ഇഷാന് ടി20 പറ്റില്ല, എടുത്ത് പുറത്തുകളയൂ! പകരം അവന്‍ ഓപ്പണറാവട്ടെ- ജാഫര്‍ പറയുന്നു
വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ ടീം ഇന്ത്യ നിര്‍ണായകമായ രണ്ടാമത്തെ മല്‍സരത്തിനു തയ്യാറെടുക്കവെ പ്ലെയിങ് ഇലവനില്‍ മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഓപ്പണിങ് കോമ്പിനേഷനില്‍ ഇന്ത്യ മാറ്റം വരുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ട്രിനിഡാഡില്‍ നടന്ന ആദ്യ ടി20യില്‍ ശുഭ്മന്‍ ഗില്ലും ഇഷാന്‍ കിഷനും ചേര്‍ന്നായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്.
രണ്ടു പേരും ബാറ്റിങില്‍ തികഞ്ഞ പരാജയമായി മാറുകയും ചെയ്തു. ഇഷാന്‍ ആറു റണ്‍സിനും ഗില്‍ മൂന്നു റണ്ണിനും പുറത്താവുകയായിരുന്നു. ഇഷാനെ ഓപ്പണിങ് സ്ഥാനത്തു നിന്നും മാറ്റണമെന്നാണ് ജാഫര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ഇനിയും അരങ്ങേറിയിട്ടില്ലാത്ത മറ്റൊരു ഇടംകൈയന്‍ ബാറ്ററായ യശസ്വി ജയ്‌സ്വാളിനു അവസരം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരിക്കുകയാണ്.

യശസ്വി ജയ്‌സ്വാളിനെ ടീമില്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ ഓപ്പണിങ് ബാറ്ററായി കളിക്കണം. ഇഷാന്‍ കിഷനെ ഒഴിവാക്കി പകരം ജയ്‌സ്വാള്‍ ടീമില്‍ വേണമെന്നും ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ ജാഫര്‍ അഭിപ്രായപ്പെട്ടു.
ടി20യില്‍ ഇഷാന്‍ കിഷന്റെ ഫോം എന്നെ അലട്ടുന്നു. അവസാനത്തെ 15 ടി20 ഇന്നിങ്‌സുകളെടുത്താല്‍ അവന്‍ 40 റണ്‍സ് പോലും ഒന്നിലും നേടിയിട്ടില്ല. കൂടാതെ സ്‌ട്രൈക്ക് റേറ്റും വളരെ കുറവാണ്. ഇതു തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.
പക്ഷെ ഏകദിനത്തില്‍ ഇഷാന്‍ മികച്ച ഫോമിലാണ്. ടി20 വളരെ വ്യത്യസ്തമായ ഫോര്‍മാറ്റാണ്. കഴിഞ്ഞ ഐപിഎല്ലിലും ഇഷാന്‍ ശരാശരി പ്രകടനമായിരുന്നു നടത്തിയതെന്നും വസീം ജാഫര്‍ വിലയിരുത്തി.
കഴിഞ്ഞ മാസം വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലൂടെ ജയ്‌സ്വാള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറിയിരുന്നു. കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ 171 റണ്‍സുമായി കസറുകയും ചെയ്തു. ഈ കളിയില്‍ ഇന്ത്യ വമ്പന്‍ ജയം കൊയ്തപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ജയ്‌സ്വാളിനായിരുന്നു.

കഴിഞ്ഞ ഐപിഎല്ലിലെ മിന്നുന്ന പ്രകടനമാണ് താരത്തിനു വിന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ ഇടം നേടിക്കൊടുത്തത്. സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 163.61 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 625 റണ്‍സ് ജയ്‌സ്വാള്‍ വാരിക്കൂട്ടിയിരുന്നു.
ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമുള്‍പ്പെടെയായിരുന്നു ഇത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ അണ്‍ക്യാപ്ഡ് പ്ലെയറെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള ഒരു താരത്തിന് എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലും അവസരം നല്‍കുന്നില്ലെന്നു ജാഫര്‍ ചോദിക്കുന്നു.
ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം കഴിഞ്ഞ തവണ നേടിയ താരമാണ് ജയ്‌സ്വാള്‍. അവന്‍ വലിയ ആത്മവിശ്വാസത്തിലുമാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള മല്‍സരത്തില്‍ ഇഷാനു പകരം ജയ്‌സ്വാള്‍ വരുമെന്ന പ്രതീക്ഷയിലാണ് താനെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇഷാന്‍ കിഷന്റെ ടി20 കരിയറെടുത്താല്‍ അതു അത്ര മികച്ചതല്ലെന്നു കണക്കുകള്‍ അടിവരയിടുന്നു. ഏകദിനത്തില്‍ അദ്ദേഹത്തിനു 46.27 എന്ന മോശമല്ലാത്ത ബാറ്റിങ് ശരാശരിയുണ്ടെങ്കില്‍ ടി20യിലെ ശരാശരി 24.41 മാത്രമാണ്. ഇന്ത്യക്കു വേണ്ടി 28 ടി20കളിലാണ് ഇഷാന്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും നേടിയത് 659 റണ്‍സുമാണ്. നാലു ഫിഫ്റ്റികള്‍ മാത്രമേ താരത്തിന്റെ പേരിലുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ 89 റണ്‍സാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications