വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20 മല്‍സരത്തിലേറ്റ അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലിലാണ് ടീം ഇന്ത്യ. മികച്ച യുവതാരങ്ങളടങ്ങിയ ശക്തമായ ഇലവനെ ഇറക്കിയിട്ടും ബാറ്റിങില്‍ ഇന്ത്യ ദയനീയ പരാജയമായി മാറി. 150 റണ്‍സ് പോലും ചേസ് ചെയ്യാന്‍ ഇന്ത്യക്കു സാധിക്കാതെ പോയത് ബാറ്റിങ് നിര എത്ര മാത്രം ശോകമായിരുന്നുവെന്നു അടിവരയിടുന്നു. നാലു റണ്‍സിനായിരുന്നു ഇന്ത്യ മല്‍സരം അടിയറ വച്ചത്.
പരാജയത്തോടൊപ്പം ടീം നടത്തിയ ഒരു പ്ലാന്‍ കളിക്കളത്തില്‍ നടപ്പാക്കാന്‍ സാധിക്കാതെ പോയതും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും കോച്ച് രാഹുല്‍ ദ്രാവിഡിനും ക്ഷീണമായി തീര്‍ന്നു. ഈ പ്ലാന്‍ തകര്‍ത്തത് എതിര്‍ ടീമിലെ ആരുമല്ലായിരുന്നു. മറിച്ച് സ്വന്തം ടീമില്‍ നിന്നു തന്നെയാണ് ഹാര്‍ദിക്കിനും ദ്രാവിഡിനും പണി കിട്ടിയത്. സംഭവത്തെക്കുറിച്ച് വിശദമായി തന്നെ അറിയാം.

ഇന്ത്യയുടെ റണ്‍ചേസില്‍ 10ാം നമ്പറില്‍ അരങ്ങേറ്റക്കാരനായ ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാറിനെ അയക്കാനായിരുന്നു ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഏറ്റവും അവസാനം അയച്ചാല്‍ മതിയെന്നും അവര്‍ പ്ലാന്‍ ചെയ്തു. ബൗളിങില്‍ പുലിയാണെങ്കിലും ബാറ്റിങില്‍ ചഹലിന്റെ ദയനീയ റെക്കോര്‍ഡ് തന്നെയാവാം ദ്രാവിഡിനെയും ഹാര്‍ദിക്കിനെയും ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചത്.
ടി20 കരിയറെടുത്താല്‍ ചഹല്‍ നേടിയിട്ടുള്ളത് വെറും ആറു റണ്‍സ് മാത്രമാണ്. അതുകൊണ്ടു തന്നെ മുകേഷിനെ ബാറ്റിങില്‍ അദ്ദേഹത്തേക്കാള്‍ മുമ്പ് പരീക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയും ചെയ്തു.
പക്ഷെ ദ്രാവിഡും ഹാര്‍ദിക്കും നടത്തിയ ഈ നീക്കം അറിയാതെ ചഹല്‍ നേരത്തേ തന്നേ ഗ്രൗണ്ടിലേക്കു ഇറങ്ങുകയായിരുന്നു. 20ാം ഓവറിലായിരുന്നു ഈ നാടകീയ രംഗങ്ങള്‍. റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ ആദ്യത്തെ ബോളില്‍ തന്നെ കുല്‍ദീപ് യാദവ് പുറത്തായി.
രണ്ടു വിക്കറ്റ് കൈയിലിരിക്കെ അഞ്ചു ബോളില്‍ 10 റണ്‍സായിരുന്നു അപ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. തൊട്ടുമുമ്പത്തെ ഓവറില്‍ രണ്ടു ബൗണ്ടറികളടിച്ച് ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കിയ അര്‍ഷ്ദീപ് സിങായിരുന്നു അപ്പോള്‍ നോണ്‍ സ്‌ട്രൈക്കറായി ക്രീസില്‍.
കുല്‍ദീപ് പുറത്തായപ്പോഴും ഇന്ത്യക്കു നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു. തുടര്‍ന്നു മുകേഷിനെ ക്രീസിലേക്കു അയക്കാന്‍ കോച്ചും ക്യാപ്റ്റനും ശ്രമിക്കവെയായിരുന്നു ചഹല്‍ ഇതൊന്നുമറിയാതെ ഗ്രൗണ്ടിലേക്കു ചാടിയിറങ്ങിയത്.
ഡഗൗട്ടില്‍ നിന്നും സ്വന്തം ടീമിന്റെ ഭാഗത്തു നിന്നുള്ള ബഹളം കേട്ടു തിരികെ നോക്കിയപ്പോഴാണ് താനല്ല, മറിച്ച് മുകേഷായിരുന്നു പത്താമനായി ബാറ്റ് ചെയ്യേണ്ടിയിരുന്നതെന്നു ചഹലിനു മനസ്സിലായത്. തുടര്‍ന്നു അദ്ദേഹം ഗ്രൗണ്ടില്‍ നിന്നും തിരികെ കയറി മുകേഷിനെ അയക്കാന്‍ ശ്രമിച്ചെങ്കിലും അതു അനുവദിക്കപ്പെട്ടില്ല.

ക്രിക്കറ്റിലെ നിയമം അനുസരിച്ച് ഒരു വിക്കറ്റ് വീണതിനു ശേഷം പുതുതായി ഒരു ബാറ്റര്‍ ഗ്രൗണ്ടിനകത്തേക്കു പ്രവേശിച്ചാല്‍ അയാള്‍ക്കു തിരികെ കയറാനും പകരം മറ്റൊരു ബാറ്ററെ അയക്കാനും അനുവാദമില്ല.
ഇതു കാരണമാണ് ചഹല്‍ തിരികെ വന്ന് പകരം മുകേഷിനെ ബാറ്റിങിനു അയക്കാനുള്ള നീക്കം തടയപ്പെട്ടത്. തനിക്കു ഇനി തിരിച്ചുകയറാന്‍ സാധിക്കില്ലെന്നു വ്യക്തമായതോടെ ചഹല്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു ഓടുകയായിരുന്നു.
ആദ്യ ബോളില്‍ സിംഗിളെടുത്ത് അര്‍ഷ്ദീപിനു അദ്ദേഹം സ്‌ട്രൈക്ക് കൈമാറുകയും ചെയ്തു. പക്ഷെ പിന്നീട് ഒരു ബോള്‍ പോലും കളിയില്‍ ചഹലിനു ലഭിച്ചതുമില്ല. മുകേഷാവട്ടെ അഞ്ചാമത്തെ ബോളില്‍ അര്‍ഷ്ദീപ് റണ്ണൗട്ടായതോടെ ക്രീസിലെത്തുകയും ചെയ്തു. അവസാന ബോള്‍ നേരിട്ടത് മുകേഷായിരുന്നു. സിക്‌സറടിച്ചാല്‍ കളി ടൈയാക്കാമായിരുന്നു. പക്ഷെ സിംഗിളാണ് അദ്ദേഹത്തിനു നേടാനായത്.