Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രോഹിത്തിന്റെ 'ത്യാഗം' വെറുതെയായി, ദേ കിടക്കുന്നു റുതുരാജ്, വന്‍ ഫ്‌ളോപ്പ്

കൊല്‍ക്കത്ത: വെയ്റ്റിങ് ലിസ്റ്റിലെ നീണ്ട കാത്തിരിപ്പിനു ശേഷമുള്ള തിരിച്ചുവരവില്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ഫ്‌ളോപ്പായി മാറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിലാണ് അദ്ദേഹത്തിനു ടീമിലേക്കു വിളി വന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്റെ സ്ഥിരം പൊസിഷനായ ഓപ്പണിങ് റുതുരാജിനു വിട്ടുകൊടുക്കുകയായിരുന്നു. ഇഷാന്‍ കിഷനും റുതുരാജും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയായിരുന്നു.

1

തനിക്കു വേണ്ടി രോഹിത് വഴിമാറിത്തന്നിട്ടും അതു മുതലാക്കാന്‍ റുതുരാജിനായില്ല. ഇന്ത്യന്‍ ടീമിലേക്കു ശക്തമായ മല്‍സരം നടക്കുന്നതിനാല്‍ മികച്ച പ്രകടനത്തിലൂടെ തന്റെ സാന്നിധ്യമറിയിക്കാനുള്ള മികച്ചൊരു അവസരം കൂടിയാണ് താരം പാഴാക്കിയത്. കെഎല്‍ രാഹുല്‍ ടീമിലേക്കു തിരിച്ചുവരാനിരിക്കെ റുതുരാജിന് ഓപ്പണിങില്‍ തിളങ്ങാനുള്ള മികച്ച അവസരമായിരുന്നു ലഭിച്ചത്. പക്ഷെ വെറും നാലു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. എട്ടു ബോളുകള്‍ നേരിട്ട റുതുരാജ് ഒരു ബൗണ്ടറിയോടെയാണ് ഇത്രയും റണ്ണെടുത്തത്. ശേഷിച്ച നാലു ബോളിലും താരത്തിനു റണ്ണെടുക്കാനായില്ല.

2

ജാസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ മൂന്നാമത്തെ ഓവറിലെ മൂന്നാമത്തെ ബോളിലാണ് റുതുരാജ് പുറത്തായത്. മികച്ചൊരു ഔട്ട്‌സ്വിങര്‍ താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. ലൈനിനു കുറുകെ ഷോട്ട് കളിക്കാനായിരുന്നു റുതുരാജിന്റെ ശ്രമം. പക്ഷെ ഷോട്ട് വളരെ നേരത്തേയെയായിപ്പോയി. ഉയര്‍ന്നുപൊങ്ങിയ ബോള്‍ തോര്‍ഡ്മാനില്‍ നേരെ കൈല്‍ മയേഴ്‌സിന്റെ കൈകളിലേക്കു വീഴുകയായിരുന്നു.

3

ഇന്ത്യയുടെ അവസാനത്തെ മൂന്ന് നിശ്ചിത ഓവര്‍ പരമ്പരകളിലും റുതുരാജ് ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഇവയിലെല്ലാം താരത്തിനു കാഴ്ചക്കാരന്റെ റോളായിരുന്നു. ന്യൂസിലാന്‍ഡ് (മൂന്ന് ടി20കളുടെ പരമ്പര), സൗത്താഫ്രിക്ക (മൂന്ന് ഏകദിനങ്ങളുടെ പരമ്പര), വെസ്റ്റ് ഇന്‍ഡീസ് (മൂന്ന് ഏകദിനങ്ങളുടെ പരമ്പര) എന്നിവയിലായിരുന്നു ഇത്. എന്നാല്‍ മൂന്നു ടി20കളുടെ പരമ്പരയില്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തഴയപ്പെട്ടെങ്കിലും മുന്നാമത്തേതില്‍ നറുക്കുവീണു. വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്കു വിശ്രമം നല്‍കിയതിനാല്‍ റുതുരാജിന് അവസരം ലഭിക്കുമെന്നുറപ്പായിരുന്നു. പക്ഷെ രോഹിത്തും ഇഷാനും ഓപ്പണിങിലുള്ളതിനാല്‍ എവിടെ കളിക്കുമെന്നതായിരുന്നു ചോദ്യം. രോഹിത്ത് തന്റെ പൊസിഷന്‍ വിട്ടുകൊടുത്തതോടെ റുതുരാജ് തന്റെ ഫേവറിറ്റ് റോളില്‍ തന്നെ ഇറങ്ങുകയും ചെയ്തു.

4

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലൂടെയായിരുന്നു രറുതുരാജ് ഗെയ്ക്വാദിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. ശിഖര്‍ ധവാനായിരുന്നു ഇന്ത്യയെ ടി20, ഏകദിന പരമ്പരകളില്‍ നയിച്ചത്. മുന്‍നിര ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ രണ്ടാംനിര ടീമിനെയാണ് ലങ്കയിലക്കു അയച്ചത്. രണ്ടു ടി20കളിലാണ് റുതുരാജിനു കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ പക്ഷെ താരത്തിനു ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല. 21, 14 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

5

പക്ഷെ അതിനു ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി റണ്‍മഴ പെയ്യിച്ച റുതുരാജ് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായ മാറി. സിഎസ്‌കെയെ നാലാം കിരീടവിജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 16 മല്‍സരങ്ങളില്‍ നിന്നും 45.33 ശരാശരിയില്‍ 635 റണ്‍സാണ് താരം അടിച്ചെടുത്തത്. ഐപിഎല്ലിനു ശേഷം ആഭ്യന്തര ക്രിക്കറ്റിലും റുതുരാജ് റണ്‍വേട്ട തുടര്‍ന്നു. കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും സെഞ്ച്വറിയടിച്ച താരം 150.75 ശരാശരിയില്‍ അടിച്ചെടുത്തത് 603 റണ്‍സാണ്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും റുതുരാജായിരുന്നു.

മൂന്നാം ടി20യിലെ പ്ലെയിങ് ഇലവന്‍

മൂന്നാം ടി20യിലെ പ്ലെയിങ് ഇലവന്‍

ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, രവി ബിഷ്‌നോയ്.

വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ്, കൈല്‍ മയേഴ്‌സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, റോസ്റ്റണ്‍ ചേസ്, റൊമാരിയോ ഷെഫേര്‍ഡ്, ഡൊമിനിക്ക് ഡ്രേക്ക്‌സ്, ഫാബിയന്‍ അലെന്‍, ഹെയ്ഡന്‍ വാല്‍ഷ്.

Story first published: Sunday, February 20, 2022, 20:10 [IST]
Other articles published on Feb 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+