Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അശ്വിന് മുന്നില്‍ ആന്‍ഡേഴ്‌സന്‍ വീണു! തകര്‍ന്നത് വന്‍ റെക്കോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം നിരവധി റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ കടപുഴക്കിയത്. അഞ്ചു വിക്കറ്റുകളുമായി അദ്ദേഹം വിന്‍ഡീസിന്റെ അന്തകനായി മാറിയിരുന്നു. അശ്വിന്റെ ചിറകിലേറി വിന്‍ഡീസിനെ ആദ്യദിനം തന്നെ 150 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടാക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ തഴയപ്പെട്ടതിന് കളിക്കളത്തില്‍ ഫൈഫറുമായി അശ്വിന്‍ ടീം മാനേജ്‌മെന്റിനു മറുപടി നല്‍കുകയായിരുന്നു.

24.3 ഓവറില്‍ ആറു മെയ്ഡനുകളുള്‍പ്പെടെ 60 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അശ്വിന്‍ അഞ്ചു പേരെ പുറത്താക്കിയത്. വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ടാഗെനരെയ്ന്‍ ചന്ദര്‍പോള്‍, അലിക്ക് അത്താന്‍സെ, അല്‍സാറി ജോസഫ്, ജോമല്‍ വറിക്കെന്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഇരകള്‍. ടെസ്റ്റ് കരിയറില്‍ ഇതു 33ാം തവണയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. 93 മല്‍സരങ്ങളില്‍ നിന്നാണിത്.

R ASHWIN

ഇംഗ്ലണ്ടിന്റെ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ റെക്കോര്‍ഡും അശ്വിന്‍ ഇതോടെ തകര്‍ത്തിരിക്കുകയാണ്. 32 ഫൈഫറുകളെന്ന ആന്‍ഡേഴ്‌സന്റെ റെക്കോര്‍ഡ് തിരുത്തിയാണ് അദ്ദേഹം എലൈറ്റ് ക്ലബ്ബില്‍ മുന്നേറ്റം നടത്തിയത്. ആന്‍ഡേഴ്‌സനു 181 ടെസ്റ്റുകളാണ് ഇത്രയും ഫൈഫറുകള്‍ക്കായി വേണ്ടത്.

എന്നാല്‍ വെറും 93 ടെസ്റ്റുകളിലാണ് അശ്വിന്റെ നേട്ടം. ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത രണ്ടാമത്തെ ഇന്ത്യന്‍ ബൗളര്‍ കൂടിയാണ് അദ്ദേഹം. 132 ടെസ്റ്റുകളില്‍ നിന്നും 35 ഫൈഫറുകളുമായി മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.

ഓസ്‌ട്രേലിയക്കെതിരേയാണ് അശ്വിന്‍ ഏറ്റവുമധികം തവണ (ഏഴു തവണ) അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് (ആറു തവണ), ന്യൂസിലാന്‍ഡ് (6), വെസ്റ്റ് ഇന്‍ഡീസ് (5), സൗത്താഫ്രിക്ക (5), ശ്രീലങ്ക (3), ബംഗ്ലാദേശ് (1) എന്നിങ്ങനെയാണ് മറ്റു ടീമുകള്‍ക്കെതിരായ പ്രകടനം.

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവുമധികം തവണ അഞ്ചു വിക്കറ്റുകളെടുത്ത ബൗളറെന്ന ലോക റെക്കോര്‍ഡ് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനു സ്വന്തമാണ്. 67 തവണയാണ് അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ കൊയ്തിരിക്കുന്നത്. മറ്റൊരു ബൗളറും മുരളിയുടെ ഏഴയലത്തു പോലുമില്ല. മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ വിസ്മയം ഷെയ്ന്‍ വോണാണ് ലിസ്റ്റിലെ രണ്ടാമന്‍.

R ASHWIN

145 ടെസ്റ്റുകളില്‍ നിന്നും 37 തവണയാണ് അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ കൊയ്തിരിക്കുന്നത്. ന്യൂസിലാന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്‌ലി (36), കുംബ്ലെ (35), ശ്രീലങ്കയുടെ രംഗന ഹെരാത്ത് (34) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. അശ്വിന്‍ ആറാമതാണ്. നേരത്തേ ഈ സ്ഥാനത്തുണ്ടായിരുന്ന ആന്‍ഡേഴ്‌സനെ അദ്ദേഹം പിന്തള്ളുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 700 വിക്കറ്റുകളെന്ന നാഴികക്കല്ലും വിന്‍ഡീസിനെതിരായ ആദ്യദിനം അശ്വിന്‍ കൈക്കലാക്കിയിരുന്നു. നേരത്തേ ഇന്ത്യക്കു വേണ്ടി മുന്‍ സ്പിന്‍ ഇതിഹാസങ്ങളായ കുംബ്ലെയ്ക്കും ഹര്‍ഭജന്‍ സിങിനും മാത്രമേ ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കാനായിട്ടുള്ളൂ. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇന്ത്യക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ബൗളറാണ് അശ്വിന്‍. നിലവില്‍ ടെസ്റ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറായ അദ്ദേഹം ഓള്‍റൗണ്ടര്‍മാരില്‍ ലോക രണ്ടാം നമ്പറുമാണ്.

ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയിലായിട്ടാണ് അശ്വിന്‍ 700 വിക്കറ്റുകള്‍ തികച്ചിരിക്കുന്നത്. ടെസ്റ്റിലാണ് അദ്ദേഹം ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്തിരിക്കുന്നത്. 700ല്‍ 477 വിക്കറ്റുകളും അശ്വിന്‍ ടെസ്റ്റില്‍ നിന്നും സ്വന്തമാക്കിയതാണ്. ഏകദിനത്തില്‍ 151ഉം ടി20യില്‍ 72ഉം വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ടെസ്റ്റില്‍ അശ്വിനെ മാറ്റിനിര്‍ത്തുക ഇന്ത്യക്കു അസാധ്യമാണ്.

Story first published: Thursday, July 13, 2023, 9:44 [IST]
Other articles published on Jul 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+