‍ ഹൊസീന്‍ ഒരു വിക്കറ്റും നേടി.

പ്ലേയിങ് 11 ഇന്ത്യ- ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (c), അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്

വെസ്റ്റ് ഇന്‍ഡീസ്- ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പുരാന്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍ (c), ജേസന്‍ ഹോള്‍ഡര്‍, റൊമാരിയോ ഷിപ്പേര്‍ഡ്, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ഒബെദ് മെക്കോയ്

Story first published: Thursday, August 3, 2023, 13:48 [IST]
Other articles published on Aug 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+