
പരിക്കു കാരണം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍ ടി20 പരമ്പരയില്‍ കളിക്കുന്നില്ല. നേരത്തേ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നിന്നു വിട്ടുനിന്ന രാഹുല്‍ ശേഷിത്ത രണ്ടു കളികളിലും ടീമിലുണ്ടായിരുന്നു. മധ്യനിരയിലായിരുന്നു താരത്തെ ഇന്ത്യ പരീക്ഷിച്ചത്. മൂന്നാം ഏകദിനത്തിനിടെയേറ്റ പരിക്കു കാരണമാണ് ടി20 പരമ്പരയില്‍ നിന്നും രാഹുലിനു പിന്‍മാറേണ്ടി വന്നിരിക്കുന്നത്. പരിക്കു കാരണം വിശ്രമത്തിലായിരുന്ന ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടി20 പരമ്പരയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അദ്ദേഹത്തിനു ടി20യും നഷ്ടമായിരിക്കുകയാണ്

കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കു പകരം റുതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡയെയുമാണ് ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെടുത്തിരിക്കുന്നത്. റുതുരാജ് നേരത്തേ ഏകദിന പരമ്പരയ്ക്കുള്ള സംഘത്തിലുമുണ്ടായിരുന്നെങ്കിലും കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്നു വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു. ടി20 പരമ്പരില്‍ തനിക്കു കളിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാവും റുതുരാജ്. ഹൂഡയാവട്ടെ ഏകദിന പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറുകയും മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തിരുന്നു.

ഏകദിന പരമ്പരയുടെ ഭാഗമായിരുന്ന വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടി20 പരമ്പരയ്ക്കുള്ള ടീമിന്റെ ഭാഗമല്ല. ഇതോടെ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയുടെ സ്ഥാനത്തിനു വേണ്ടി രണ്ടു പേര്‍ തമ്മിലായിരിക്കും മല്‍സരം. ഒരാള്‍ റുതുരാജ് ഗെയ്ക്വാദാണെങ്കില്‍ മറ്റൊരാള്‍ ഇഷാന്‍ കിഷനായിരിക്കും.
മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്റെ ഓപ്പണിങ് ജോടിയായി ഇറങ്ങി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഇഷാന് മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. നേരത്തേ വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ രോഹിത്തും ഇഷാനും ചേര്‍ന്നായിരുന്നു ഓപ്പണ്‍ ചെയ്തത്.

മൂന്നാം നമ്പറില്‍ മുന്‍ നായകന്‍ വിരാട് കോലി തന്നെയിറങ്ങും. നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയ കോലിക്കു ടി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ. തുടര്‍ന്നും ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുന്നത് തുടര്‍ന്നാല്‍ അതു ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തിനു പോലും ഭീഷണിയായേക്കും.
നാലാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഊഴമായിരിക്കും. അഞ്ചാം നമ്പറിനു വേണ്ടി ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും തമ്മിലാവും പിടിവലി. മികച്ച ഫോമിലുള്ള സൂര്യക്കു നറുക്കുവീഴാനാണ് സാധ്യത. ശ്രേയസിനേക്കാള്‍ വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള മിടുക്കും അദ്ദേഹത്തിനുണ്ട്.

ആറാംസ്ഥാനത്തേക്കു രണ്ടു പേര്‍ തമ്മില്‍ പോര് മുറുകും. ഒരാള്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരും മറ്റൊരാള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയുമായിരിക്കും. ഇവരില്‍ ആരെ കളിപ്പിക്കുമെന്നത് ടീം മാനേജ്‌മെന്റിനു ശരിക്കും തലവേദനയാവും.
ഇന്ത്യക്കു വേണ്ടി ചുരുക്കം ചില മല്‍സരങ്ങളില്‍ കളിച്ച വെങ്കടേശിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഹൂഡയാവട്ടെ നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്നു.
ഏഴാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറായിരിക്കും ഇറങ്ങുക. അദ്ദേഹത്തിന്റെ സ്പിന്‍ ബൗളിങ് പങ്കാലിയായ യുസ്വേന്ദ്ര ചഹലായിരിക്കും അടുത്തയാള്‍.

പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരും ഫാസ്റ്റ് ബൗളര്‍മാരായി സംഘത്തിലുണ്ടെങ്കിലും ബാറ്റിങിലും കൂടി സംഭാവന ചെയ്യാന്‍ കഴിയുന്ന ചാഹറും ശര്‍ദ്ദുലുമായിരിക്കും ടീമിലേക്കു വരിക. നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ ന്യൂ ബോള്‍ ബൗളറായി മികച്ച പ്രകടനം നടത്തിയ സിറാജ് ഈ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യും.

ടി20യിലെ കണക്കുകളെടുത്താല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കം. ഇതുവരെ 17 മല്‍സസരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 10 എണ്ണത്തില്‍ വിജയം ഇന്ത്യക്കായിരുന്നു. വിന്‍ഡീസ് ആറു കളികളിലാണ് വിജയിച്ചത്. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

സാധ്യതാ ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍/ ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.
വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, റോസ്റ്റണ്‍ ചേസ്, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോമന്‍ പവെല്‍, ജാസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, ഒഡെയ്ന്‍ സ്മിത്ത്, അക്കീല്‍ ഹൊസെയ്ന്‍, ഷെല്‍ഡണ്‍ കോട്രെല്‍.


Click it and Unblock the Notifications











