IND vs WI: അവസാന ടി20 പരമ്പരയില്‍ ഉള്‍പ്പെട്ടു, ഇപ്പോള്‍ ടീമിന് പുറത്ത്! 7 ഇന്ത്യക്കാരിതാ
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അജിത് അഗാര്‍ക്കര്‍ തലവനായ പുതിയ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്ത ആദ്യത്തെ ടീമാണിത്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന്റെ വേദികളിലൊന്ന് വെസ്റ്റ് ഇന്‍ഡീസാണ്. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യന്‍ ടി20 ടീമില്‍ പുതുമുഖങ്ങളായി യശ്വസി ജയ്‌സ്വാളും തിലക് വര്‍മയും ഇടം പിടിച്ചു.
പേസര്‍ മുകേഷ് കുമാര്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സഞ്ജു സാംസണ്‍ തിരിച്ചുവരവ് നടത്തി. ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ച റിങ്കു സിങ്ങും ജിതേഷ് ശര്‍മയും തഴയപ്പെട്ടു. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവുമുണ്ട്. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമവും അനുവദിച്ചു. മികച്ച ടീമിനെത്തന്നെയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്ത്യയുടെ അവസാന ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്ന 7 താരങ്ങളെയാണ് വിന്‍ഡീസ് ടി20 പരമ്പരയില്‍ നിന്ന് തഴഞ്ഞിരിക്കുന്നത്. 2023 ഫെബ്രുവരിയില്‍ ന്യൂസീലന്‍ഡിനെതിരേയായിരുന്നു ഇന്ത്യയുടെ അവസാന ടി20 പരമ്പര. ഇതില്‍ ഉള്‍പ്പെടുകയും എന്നാല്‍ വിന്‍ഡീസ് ടി20 ടീമില്‍ നിന്ന് തഴയപ്പെടുകയും ചെയ്ത 7 പേര്‍ ആരൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ താരം റുതുരാജ് ഗെയ്ക്‌വാദാണ്. ഐപിഎല്ലിലെ സിഎസ്‌കെയുടെ വിശ്വസ്തനായ ഓപ്പണറാണ് റുതുരാജ്. സ്ഥിരതയോടെ കളിക്കുന്ന താരം ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പടക്കം നേടിയിട്ടുണ്ട്. അവസാന സീസണില്‍ 590 റണ്‍സാണ് അദ്ദേഹം നേടിയത്. 147ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. കിവീസ് പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ തഴയപ്പെട്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരയില്‍ റുതുരാജുണ്ട്.

രണ്ടാമത്തെ താരം പൃഥ്വി ഷായാണ്. കിവീസ് പരമ്പരയില്‍ ഉള്‍പ്പെട്ട താരം വിന്‍ഡീസ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടിയ പൃഥ്വിയുടെ അവസാന ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനാണെങ്കിലും മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യ തഴയുകയായിരുന്നു. മൂന്നാമത്തെ താരം ദീപക് ഹൂഡയാണ്. സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡ ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടിയിട്ടുള്ളയാളാണ്.
എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയതാണ് ഹൂഡയുടെ സീറ്റ് നഷ്ടമാവാനുള്ള കാരണം. രാഹുല്‍ ത്രിപാഠിയാണ് തഴയപ്പെട്ട നാലാമന്‍. ടോപ് ഓഡറില്‍ വമ്പനടി കാഴ്ചവെക്കാന്‍ ശേഷിയുള്ള ത്രിപാഠിയുടെ അവസാന ഐപിഎല്‍ സീസണ്‍ മോശമായിരുന്നു. 13 മത്സരങ്ങളില്‍ നിന്ന് 273 റണ്‍സാണ് താരം നേടിയത്. ഇതോടെ ഇന്ത്യന്‍ ടീമിലെ ത്രിപാഠിയുടെ സ്ഥാനവും നഷ്ടമായിരിക്കുകയാണ്.
വാഷിങ്ടണ്‍ സുന്ദറാണ് മറ്റൊരാള്‍. സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദര്‍ പവര്‍പ്ലേയിലും ഡെത്തോവറിലും വിക്കറ്റുനേടാന്‍ മിടുക്കനാണ്. മികച്ച ഇക്കോണമിയില്‍ പന്തെറിയാന്‍ ശേഷിയുള്ള സുന്ദര്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ്. നിലവില്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സുന്ദര്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. പക്ഷെ വിന്‍ഡീസ് പരമ്പരയിലേക്ക് പരിഗണിക്കപ്പെട്ടില്ല. സമീപകാലത്ത് പരിക്ക് സുന്ദറിന് വില്ലനായിരുന്നു.
ജിതേഷ് ശര്‍മയാണ് മറ്റൊരാള്‍. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിന് പകരക്കാരനായെത്തിയ ജിതേഷ് ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസരം ലഭിക്കുമെന്ന് ജിതേഷ് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്. അവസാന ഐപിഎല്‍ സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ജിതേഷിനായിരുന്നു.
ശിവം മാവിയാണ് മറ്റൊരാള്‍. യുവ പേസര്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യാനും കഴിവുള്ളവനാണ്. കിവീസ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. അവസാന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം മാവിക്ക് അവസരം ലഭിച്ചിരുന്നില്ല. ഇതാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications