വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടി20 മല്‍സരത്തിലും മികച്ചൊരു പ്രകടനത്തോടെ ടീം മാനേജ്‌മെന്റിന്റെയും സെലക്ടര്‍മാരുടെയും പ്രീതി പിടിച്ചുപറ്റാനുള്ള അവസരം കളഞ്ഞു കുളിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ഇതോടെ വാരാനിരിക്കുന്ന ഏഷ്യാ കപ്പ്, ഐസിസി ഏകദിന ലോകകപ്പ് ഇവയിലേക്കെല്ലാം അദ്ദേഹത്തെ പരിഗണിക്കുമോയെന്ന കാര്യവും സംശയമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി20യില്‍ ഏഴു ബോളില്‍ ഏഴു റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു. ഇടംകൈയന്‍ സ്പിന്നര്‍ അക്കീല്‍ ഹുസെയ്‌നെതിരേ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി വമ്പന്‍ ഷോട്ടിനു തുനിഞ്ഞ അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരന്‍ റണ്ണൗട്ടാക്കുകയായിരുന്നു. നേരത്തേ ആദ്യ ടി20യില്‍ റണ്ണൗട്ടായാണ് സഞ്ജു പുറത്തായത്.

ലഭിച്ചു കൊണ്ടിരിക്കുന്ന അവസരങ്ങള്‍ ഈ തരത്തില്‍ നഷ്ടപ്പെടുത്തുകയാണെങ്കില്‍ സഞ്ജുവിന് പിന്നീട് ഖേദിക്കേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.
സഞ്ജു സാംസണ്‍ ഒരു മോശം ഷോട്ട് കളിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ശുഭ്മന്‍ ഗില്‍ കളിയുടെ തുടക്കത്തിലാണ് ഇതു ചെയ്തതെങ്കില്‍ മധ്യ ഓവറിലാണ് സഞ്ജു മോശം ഷോട്ട് കളിച്ചത്. തെറ്റായ ബാറ്റിങ് പൊസിഷനാണ് സഞ്ജുവിനു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു താരത്തിന്റെ ആരാധകര്‍ക്കു പറയാം. പക്ഷെ മുന്‍നിരയില്‍ അദ്ദേഹത്തിന് കളിക്കാന്‍ ഒരു സ്ഥാനം ഒഴിവുണ്ടോ? ഇല്ലെങ്കില്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്നു ആകാശ് ചോപ്ര ചോദിക്കുന്നു.
അതുകൊണ്ടു തന്നെ സഞ്ജു സാംസണിനു മുന്നില്‍ രണ്ടു ഓപ്ഷനുകള്‍ മാത്രമേയുള്ളൂ. ഒന്നുകില്‍ കളിക്കുക, അല്ലെങ്കില്‍ കളിക്കാതിരിക്കുക. ഏതു പൊസിഷനില്‍ അവസരം ലഭിച്ചാലും കളിക്കുമ്പോള്‍ റണ്ണെടുക്കാന്‍ സഞ്ജു ശ്രമിക്കേണ്ടതുണ്ട്. അതു ചെയ്തില്ലെങ്കില്‍ അവര്‍ നിങ്ങളെ കളിപ്പിക്കാനും പോവുന്നില്ല.
കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജുവിനു മുന്നില്‍ 10 ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അതു നല്ലൊരു അവസരമായിരുന്നു. അവസരങ്ങള്‍ പരമാവധി മുതലെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ സഞ്ജുവിന് പിന്നീട് ഖേദിക്കേണ്ടതായി വരും. ഇതു അന്യായമായി തോന്നാം, പക്ഷെ ടീമില്‍ സ്ഥാനമൊഴിവില്ലെങ്കില്‍ എങ്ങനെ അതുണ്ടാക്കാന്‍ സാധിക്കുമെന്നും ചോപ്ര തുറന്നടിച്ചു.

ട്രിനിഡാഡിലെ ആദ്യ മല്‍സരത്തില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കും പിറകില്‍ ആറാം നമ്പറിലായിരുന്നു സഞ്ജു ബാറ്റ് ചെയ്തത്. കരിയറില്‍ ഭൂരിഭാഗവും ടോപ് ഓര്‍ഡറില്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിനു എന്തിനു ഈ റോള്‍ നല്‍കിയെന്നു വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. രണ്ടാം ടി20യില്‍ ഹാര്‍ദിക്കിനേക്കാള്‍ മുമ്പ് അഞ്ചാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ചിട്ടും സഞ്ജുവിന് തന്റെ റോളിനോടു നീതി പുലര്‍ത്താന്‍ സാധിച്ചില്ല.
പവര്‍പ്ലേയില്‍ ഇന്ത്യയുടെ മോശം ബാറ്റിങ് പ്രകടനം ഒരു ആശങ്കയായി മാറിയിരിക്കുകയാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ടി20യില്‍ ആദ്യത്തെ ആറോവറുകള്‍ ഇന്ത്യക്കു മറ്റൊരു തലവേദനയായി തീര്‍ന്നിരിക്കുകയാണ്. നമുക്ക് ഈ ഓവറുകളില്‍ പ്രതീക്ഷിച്ചതു പോലെ റണ്ണെടുക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ കളിയില്‍ ശുഭ്മന്‍ ഗില്‍ രണ്ട്-മൂന്ന് വലിയ ഷോട്ടുകള്‍ക്കു ശ്രമിക്കുകയും ഒന്നു സിക്‌സറാവുകയും ചെയ്തു. പിന്നാലെ പുറത്തുമായി.
ഇഷാന്‍ കിഷന്‍ ഒരുപാട് ശ്രമിച്ചെങ്കിലും ഒരു ബോളില്‍ ഒരു റണ്ണെന്ന നിലയിലാണ് മുന്നോട്ടു പോയത്. അതിനു ശേഷം ഔട്ടുമായി. സൂര്യകുമാര്‍ യാദവ് റണ്ണൗട്ടാവുകയും ചെയ്തു. ആ റണ്ണിനായുള്ള കോളിന് ഇഷാന്‍ കിഷന്‍ യേസ് പറഞ്ഞപ്പോള്‍ സൂര്യക്കു നോ പറയാമായിരുന്നു. സൂര്യ നോ പറഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നാവുമായിരുന്നു. അതൊരു നേരിട്ടുള്ള ത്രോയായിരുന്നു, പുറത്താവുകയും ചെയ്തതായും ചോപ്ര വിശദമാക്കി.