വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടി20 മല്‍സരത്തിലും ടീം ഇന്ത്യ നാണംകെട്ടതിനു പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ നേരിട്ടു കൊണ്ടിരിക്കുന്നത്. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള ചില മോശം തീരുമാനങ്ങളാണ് ടീമിന്റെ പരാജയത്തിനു കാരണമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ചും നിര്‍ണായകമായ 18ാമത് ഓവര്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനു നല്‍കാതെ മുകേഷ് കുമാറിനു നല്‍കിയത് ഹാര്‍ദിക്കിന്റെ ഏറ്റവും വലിയ പിഴവായി വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു.
ടീമിന്റെ വീഴ്ചയില്‍ പഴി മുഴുവന്‍ ഹാര്‍ദിക് ഏറ്റുവാങ്ങുമ്പോള്‍ യഥാര്‍ഥത്തില്‍ രക്ഷപ്പെട്ടു പോവുന്ന മറ്റൊരാളുണ്ട്- അതു വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ കിഷനാണ്. വിക്കറ്റിനു പിന്നില്‍ ഇഷാന്റെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവാണ് ഇന്ത്യന്‍ തോല്‍വിയുടെ പ്രധാന കാരണം. ഒരുപക്ഷെ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തു സഞ്ജു സാംസണോ മറ്റോ ആയിരുന്നെങ്കില്‍ ഇന്ത്യ കളി ജയിക്കുമായിരുന്നു.

ഏതു ഫോര്‍മാറ്റ് എടുത്താലും വിക്കറ്റ് കീപ്പര്‍ക്കു ടീമില്‍ വളരെ പ്രധാനപ്പെട്ട റോളാണുള്ളത്. ഗ്രൗണ്ടില്‍ കളിയെ ഏറ്റവും നന്നായി വായിച്ചെടുക്കാനും ഓരോ ബൗളറുടെയും പന്തുകളെയും മനസ്സിലാക്കാനും സാധിക്കുന്നയാളായിരിക്കണം വിക്കറ്റ് കീപ്പര്‍.
പലപ്പോഴും നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് കീപ്പറുടെ സഹായം ക്യാപ്റ്റന് ആവശ്യമായി വരികയും ചെയ്യാറുണ്ട്. വിന്‍ഡീസുമായുള്ള രണ്ടാം ടി20യിലേക്കു വന്നാല്‍ ഹാര്‍ദിക്കിനെ സഹായിക്കാനുള്ള നല്ലൊരു അവസരം ഇഷാനു ലഭിച്ചിരുന്നു. പക്ഷെ താരത്തിനു അതിനു കഴിയാതെ പോയത് ടീമിനു തിരിച്ചടിയാവുകയും ചെയ്തു.
വിന്‍ഡീസിന്റെ റണ്‍ചേസില്‍ എട്ടാമത്തെ ഓവറിലായിരുന്നു കളിയിലെ ടേണിങ് പോയിന്റ് ആവേണ്ടിയിരുന്ന നിമിഷം ഇഷാന്റെ പിഴവ് കാരണം ഇന്ത്യ കൈവിട്ടു കളഞ്ഞത്. നിക്കോളാസ് പൂരനും വിന്‍ഡീസ് നായകന്‍ റോവ്‌മെന്‍ പവെലുമായിരുന്നു ക്രീസില്‍. ബൗള്‍ ചെയ്തത് രവി ബിഷ്‌നോയിയും. വിന്‍ഡീസ് മൂന്നു വിക്കറ്റിനു 68 റണ്‍സെന്ന നിലയിലുമായിരുന്നു. ഓവറിലെ ആദ്യ ബോളില്‍ പൂരന്‍ സിംഗിളെടുത്തു.
