ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണിലെ ആദ്യ പരമ്പര വിജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-0നാണ് ഇന്ത്യ കൈക്കലാക്കിയത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 141 റണ്‍സിനും ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ രണ്ടാമങ്കം സമനിലയില്‍ കലാശിക്കുകയായിരുന്നു.
രണ്ടാം ടെസ്റ്റിലും ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും മഴ അപ്രതീക്ഷിത വില്ലനായി മാറിയതോടെ വിന്‍ഡീസ് സമനിലയോടെ രക്ഷപ്പെടുകയായിരുന്നു. പരമ്പരയില്‍ ഇന്ത്യയുടെ ചില താരങ്ങളുടെ പ്രകടനമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. വിരാട് കോലി, രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍ എന്നിവരെല്ലം ബാറ്റിങില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു.

പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരം ഈ മൂന്നു പേരുമല്ലെന്നും പ്ലെയര്‍ ഓഫ് ദി സീരീസായി മറ്റൊരാളെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍. ജിയോ സിനിമയുടെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെയാണ് ഏറ്റവും കേമനായി സഹീര്‍ ചൂണ്ടിക്കാട്ടിയത്.
പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും അപകടം വിതച്ചത് ആര്‍ അശ്വിനായിരുന്നു. ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് നേട്ടമടക്കം 15 വിക്കറ്റുകളാണ് നാലു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം പിഴുതത്. കൂടാതെ ബാറ്റിങില്‍ ഒരു ഫിഫ്റ്റി നേടുകയും ചെയ്തു. അശ്വിനെ സംബന്ധിച്ച് വളരെ ഗംഭീര പരമ്പര തന്നെയായിരുന്നു ഇത്.
വിരാട് കോലി, രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍ എന്നിവരെല്ലാം റണ്‍സ് നേടിയിരുന്നു. പക്ഷെ ഇന്ത്യക്കു പരമ്പരയില്‍ ഫലം നേടിത്തരാന്‍ സഹായിച്ചവരില്‍ ഏറ്റവും പ്രധാനപ്പെട്ടയാള്‍ അശ്വിനാണ്. എന്റെ മാന്‍ ഓഫ് ദി സീരീസ് അദ്ദേഹമാണെന്നും സഹീര്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ മാസം നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തഴയപ്പെട്ട അശ്വിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു വിന്‍ഡീസുമായുള്ള പരമ്പര. ഫൈനലില്‍ തന്നെ പുറത്തിരുത്തിയവര്‍ക്കു ഉജ്ജ്വല ബൗളിങിലൂടെ അദ്ദേഹം മറുപടി നല്‍കുകയായിരുന്നു. നാലു ഇന്നിങ്‌സുകളിലായി 90 ഓവറുകള്‍ ബൗള്‍ ചെയ്ത അശ്വിന്‍ 2.5 ഇക്കോണമി റേറ്റിലാണ് 15 വിക്കറ്റുകള്‍ വീഴ്ത്തിയത്.

ആദ്യ ടെസ്റ്റില്‍ 12 വിക്കറ്റുകള്‍ കടപുഴക്കിയ അദ്ദേഹം രണ്ടാം ടെസ്റ്റില്‍ മൂന്നു വിക്കറ്റുകളും നേടുകയായിരുന്നു. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്ത അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ പിഴുതത് ഏഴു വിക്കറ്റുകളായിരുന്നു. ഇന്ത്യയെ ഇന്നിങ്‌സ് ജയത്തിലേക്കു നയിച്ചതും അദ്ദേഹത്തിന്റെ മാരക സ്‌പെല്ലായിരുന്നു.
ബൗളിങില്‍ മികച്ചുനിന്നത് അശ്വിനായിരുന്നെങ്കില്‍ ബാറ്റിങ്ങില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് കന്നി പരമ്പര കളിച്ച യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരുന്നു. പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്തതും അദ്ദേഹമായിരുന്നു.
മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും താരം അടിച്ചെടുത്തത് 266 റണ്‍സാണ്. 88.66 ശരാശരിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. അരങ്ങേറ്റ ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 171 റണ്‍സായിരുന്നു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയും താരം നേടി.