Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടി20 ടീം നോക്കൂ, മൂന്നു കാര്യങ്ങള്‍ വ്യക്തം, രണ്ടു പേരുടെ കരിയര്‍ തീര്‍ന്നു!

വെസ്റ്റ് ഇന്‍ഡീസുമായുളള അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കായി ഇന്ത്യയുടെ 15 അംഗ സംഘത്തെ തിരഞ്ഞെടുത്തിരിക്കുകയാണ്. പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി അജിത് അഗാര്‍ക്കര്‍ വന്ന് തൊട്ടടുത്ത ദിവസം തന്നെയാണ് ടീമിന്റെയും പ്രഖ്യാപനം വന്നത്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കസറിയ പല യുവതാരങ്ങളും ടി20 ടീമിന്റെ ഭാഗമാവുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. പക്ഷെ വെറും രണ്ടു പുതുമുഖങ്ങളെ മാത്രമേ സെലക്ഷന്‍ കമ്മിറ്റി ടീമിലെടുത്തുള്ളൂ.

യശസ്വി ജയ്‌സ്വാളും തിലക് വര്‍മയുമായിരുന്നു ടീമിലെ പുതുമുഖങ്ങള്‍. റിങ്കു സിങിനു തീര്‍ച്ചയായും ടീമില്‍ സ്ഥാനമുണ്ടാവുമെന്നു എല്ലാവരും പ്രതീക്ഷിച്ചെങ്കിലും സെലക്ഷന്‍ കമ്മിറ്റി താരത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. റിങ്കുവിനെക്കൂടാതെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി മിന്നിച്ച യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്കും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല.

HARDIK PANDYA

ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ്. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ നോക്കുകയാണെങ്കില്‍ മൂന്നു സൂചനകളാണ് നമുക്കു അതു നല്‍കുന്നത്. ഇതു എന്തൊക്കെയാണെന്നു പരിശോധിക്കാം. റിസ്റ്റ് സ്പിന്നര്‍മാര്‍ക്കു അവരുടെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും വലിയ വേദിയായിരിക്കും വെസ്റ്റ് ഇന്‍ഡീസെന്നു ടീം പ്രഖ്യാപനത്തിലൂടെ വ്യക്തമായിരിക്കുകയാണ്.

കാരണം മൂന്നു റിസ്റ്റ് സ്പിന്നര്‍മാരെയാണ് ഇന്ത്യന്‍ സംഘത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ ആരാണ് ബെസ്റ്റെന്നു ഈ പര്യടനത്തില്‍ ഇന്ത്യക്കു അറിയേണ്ടതുണ്ട്. മൂന്നു റിസ്റ്റ് സ്പിന്നര്‍മാരെയും ഒരുമിച്ച് കളിപ്പിക്കുകയെന്നത് ഒരു ടീമിനെ സംബന്ധിച്ചും പ്രായോഗികമായ കാര്യമല്ല.

ചിലപ്പോള്‍ രണ്ടു പേരെ പോലും ഇന്ത്യ ഒരുമിച്ച് ഇറക്കിയേക്കില്ല. കാരണം ബാറ്റിങില്‍ ആശ്രയിക്കാവുന്നവരല്ല മൂന്നു പേരും. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ് എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ റിസ്റ്റ് സ്പിന്നര്‍മാര്‍. ഇവരില്‍ കുല്‍ദീപിനും ബിഷ്‌നോയിക്കും പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴാനാണ് സാധ്യത.

കുറച്ചു കാലമായി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ചഹലിന്റെ പ്രകടനം അത്ര മികച്ചതല്ല. എങ്കിലും താരത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്ന സൂചനയാണ് ടീമില്‍ നിലനിര്‍ത്തിയതിലൂടെ സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. പരമ്പരയില്‍ അഞ്ചു മല്‍സരങ്ങളുള്ളതിനാല്‍ ഒരുപക്ഷെ ചഹലിനു ചില മല്‍സരങ്ങളില്‍ അവസരം കിട്ടിയേക്കും.

പുതിയ ഫാസ്റ്റ് ബൗളര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കമാണ് വിന്‍ഡീസ് പര്യടനത്തിലെ ടീം നല്‍കുന്ന അടുത്ത സൂചന. മുന്‍നിര പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരൊന്നും ടി20 പരമ്പരയില്‍ കളിക്കുന്നില്ല. അതുകൊണ്ടു തന്നെ പുതിയൊരു പേസ് ബൗളിങ് ലൈനപ്പ് നമുക്ക് കാണാന്‍ സാധിക്കും. അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് നാലു സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാര്‍.

ARSHDEEP SINGH

മൂന്നു പേരെ പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. കാരണം ആരും തന്നെ ബാറ്റിങില്‍ സംഭാവന ചെയ്യാന്‍ ശേഷിയുള്ളവരല്ല. അതുകൊണ്ടു തന്നെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇലവനിലെ മൂന്നാമത്തെ പേസറാവുക.

ഇതു ഇലവനിലെത്തുന്ന രണ്ടു ഫാസ്റ്റ് ബൗളര്‍മാര്‍ക്കു കളിയുടെ വ്യത്യസ്ത ഘട്ടങ്ങളില്‍ ബൗള്‍ ചെയ്യാനും കഴിവ് തെളിയിക്കാനും അവസരമൊരുക്കുകയും ചെയ്യും. അര്‍ഷ്ദീപായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചേക്കുക. രണ്ടാമത്തെ പേസറുടെ സ്ഥാനത്തേക്കു ഉമ്രാന്‍, ആവേശ്, മുകേഷ് എന്നിവര്‍ തമ്മിലായിരിക്കും മല്‍സരം.

ഇന്ത്യയുടെ രണ്ടു ഇതിഹാസ ബാറ്റര്‍മാരുടെ ടി20 കരിയര്‍ അവസാനിച്ചിരിക്കുകയാണെന്ന സൂചനയും വിന്‍ഡീസ് പര്യടനത്തിലെ ടീം നല്‍കുന്നു. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയുമാണ് ഈ രണ്ടു പേര്‍. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകപ്പിനു ശേഷം ഇരുവരും ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല.

ലോകകപ്പിനു ശേഷം മൂന്നു ടി20 പരമ്പകളിലായിരുന്നു ഇന്ത്യ കളിച്ചത്. ഇവയിലെല്ലാം രോഹിത്തും കോലിയും പുറത്തായിരുന്നു. ഇപ്പോള്‍ വിന്‍ഡീസ് പര്യടനത്തിലും ഒഴിവാക്കപ്പെട്ടതോടെ ഇനിയൊരിക്കലും ഇവര്‍ ടി20യില്‍ കളിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട പുതിയൊരു യുവനിരയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യയുടെ ശ്രമം. ലോകകപ്പ് പ്ലാനില്‍ രോഹിത്തും കോലിയും ഉള്‍പ്പെടുകയും ചെയ്തിട്ടില്ല.

Story first published: Thursday, July 6, 2023, 19:15 [IST]
Other articles published on Jul 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+