തുടര്‍ന്നു സ്‌ട്രൈക്ക് നേരിട്ടത് പവെല്‍. ഒരു ഗൂഗ്ലിയായിരുന്നു ബിഷ്‌നോയ് പരീക്ഷിച്ചത്. അതു പ്രതിരോധിക്കാന്‍ ശ്രമിച്ച പവെലിനു പാളി. പിച്ച് ചെയ്തു അകത്തേക്കു കയറിയ ബോള്‍ ഇടതു കാലിലെ പാഡിലാണ് പതിച്ചത്. പിന്നാലെ ബിഷ്‌നോയിയുടെയും ഇഷാന്റെയും എല്‍ബിഡബ്ല്യു അപ്പീല്‍.
പക്ഷെ നോട്ടൗട്ടെന്നായിരുന്നു അംപയറുടെ കോള്‍. ഇന്ത്യയാവട്ടെ അതു റിവ്യു എടുക്കാന്‍ ശ്രമിച്ചതുമില്ല. ബിഷ്‌നോയ്‌ക്കെതിരേ മോശം റെക്കോര്‍ഡാണ് പവെലിന്റേത്. ഐപിഎല്ലിലുള്‍പ്പെടെ പല തവണ അദ്ദേഹത്തെ ബിഷ്‌നോയ് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.
വിക്കറ്റ് കീപ്പറെന്ന നിലയില്‍ ആ ബോളിന്റെ മൂവ്‌മെന്റും ഉയരവുമെല്ലാം ഏറ്റവും നന്നായി മനസ്സിലാക്കാന്‍ സാധിക്കുന്നയാള്‍ ഇഷാനായിരുന്നു. പക്ഷെ സാധാരണ രീതിയിലുള്ള ഒരു അപ്പീലിനപ്പുറം ഒന്നും ഇഷാന്റെ ഭാഗത്തു നിന്നുണ്ടായില്ല. അദ്ദേഹം ഉടന്‍ തന്നെ ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ അടുത്തേക്കു വന്ന് റിവ്യു എടുക്കേണ്ടത് ആവശ്യമാണെന്നു ബോധ്യപ്പെടുത്തുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

കൂടാതെ ബൗളറായ ബിഷ്‌നോയിയുമായി ഈ ബോളിനെക്കുറിച്ച് സംസാരിക്കാനോ, അതു വഴി ഹാര്‍ദിക്കിനെയും റിവ്യു എടുക്കാന്‍ പ്രേരിപ്പിക്കാനോ ശ്രമിച്ചില്ല. വെറുമൊരു അപ്പീല്‍ കൊണ്ട് ആ ബോള്‍ എല്ലാവരും മറക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ബോള്‍ ട്രാക്കിങ് വീഡിയോ പുറത്തു വന്നതോടെയാണ് ബോള്‍ സ്റ്റംപുകളില്‍ പതിക്കുമായിരുന്നെന്നും റിവ്യു വിളിച്ചിരുന്നെങ്കില്‍ പവെലിന്റെ വിക്കറ്റ് ഇന്ത്യക്കു ലഭിക്കുമായിരുന്നെന്നും വ്യക്തമായത്.
പവെല്‍ അപ്പോള്‍ ആറു ബോളില്‍ നാലു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ഇഷാന്റെ വലിയ അബദ്ധം കാരണം ആയുസ്സ് നീട്ടിക്കിട്ടിയ പവെല്‍ പിന്നീട് 19 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 21 റണ്‍സ് നേടിയാണ് പുറത്തായത്. നാലാം വിക്കറ്റില്‍ പൂരനോടൊപ്പം 57 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.
മല്‍സരം ഇന്ത്യയില്‍ നിന്നും കൈവിട്ടു പോയതും ഇതോടെയായിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇഷാനെ പൂര്‍ണമായി ആശ്രയിക്കാന്‍ സാധിക്കില്ലെന്നും താരം ഇനിയുമേറെ മെച്ചെടാനുണ്ടെന്നുമാണ് ഈ പിഴവ് തെളിയിക്കുന്നത്.