മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അജിത് അഗാര്‍ക്കര്‍ തലവനായുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണെങ്കിലും ടി20യില്‍ കരുത്തുറ്റ താരനിര അവര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യ മികച്ച ടി20 ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. പ്രതീക്ഷിച്ച പല താരങ്ങളും ടീമിലേക്കെത്തുകയും ചെയ്തു.
എന്നാല്‍ ടീമിലിടം ഉറപ്പിച്ചിരുന്ന ചില താരങ്ങള്‍ തഴയപ്പെട്ടത് വളരെ നിരാശയുണ്ടാക്കി. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇവര്‍ക്ക് ടീമിലിടം ഉണ്ടാവുമെന്ന് എല്ലാവരും കരുതിയിരുന്നതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പരിഗണിക്കപ്പെട്ടില്ല. ഇത്തരത്തില്‍ ഇന്ത്യയുടെ ടി20 ടീമില്‍ ഇടം അര്‍ഹിക്കുകയും എന്നാല്‍ സെലക്ടര്‍മാര്‍ തഴയുകയും ചെയ്ത നാല് നിര്‍ഭാഗ്യവാന്മാരായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം റിങ്കു സിങ്ങാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് റിങ്കു കാഴ്ചവെച്ചത്. അവസാന രണ്ട് സീസണിലും തിളങ്ങിയ റിങ്കു ഇക്കഴിഞ്ഞ സീസണില്‍ ഒരോവറിലെ അഞ്ച് പന്തും സിക്‌സര്‍ പറത്തി ടീമിന് വിജയം നേടിക്കൊടുത്തു. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ ശേഷിയുള്ള റിങ്കു ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ളവനാണ്. 2024ലെ ടി20 ലോകകപ്പിന്റെ വേദികളിലൊന്ന് വെസ്റ്റ് ഇന്‍ഡീസാണ്.
അതുകൊണ്ടുതന്നെ ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കില്‍ റിങ്കുവിന് വിന്‍ഡീസ് പരമ്പരയില്‍ അവസരം നല്‍കേണ്ടതായിരുന്നു. എന്നാല്‍ റിങ്കുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സമയമായിട്ടില്ലെന്ന നിലപാടിലാണ് സെലക്ടര്‍മാര്‍. ഇതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ് താരമായ തിലക് വര്‍മയാണ് റിങ്കുവിനെ മറികടന്ന് ടി20 ടീമിലേക്കെത്തിയത്. തിലകിനെക്കാള്‍ മികച്ച പ്രകടനം റിങ്കു നടത്തിയിരുന്നു.

എന്നാല്‍ പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് തിലക്. അതുകൊണ്ടാവാം റിങ്കുവിനെക്കാള്‍ മുമ്പ് തിലകിന് ഇന്ത്യ അവസരം നല്‍കിയത്. എന്തായാലും ഇത് നിരാശപ്പെടുത്തുന്ന തീരുമാനമാണ്. 31 ഐപിഎല്ലില്‍ നിന്നായി 36.25 ശരാശരിയില്‍ 725 റണ്‍സാണ് റിങ്കു നേടിയത്. 142ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുണ്ട്.
രണ്ടാമത്തെ താരം റുതുരാജ് ഗെയ്ക്‌വാദാണ്. സിഎസ്‌കെയുടെ ക്ലാസിക് ഓപ്പണറാണ് റുതുരാജ്. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പടക്കം നേടിയിട്ടുള്ള റുതുരാജിനെ ഇന്ത്യ ടെസ്റ്റ്, ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ടി20 ടീമില്‍ നിന്ന് റുതുരാജിനെ പൂര്‍ണ്ണമായും തഴഞ്ഞു. ഇന്ത്യക്കായി 9 ടി20 കളിച്ച താരം 135 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ തഴയപ്പെട്ടിരുന്നു. എന്നാല്‍ തിരിച്ചുവരവിനുള്ള അവസരം റുതുരാജ് അര്‍ഹിച്ചിരുന്നു. പക്ഷെ ലഭിച്ചില്ല.
52 ഐപിഎല്ലില്‍ നിന്നായി 39 ശരാശരിയില്‍ 1797 റണ്‍സാണ് റുതുരാജ് നേടിയത്. 135.2 ആണ് സ്‌ട്രൈക്ക് റേറ്റ്. തഴയപ്പെട്ടതോടെ ടി20 ലോകകപ്പ് പദ്ധതികളിലും റുതുരാജിന് ഇടം ലഭിക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്താം. മൂന്നാമത്തെ താരം ജിതേഷ് ശര്‍മയാണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ തിളങ്ങിയ താരമാണ് ജിതേഷ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം മധ്യനിരയില്‍ ശോഭിക്കാന്‍ ശേഷിയുള്ളവനാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ അദ്ദേഹം ഇടം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലും ഇന്ത്യന്‍ ടീമിലെത്തുമെന്ന പ്രതീക്ഷ ജിതേഷ് പങ്കുവെച്ചിരുന്നു. ടി20 ലോകകപ്പ് കളിക്കാനായി നടത്തുന്ന മുന്നൊരുക്കങ്ങളെക്കുറിച്ചടക്കം അദ്ദേഹം സംസാരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
നാലാമത്തെ താരം മൊഹ്‌സിന്‍ ഖാനാണ്. ഇടം കൈയന്‍ പേസര്‍ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. അതി വേഗ പേസറെന്ന് പറയാനാവില്ലെങ്കിലും മികച്ച ലൈനും ലെങ്തുമുള്ള ബൗളറാണ് അദ്ദേഹം. ഇന്ത്യന്‍ ടീമില്‍ മികച്ച ഇടം കൈയന്‍ പേസറില്ലാത്തതിനാല്‍ത്തന്നെ മൊഹ്‌സിനെ ഇന്ത്യ വളര്‍ത്തേണ്ടതായിരുന്നു. പക്ഷെ തഴയപ്പെട്ടു.